50 നോമ്പ് ധ്യാനം 30: ബഥാനിയ – അത്ഭുതത്തിന്റെ സ്ഥലം

സുവിശേഷത്തില്‍ ക്രിസ്തുവിന്റെ ജീവിതയാത്രയില്‍ തെളിമയോടെ നില്‍ക്കുന്ന ഒരു സ്ഥലനാമമാണ് ബഥാനിയ. നാല് സുവിശേഷങ്ങളിലും ബഥാനിയ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഈ നോമ്പുകാലത്തില്‍ നമുക്ക് ബഥാനിയ എന്ന നാമം നമ്മുടെ മനസ്സില്‍ കുറിച്ചിട്ടുപോകുന്ന ഒരു സുവിശേഷഭാഗത്തോട് ചേര്‍ത്തുവായിച്ച് ധ്യാനിക്കാം.

യോഹന്നാന്റെ സുവിശേഷം 11-ാം അധ്യായത്തില്‍ ലാസറിന്റെ മരണവും ഉയിര്‍പ്പുമായി ബന്ധപ്പെട്ടാണ് ബഥാനിയ നമ്മുടെ മനസ്സില്‍ കൂടുതല്‍ ദീപ്തമാകുന്നത്. ബഥാനിയ എന്ന വാക്കിന്റെ അര്‍ത്ഥം ‘ദുരിതങ്ങളുടെ ഭവനം’ (House of miseries) എന്നാണ്. പക്ഷേ, യോഹന്നാന്റെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്ന ഈ സംഭവത്തില്‍ ബഥാനിയ ദുരന്തത്തിന്റെ അടയാളമല്ല. മറിച്ച്, ദുരന്തത്തെയും മറികടക്കുന്ന അത്ഭുതത്തിന്റെ സ്ഥലമാണ്.

‘വഴിയും സത്യവും ജീവനും ഞാനാകുന്നു’ എന്നു പറഞ്ഞ ക്രിസ്തുവിന്റെ അസ്തിത്വത്തെ ഒന്നുകൂടി ഉറപ്പിക്കുന്ന സംഭവം നടക്കുന്നത് ബഥാനിയായിലാണ്. മരിച്ച ലാസറിനെ ഉയര്‍പ്പിക്കുന്ന ക്രിസ്തുവിനെയാണ് നമ്മള്‍ ഇവിടെയാണ് കാണുന്നത്. മരണത്തിന്റെ ഇരുളില്‍ നിന്ന് ഉയിര്‍പ്പിന്റെ വെളിച്ചത്തിലേക്ക് യേശു ലാസറിനെ നയിക്കുകയാണ്. ലാസറിനെ മാത്രമല്ല, ഇരുളില്‍ കഴിയുന്ന എല്ലാവരെയും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. ദുരിതങ്ങളുടെ ഭവനത്തെ അവിടുന്ന് ആനന്ദത്തിന്റെ ഭവനമാക്കുന്നു.ഏതു ദുരന്തത്തെയും ആനന്ദമാക്കുന്നവന്‍ അവനാണെന്ന തിരിച്ചറിവ് നമ്മളെയും കൂടുതല്‍ കരുത്തുള്ളവരാക്കും എന്നത് തീര്‍ച്ചയാണ്.

ആനന്ദഭവനത്തിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ളവനുള്ളപ്പോള്‍ നാം എന്തിന് ദുരിതങ്ങളുടെ ഭവനത്തില്‍ കഴിയുന്നുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
പീഡാനുഭവത്തിലേക്ക് നടന്നടുക്കുന്ന ക്രിസ്തുവിന് ആ ബലം ആവശ്യമായിരുന്നു. കാരണം, കുരിശില്‍ മരണപ്പെടും എന്ന് ഉറപ്പുള്ളവന്, നിന്നെ ഞാന്‍ ഉയിര്‍പ്പിക്കും എന്നുപറയുന്ന പിതാവായ ദൈവത്തിന്റെ ഉറപ്പ് നല്‍കുന്ന ആത്മവിശ്വാസം അപാരമാണ്. ബഥാനിയ ക്രിസ്തുവിനും ക്രിസ്തുവിനെന്നതുപോലെ നമുക്കും നല്‍കുന്ന ഒരു ബലമുണ്ട്. ദുരിതങ്ങള്‍ക്കും വേദനകള്‍ക്കുമപ്പുറം സന്തോഷത്തിന്റെ പച്ചത്തുരുത്തുകള്‍ ഉണ്ടെന്നും മരണത്തിനപ്പുറം പുതുജീവിതത്തിന്റെ വസന്തമുണ്ടെന്നുമുള്ള ഒരു ബലം.

സങ്കടങ്ങളില്‍ ക്രിസ്തു വരുമെന്നും അത്ഭുതങ്ങളുടെ വാതില്‍ തുറക്കുമെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് ‘ദുരിതങ്ങളുടെ ഭവനം’ എന്നറിയപ്പെടുന്ന ബഥാനിയ നല്‍കുന്നത്. പീഡാനുഭവങ്ങളെയും ദുരിതങ്ങളെയും മരണത്തെപ്പോലും മറികടക്കുന്നവന്‍ നിന്റെയും എന്റെയും ഒക്കെ ജീവിതത്തിലേക്ക് വരുമെന്ന തിരിച്ചറിവ് സങ്കടങ്ങളില്‍ തളരാതിരിക്കാനുള്ള ബലമാണ്.

ക്രിസ്തുവിന് ഒരുക്കപ്പെട്ടിരിക്കുന്ന പീഡാനുഭവങ്ങളുടെ ജറുസലേമിലേക്ക് അവന്‍ പോകുന്നത് ബഥാനിയ വഴിയാണ്. ദുരിതങ്ങളുടെ ഭവനത്തെ പുതുജീവന്റെ ഭവനമാക്കാന്‍ അവന് കഴിയും. നമ്മുടെ ദുരിതങ്ങളുടെ ഭവനങ്ങളിലൂടെയും ക്രിസ്തു യാത്ര ചെയ്യുന്നുണ്ട്. അവന് ഒരുക്കപ്പെട്ടിരിക്കുന്ന പീഡാനുഭവങ്ങളുടെ ജറുസെലേമിലേക്കും പിന്നെ അവിടുന്ന് ഉത്ഥാനത്തിലേക്കും. നമ്മുടെയും വഴി അതാണ്; ക്രിസ്തുവിനോടൊപ്പം പീഡാനുഭവങ്ങളിലൂടെ കുരിശിലേക്കും പിന്നെ അവനോടൊപ്പം ഉത്ഥാനത്തിലേക്കും.

ഫാ. എബി നെടുങ്കളം