‘കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക്’ – നോമ്പുകാല വിചിന്തനങ്ങൾ

‘ഒരിടം തരണേ’ യ്ക്കു ശേഷം ‘കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക്’ – നോമ്പുകാല വിചിന്തനങ്ങൾ.

വീണ്ടും ഒരുക്കത്തിന്റെ ദിനങ്ങള്‍! നോമ്പിന്റേയും ഉപവാസത്തിന്റേയും പ്രാര്‍ത്ഥനയുടേയും പ്രായശ്ചിത്ത പ്രവൃത്തികളുടേയും കാലഘട്ടം. ദൈവകരുണയാല്‍ നവീകരിക്കപ്പെടുന്നതിനും ദൈവകരുണയുടെ നേര്‍സാക്ഷ്യങ്ങളാകാനുമുള്ള ആഹ്വാനത്തിന്റെ പുണ്യനാളുകളാണല്ലോ നോമ്പുകാലം. തിരുസഭയോടൊപ്പം നിന്ന് ഇതിനെല്ലാം വിശ്വാസികളെ ഒരുക്കുന്നതിൽ ശ്രദ്ധേയമായ പങ്കു വഹിക്കുന്നുണ്ട് ലൈഫ് ഡേ ഓൺലൈനും.

കഴിഞ്ഞ വർഷത്തെ അമ്പത് നോമ്പ് കാലത്ത് ‘കുരിശിലൊരിടം’ എന്ന പേരിലുള്ള ആത്മീയ വിരുന്നാണ് ലൈഫ് ഡേ വായനക്കാർക്കായി ഒരുക്കിയത്. നോമ്പ് കാലത്തിലെ ഓരോ ദിനവും ദൈവിക ചിന്തകളാൽ നിറയാനും ക്രൂശിതനിലേക്ക് സർവം സമർപ്പിക്കാനും അന്യന്റെ വേദനകളെ ഏറ്റെടുക്കാനുമൊക്കെ പ്രേരിപ്പിച്ച ചിന്തകളും, ഉണർവും സ്വാന്തനവും പകരുന്ന സംഗീതവും ചേര്‍ത്തിണക്കിയ ആ വിരുന്ന് ഏറെ ആസ്വാദ്യവും ആശ്വാസവുമായിരുന്നു എന്ന് അനേകർ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.

‘ക്രൂശിലൊരിട’ത്തിന്റെ തുടർച്ചയായി ഈ വർഷം അമ്പത് നോമ്പിന് ‘കണ്ണിമ ചിമ്മാതെ ക്രൂശിതനിലേക്ക്’ എന്ന വിരുന്നാണ് ലൈഫ് ഡേ ഒരുക്കിയിരിക്കുന്നത്. പതിവുപോലെ ഉള്ളിൽ തൊടുന്ന ആത്മീയ ചിന്തകളും ഹൃദയസ്പര്‍ശിയായ ഈരടികളും ചേര്‍ത്തിണക്കിയ ഈ വിരുന്ന് വായനക്കാർക്കായി തയാറാക്കുന്നത് ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസാണ്.

കാരുണ്യം പൂക്കുന്ന ഈ പുണ്യദിനങ്ങളെ ധ്യാനാത്മകമാക്കാൻ കാത്തിരിക്കാം, നോക്കിയിരിക്കാം, ‘കണ്ണിമ ചിമ്മാതെ ക്രൂശിതനിലേക്ക്’.