നോമ്പിലെ അമ്പത് മാലാഖമാർ 07: തീക്ഷ്ണതയുടെ മാലാഖ

നോമ്പ് തീക്ഷ്ണതയുടെ കാലഘട്ടമാണ്. ദൈവം മനുഷ്യനെ തീക്ഷ്ണമായി സ്നേഹിച്ചതിൻ്റെയും മനുഷ്യൻ തീക്ഷ്ണമായി ദൈവത്തെ സ്നേഹിക്കാൻ പരിശ്രമിക്കുന്നതിൻ്റെയും സമാഗമകാലം. പഴയ നിയമത്തിൽ സംഖ്യയുടെ പുസ്തകം ഇരുപത്തി അഞ്ചാം അധ്യായത്തിൽ, ദൈവതിരുമുമ്പിൽ തീക്ഷ്ണതയോടെ പ്രവർത്തിച്ച അഹറോൻ്റ കൊച്ചുമകൻ ഫിനെഹാസിനുമായി ദൈവം സമാധാനത്തിൻ്റെ ഉടമ്പടി സ്ഥാപിക്കുന്നു. ആ ഉടമ്പടി അവനും അവനുശേഷം അവൻ്റെ സന്തതികള്‍ക്കും നിത്യപൗരോഹിത്യത്തിൻ്റെ ഉടമ്പടിയായിത്തീരുന്നു. അതിനുള്ള  കാരണം, അവന്‍ തൻ്റെ ദൈവത്തിനുവേണ്ടി തീക്ഷ്‌ണത കാണിക്കുകയും ഇസ്രായേല്‍ ജനത്തിനുവേണ്ടി പ്രായശ്‌ചിത്തം അനുഷ്‌ഠിക്കുകയും ചെയ്‌തു എന്നതാണ്.

നോമ്പിലെ ഏഴാം നാൾ തീക്ഷ്ണതയുടെ മാലാഖ നമ്മുടെ കാതുകളിൽ മന്ത്രിക്കുക ബാറൂക്ക് പ്രവാചകൻ്റെ ഈ വാക്കുകളാണ്: “ദൈവത്തില്‍ നിന്ന്‌ അകലാന്‍ കാണിച്ചതിൻ്റെ പത്തിരട്ടി തീക്‌ഷ്‌ണതയോടെ തിരിച്ചുവന്ന്‌ അവിടുത്തെ തേടുവിന്‍” (ബാറൂക്ക്‌ 4:28).

നമുക്കു പ്രാർത്ഥിക്കാം. ഈശോയേ, തീക്ഷ്ണതയുള്ള ഹൃദയം നൽകി എന്നെ അനുഗ്രഹിക്കണമേ.