ലത്തീൻ 22 ജൂലൈ യോഹ. 20:1-2; 11-18 (മഗ്‌ദല മറിയത്തിന്റെ തിരുനാൾ) നിർമ്മലസ്നേഹം

“മഗ്‌ദലേന മറിയം ചെന്ന്‌, ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരെ അറിയിച്ചു” (യോഹ. 20:18).

അധികം സ്നേഹിച്ചവൾ” (The Woman who loved much) എന്ന വിശേഷണം നൽകിയാണ് സുവിശേഷം  മഗ്ദലന മറിയത്തെ അവതരിപ്പിക്കുന്നത് (ലൂക്കാ 7:47). എന്നാൽ ഖ്യാതി നേടിയ ഡാവിഞ്ചി കോഡ് തുടങ്ങിയ സാഹിത്യകൃതികളിലും മാധ്യമ അവതരണങ്ങളിലും അവൾ “ക്രിസ്തുവിന്റെ കാമുകി” (Lover of Christ) ആയിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. നിർമ്മലസ്നേഹം യഥാർത്ഥത്തിൽ എന്താണ് എന്നറിയാത്ത, സ്നേഹത്തെ പ്രേമമായും കാമമായും  മാത്രം കാണുന്ന ഒരു ലോകത്തിന്റെ അവതരണമായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. തന്നിൽ നിന്നും ഏഴ് പിശാചുക്കളെ പുറത്താക്കി ആത്മീയ-സ്വാതന്ത്ര്യം നൽകിയ ദൈവപുത്രനോടുള്ള  കൃതജ്ഞത അവളിൽ ജനിപ്പിച്ച നിർമ്മലസ്നേഹമാണ് അവളുടേത്. അല്ലാതെ പ്രേമത്തിൽ നിന്നും കാമത്തിൽ നിന്നും ഉടലെടുക്കുന്ന ജഡികസ്നേഹമല്ല.

കല്ലറയിൽ ഉത്ഥിതനെ ദർശിച്ചശേഷം, ഉയർപ്പിന്റെ വാർത്ത അപ്പസ്തോലന്മാരുടെ അപ്പോസ്തോലയായി (Apostle to apostles) അവളെ ഏൽപ്പിച്ചപ്പോൾ ഒരു നിമിഷം പോലും അവിടെ പറ്റിപ്പിടിച്ചു നിൽക്കാതെ ദൗത്യനിർവ്വഹണത്തിനായി ഉടനെ പുറപ്പെടുകയാണ് അവൾ ചെയ്തത്. യുക്തിയനുസൃതമായി ചിന്തിക്കുകയാണെങ്കിൽ കാമത്തിൽ നിന്നും ഉടലെടുക്കുന്ന ജഡികസ്നേഹമായിരുന്നുവെങ്കിൽ കാമം സൃഷ്ടിക്കുന്ന ബന്ധനത്തിൽ നിസ്സഹായയായി അവൾ ക്രിസ്തുവിന്റെ സമീപത്തുനിന്ന് പോകാനാകാതെ അവിടെത്തന്നെ നിലകൊള്ളുമായിരുന്നു.

കൃതജ്ഞത നിറഞ്ഞ ഹൃദയത്തിൽ നിന്നാണ് ശുദ്ധവും നിസ്വാർത്ഥവുമായ സ്നേഹം ഉടലെടുക്കുന്നത്.  ദൈവീക ഔദാര്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് ദൈവമക്കളിൽ ആഴമായ ദൈവസ്നേഹാനുഭവം ജനിപ്പിക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.