ലത്തീൻ ഫെബ്രുവരി 14 മർക്കോ. 7: 31-37 പതിതസ്നേഹം

“യേശു അവനെ ജനക്കൂട്ടത്തില്‍ നിന്നു മാറ്റിനിര്‍ത്തി, അവന്റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പല്‍ കൊണ്ട്‌ അവന്റെ നാവില്‍ സ്‌പര്‍ശിച്ചു” (മര്‍ക്കോ. 7:33).

യേശു ബധിരനായവനെ ജനക്കൂട്ടത്തിൽ നിന്നും മാറ്റിനിർത്തി സുഖപ്പെടുത്തുന്നത്, പിന്നീട് സഭ ഏറ്റെടുക്കേണ്ട പാവങ്ങളോടും സഹിക്കുന്നവരോടും അധകൃതരോടും പക്ഷം ചേരുക എന്ന സഭയുടെ സാമൂഹികനീതി നയത്തിന്റെ പ്രതീകാത്മക പ്രകടനമായി കാണാം.

എല്ലാ മനുഷ്യർക്കും തുല്യമഹത്വവും നീതിയും ഉറപ്പുവരുത്തുക എന്നത്  ദൈവത്തിന്റെ സാർവ്വത്രികസ്നേഹത്തിന്റെ ഭാഗമാണ്. എന്നാൽ ചൂഷണം, അടിച്ചമർത്തൽ, പാർശ്വവൽക്കരണം, ദാരിദ്ര്യം എന്നിവയുടെ മധ്യത്തിൽ നിഷ്ക്രിയനായിരിക്കുവാൻ ദൈവത്തിന് സാധ്യമല്ലാതെ വരുമ്പോൾ ബലഹീനരെ ശക്തിപ്പെടുത്തുവാൻ അവരോട് പക്ഷംചേരുക എന്നത് ദൈവീകസ്വഭാവത്തിന്റെ  ഭാഗമാണ്. ഇത് മുൻഗണന നൽകുക മാത്രമാണ്; പക്ഷപാതം കാണിക്കലല്ല.

ദൈവം ബലഹീനർക്ക്‌ മുൻഗണന നൽകുന്നത്, അവർ മറ്റുള്ളവരേക്കാൾ  മതപരമായോ ധാർമ്മികമായോ നല്ലവരായതുകൊണ്ടല്ല. മറിച്ച് സഹനം, ചൂഷണം, അടിച്ചമർത്തൽ, പാർശ്വവൽക്കരണം, ദാരിദ്ര്യം എന്നിവ ദൈവേഷ്ടത്തിന് വിരുദ്ധമായതുകൊണ്ടാണ്.

പാവങ്ങളോടും ദരിദ്രരോടും സഹിക്കുന്നവരോടും ബലഹീനരോടും സ്നേഹമില്ലാത്തവർ ഉദ്യോഗസ്ഥരും കച്ചവടക്കാരും കൃഷിക്കാരും പൊതുപ്രവർത്തകരും മാത്രമാണ്; ക്രൈസ്തവർ അല്ല. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ