നോമ്പിലെ അമ്പതു മാലാഖമാര്‍ 18: ക്ഷമയുടെ മാലാഖ

നോമ്പിലെ പതിനെട്ടാം നാള്‍ മാലാഖ നമ്മെ പഠിപ്പിക്കുന്നത്‌ ക്ഷമയെക്കുറിച്ചാണ്. പലതും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യേണ്ട സമയമാണല്ലോ നോമ്പുകാലം. ലൂക്കായുടെ സുവിശേഷത്തില്‍ ഈശോ കുരിശില്‍ കിടന്നുകൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: “പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല.”

നോമ്പിന്റെ ചൈതന്യത്തില്‍ ക്രൂശിതനിലേയ്ക്ക് നോക്കുമ്പോള്‍ മറ്റുള്ളവരുടെ തെറ്റുകള്‍ അറിവില്ലായ്മയായി നാം മനസ്സിലാക്കും. അപ്പോള്‍ ക്ഷമിക്കാനും പൊറുക്കാനും മറക്കാനും വേഗം സാധിക്കും. ക്ഷമയുടെ മറ്റൊരു വശം സ്വയം ശാന്തമാക്കാന്‍ പഠിക്കുക എന്നതാണ്. നമ്മെ അലട്ടുന്ന ജീവിതപ്രശ്നങ്ങള്‍ക്ക് നൊടിയിടയില്‍ പരിഹാരം കാണാന്‍ തത്രപ്പെടുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. പക്ഷേ, അക്ഷമ പലപ്പോഴും അനാവശ്യ അസ്വസ്ഥതകള്‍ ജീവിതത്തിനു സമ്മാനിക്കുന്നു. ഒരു പൂ വിരിയുന്ന സാവകാശം നമ്മുടെ ജീവിതപ്രശ്നങ്ങള്‍ക്കു നല്‍കിയാല്‍ അത് താനെ അപ്രത്യക്ഷമായിക്കൊള്ളും. ഈശോയെ, ക്ഷമിക്കാനും സ്വയം ശാന്തമായി ക്ഷമയോടെ കാത്തിരിക്കാനും എന്നെ പഠിപ്പിക്കേണമേ.