ലത്തീൻ മാർച്ച്‌ 06 മത്തായി 6:1-6, 16-18 (വിഭൂതി തിരുനാൾ) ആചാരങ്ങളുടെ ആത്മാവ്

മറ്റുള്ളവരെ കാണിക്കാൻ വേണ്ടി അവരുടെ മുൻപിൽ വച്ച് നിങ്ങളുടെ സൽക്കർമ്മങ്ങൾ അനുഷ്‌ഠിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ (വാക്യം 1).

ഏതൊരു മതത്തിലും ബാഹ്യമായ ആചാരാനുഷ്ടാനങ്ങള്‍ (ഉപവാസം, പ്രാർത്ഥന, ദാനശീലം) പ്രധാനവും അത്യാവശ്യമാണെന്നിരിക്കിലും ഉചിതവും യുക്തവുമായ ലക്ഷ്യങ്ങളില്ലെങ്കിൽ അവ അപൂർണ്ണങ്ങളാണ്. എൻ്റെ മതം എന്നത് മറ്റുള്ളവർ എന്നിൽ എന്ത് കാണുമെന്നതോ അംഗീകരിക്കുന്നുവെന്നതോ അല്ല. മറിച്ച്, ദൈവം എന്നിൽ എന്തു കണ്ട് അംഗീകരിക്കുമെന്നതാണ്.

എപ്പോൾ മതങ്ങളിൽ ആചാരാനുഷ്ടാനങ്ങള്‍, ദൈവമഹത്വത്തെക്കാളുപരിയായി മനുഷ്യമഹത്വവും താൽപര്യങ്ങളും തേടുന്നുവോ അപ്പോള്‍ അവയുടെ ലക്ഷ്യം തെറ്റുന്നു. നോമ്പുകാലത്ത് ക്രൈസ്തവർ പരിശീലിക്കുന്ന ആത്മീയശിക്ഷണങ്ങളായ  ഉപവാസം, പ്രാർത്ഥന, ദാനശീലം എന്നിവയുടെ ലക്ഷ്യം ദൈവമഹത്വമാകട്ടെ.

യഥാർത്ഥ ക്രിസ്ത്യാനികൾ പ്രാർത്ഥനയിലൂടെ ആത്മാവിലും, ഉപവാസത്തിലൂടെ ശരീരത്തിലും, ദാനശീലത്തിലൂടെ വസ്തുക്കളിലൂടെയും ദൈവത്തെ മഹത്വപ്പെടുത്തുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.