ലത്തീൻ ഏപ്രിൽ 24 യോഹ 10:22-30 ഏകത്വം

ഞാനും പിതാവും ഒന്നാണ്” (വാക്യം. 30)

ഏതൊരു സ്ഥാപനത്തിൻ്റെയോ, സമൂഹത്തിൻ്റെയോ   ശക്തി, സമഗ്രത, സൗന്ദര്യം എന്നിവ നിർവചിക്കപെടുന്നത്  ആ സ്ഥാപനത്തിലെ അംഗങ്ങളുടെ ഐക്യത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും. ഉദാഹരണത്തിന്, ഒരു രാജ്യം ദേശീയ ഗാനം, ചിഹ്നം, മുദ്രവാക്യം തുടങ്ങിയ വഴികളിലൂടെ ദേശസ്നഹത്തിൻ്റെ വികാരമുണർത്തുക വഴി പൗരൻമാരുടെ ഐക്യം ഉറപ്പിക്കുന്നു.

ഇതുപോലെ ഇസ്രായേലിലെ ഭരണകർത്താക്കൾ ജനത്തിനിടയിൽ ദേശീയ വികാരമുണർത്തി ജനത്തിൻ്റെ  ഐക്യമുറപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അവർ സ്വീകരിച്ച വഴികൾ വംശീയതയുടെയും (Racism), ബഹിഷ്‌കരണത്തിൻ്റെയും (Exclusion)  തെറ്റായ വഴികളായിരുന്നു. സമൂഹത്തിലെ പാപികളെയും, ചുങ്കക്കാരെയും, വേശ്യകളെയും, കുഷ്ഠരോഗികളെയും “അശുദ്ധർ” എന്ന മേൽവിലാസം നൽകി മുഖ്യധാരയിൽ നിന്നും ബഹിഷ്കരിച്ചു. അതുപോലെ തങ്ങളെ തന്നെ “ദൈവജനം” യഹൂദരല്ലാത്തവരെ “വിജാതീയർ” എന്ന പേരിലും വിളിച്ചു വംശീയതയുടെ മതിലുകൾ തീർത്തു.

പക്ഷെ ക്രിസ്തുവിൻ്റെ മൗതീകശരീരത്തിലെ അംഗങ്ങളുടെ ഐക്യത്തിനായി യേശു നിർദേശിക്കുന്ന മാതൃക എന്നത് താനും പിതാവും തമ്മിലുള്ള ഐക്യമാണ്.

പൗലോസ് ശ്ലീഹാ ഓർമ്മപെടുത്തുന്നതുപോലെ ” ശരീരം ഒന്നാണെങ്കിലും അവയവങ്ങൾ പലതാണ്. പല അവയവങ്ങൾ താളാത്മകമായി ഒന്ന് ചേർന്നാണ് ഏകശരീരമായി തീരുന്നത്” (1 കോറി. 12:12). ഇതുപോലെയാണ് ക്രിസ്തുവിൻ്റെ മൗതീക ശരീരമായ തിരുസഭയുടെ കാര്യവും. സാർവത്രിക സഭ ഭാഷാപരമായും, സാംസ്കാരികമായും, ഭൂമിശാസ്ത്രപരമായും വൈവിധ്യസമൃദ്ധമാണ്.   എന്നാൽ വൈവിധ്യത്തിലെ ഏകത്വം സംജാതമാക്കുന്നത് ക്രിസ്തുവിലുള്ള ഏക വിശ്വാസമാണ്.

സഭയിലെ ഐക്യമെന്നത് ഐക്യരൂപ്യമല്ല, പക്ഷെ താളാത്മകമായ വൈവിധ്യമാണ്!

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.