ലത്തീൻ മെയ് 31 യോഹ. 20: 19-23 (പന്തക്കുസ്താ തിരുനാൾ) സഹയാത്രികൻ 

ഇത് പറഞ്ഞിട്ട്‌ അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ (യോഹ. 20:22).

മാർപാപ്പയായി സ്ഥാനമേറ്റശേഷം ആദ്യത്തെ പന്തക്കുസ്താ തിരുനാൾ ദിനത്തിലെ സന്ദേശത്തിൽ പരിശുദ്ധാത്മാവിനെ, “സഹയാത്രികൻ” (Traveling Companion)   എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്. ക്രൈസ്തവ വിശ്വാസ തീർത്ഥയാത്രയിൽ പരിശുദ്ധാത്മാവാകുന്ന സഹയാത്രികൻ നൽകുന്ന ആത്മീയ അനുഗ്രഹങ്ങളെക്കുറിച്ച് ശിഷ്യരുടെ ആദ്യ പന്തക്കുസ്താദിന അനുഭവത്തിന്റെ  പശ്ചാത്തലത്തിൽ തിരുസഭ നമ്മെ  ഓർമ്മപ്പെടുത്തുന്നു

  1. അനിതരസാധാരണമായ സ്ഥൈര്യവും ഊർജ്ജിതപ്രഭാവവും (Tremendous Courage & Charisma):-  ദൈവം മോശയ്ക്ക് പത്തു കൽപനകൾ നൽകിയതിനെ അനുസ്മരിക്കുന്ന പഴയനിയമത്തിലെ പന്തക്കുസ്ത ആഘോഷിക്കാനായി ആയിരക്കണക്കിനു യഹൂദർ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജെറുസലേമില്‍ തടിച്ചുകൂടിയിരിക്കുകയാണ്. അപ്പോൾ യഹൂദരെ ഭയന്ന്  വാതിലുകൾളടച്ച് ഒളിച്ചുതാമസിക്കുകയായിരുന്ന ശിഷ്യന്മാർ  പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ജനക്കൂട്ടത്തിനു നടുവിലേയ്ക്ക് വന്ന ക്രിസ്തുവിനെക്കുറിച്ച് ആഘോഷിക്കാൻ തുടങ്ങി. കേട്ടവർക്കെല്ലാം അവരവരുടെ ഭാഷകളിൽ ശിഷ്യന്മാർ പ്രഘോഷിച്ചതു മനസ്സിലായി. ഭയത്താൽ ഒളിച്ചിരുന്ന് ശിഷ്യന്മാർക്ക് സംലഭ്യമായ ഈ അനിതരസാധാരണമായ സ്ഥൈര്യവും  ഊർജ്ജിതപ്രഭാവവും ഭാഷാവരവുമെല്ലാം പരിശുദ്ധാത്മാവിന്റെ ദാനങ്ങളാണ്.
  2. പുനർജന്മം (Rebirth):- യേശു ഒരിക്കൽ നിക്കോദേമുസിനോടു പറഞ്ഞു: “സത്യമായി ഞാന്‍ നിന്നോടു പറയുന്നു; ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലായെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല” (യോഹ. 3:5).  ഓരോ ക്രൈസ്തവന്റെയും ജീവിതത്തിലെ വ്യക്തിപരമായ പന്തക്കുസ്തായിലേയ്ക്ക് അഥവാ മാമ്മോദീസായിലേയ്ക്കാണ് ഈ വചനങ്ങൾ വിരൽചൂണ്ടുന്നത്. സമൂലവും മൗലികവുമായ ആത്മീയപരിവർത്തനത്തിന്റെ  അനുഭവമാണ് പുനർജന്മം. അതായത് പാപത്തിൽ നിന്ന് വിശുദ്ധിയിലേയ്ക്ക്,  അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേയ്ക്ക്, മരണത്തിൽ നിന്ന് ജീവനിലേയ്ക്കുള്ള ഒരു പരിവർത്തനം
  3. സമാധാനം (Peace):- ഭയത്താൽ, അടഞ്ഞ മുറിയിൽ തങ്ങളെത്തന്നെ ഒളിപ്പിച്ച്  പാർത്തിരുന്ന ശിഷ്യന്മാരുടെ മധ്യത്തിൽ പ്രത്യക്ഷപ്പെട്ടു ഈശോ അവർക്ക്  സമാധാനം ആശംസിക്കുന്നു. അവരോടൊത്ത് നിത്യമായി ഉണ്ടായിരിക്കുന്ന തന്റെ സാന്നിധ്യമാണ് ക്രിസ്തു അവർക്ക് ആശംസിച്ച സമാധാനം. ലോകം വിവിക്ഷിക്കുന്നതുപോലെ സങ്കടങ്ങളുടെയും വേദനകളുടെയും ഇല്ലായ്മയല്ല ഈ സമാധാനം. മറിച്ച്, തങ്ങളുടെ ദൗത്യജീവിതകാലത്ത് ഉണ്ടാകാവുന്ന പ്രതിസന്ധികളുടെയും പ്രശ്നങ്ങളുടെയും മധ്യേ അവർക്ക് ശക്തി നൽകുന്ന ക്രിസ്തുസാന്നിധ്യമാണ് ഈ സമാധാനം.

സഹയാത്രികനായ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്കും  പ്രചോദനങ്ങൾക്കും വിധേയരാകുമ്പോഴാണ് ക്രൈസ്തവജീവിതമാകുന്ന വിശ്വാസതീർത്ഥയാത്ര അനുഗ്രഹപൂര്‍ണ്ണവും ആയാസരഹിതവും  ഫലവത്തുമാകുന്നത്, ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.