ലത്തീൻ ഓഗസ്റ്റ് 08 മത്താ 15:21-28″അശ്രാന്ത-വിശ്വാസം”

” മകളെ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (വാക്യം 28) 

വിജാതീയയായ കാനാൻകാരി സ്ത്രീയെ അവളുടെ വിശ്വാസത്തെ പ്രതി യേശു പ്രശംസിക്കുന്നു. കാരണം കടമ്പകൾ കടന്ന, പ്രതിസന്ധികളെ അതിജീവിച്ച, പരീക്ഷണങ്ങളെ വിജയിച്ച  ഒന്നാണത്.

യേശു ഒരുക്കിയ പരീക്ഷണത്തിലെ മൂന്ന് വലിയ കടമ്പകൾ  അവൾ തന്റെ വിശ്വാസത്താൽ തരണം ചെയ്‌തു.

(1) “ശ്രോതാവിന്റെ നിശബ്ദത” (Silence of Listener) ആ യിരുന്നു. ആ സ്ത്രീ നിറുത്താതെ നിലവിളിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കുറെ നേരം യേശു മൗനിയായിരുന്നു (വാക്യം  23).  നിര്‍വ്വികാരത പ്രകടിപ്പിക്കുന്ന നിശബ്ദതയുടെ അത്തരം പ്രകടനം ഒരു വ്യക്തിയെ നിരാശ, വിദ്വേഷം, മടുപ്പ് തുടങ്ങിയ അവസ്ഥകളിലേക്കു നയിക്കുകയും ഉദ്യമത്തിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കുകയും ചെയ്യാം. പക്ഷെ യേശു സംസാരിക്കുന്നതുവരെ അവൾ തന്റെ അപേക്ഷ നിറുത്തിയില്ല.

(2) “ശിഷ്യരുടെ മുഷിച്ചില്‍” (Annoyance of Disciples): സ്ത്രീയുടെ നിറുത്താതെയുള്ള നിലവിളികേട്ട് അസ്വസ്ഥരാക്കുന്ന ശിഷ്യർ അവളെ വേഗത്തിൽ പറഞ്ഞയക്കാൻ ആവശ്യപെടുന്നുത് അവൾ കാണുന്നുണ്ടെങ്കിലും അവൾ നിരാശയാകുന്നില്ല.

(3) “വിജാതീയ ജന്മ്മം” (Gentile Birth): “… മക്കൾക്കുള്ള ഭക്ഷണം പട്ടികൾക്ക് കൊടുക്കുന്നത് നല്ലതല്ല” (വാക്യം 26) എന്ന് പറഞ്ഞു, വിജാതീയരെ മൃഗങ്ങൾക്ക് തുല്യവും, യഹൂദരെ ദൈവജനമായും കരുതുന്ന യഹൂദ പാരമ്പര്യത്തെ കുറിച്ച് യേശു അവളെ ഓർമ്മിപ്പിക്കുന്നു. ” നായ്ക്കൾ യജമാനന്റെ മേശപ്പുറത്തുനിന്നും വീഴുന്ന അപ്പക്കഷ്ണങ്ങൾ കഴിക്കുന്നുണ്ടല്ലോ?” (വാക്യം ) എന്ന വിനയാത്മകമായ മറുപടിയോടെ അവൾ നിലകൊള്ളുന്നു.

തന്റെ വിശ്വാസം പരീക്ഷിക്കപെട്ടപ്പോഴെല്ലാം അവൾ നൂതനമായ അപേക്ഷയുടെ അവയെ നേരിട്ടു. സുവിശേഷത്തിൽ ഈ ഒരു അവസരത്തിൽ മാത്രമാണ് യേശു ഒരു വാദപ്രതിവാദത്തിൽ തോൽക്കുന്നതായി കാണുന്നുള്ളൂ. അവൾ യേശുവിനേക്കാൾ സമര്‍ത്ഥയായതുകൊണ്ടല്ല, മറിച്ചു അവളുടെ വിശ്വാസത്തിന്റെ മുൻപിലാണ് യേശു തോൽവി സമ്മതിക്കുന്നത്.

വിശ്വാസം മലകളെ ( പർവ്വതാകാരമായ ജീവിതപ്രശ്നങ്ങൾ) മാത്രമല്ല, ദൈവത്തിന്റെ കരുണാദ്ര ഹൃദയത്തെയും ചലിപ്പിക്കുന്നു. ആമ്മേൻ

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.