ലത്തീൻ ജൂൺ 07 യോഹ. 21: 15-19 സമർപ്പിതസ്നേഹം

“നീ എന്നെ സ്നേഹിക്കുന്നുവോ?” (വാക്യം 17).

മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനെ മൂന്നു പ്രാവശ്യം സ്നേഹപ്രഘോഷണത്തിലൂടെ, തെറ്റ് തിരുത്താൻ യേശു ക്ഷണിക്കുകയാണ്.

മൂന്നു പ്രാവശ്യം സ്നേഹപ്രഖ്യാപനം നടത്തേണ്ടി വന്നതിനാലല്ല പത്രോസ് ദുഖിതനായത്. മറിച്ച്, തനിക്ക് ഗുരുവിനോടുള്ള സ്നേഹം ഗുരുവിന് തന്നോടുള്ള സ്നേഹത്തോളമില്ലല്ലോ എന്ന തിരിച്ചറിവാണ്. തനിക്ക് ഗുരുവിനോടുള്ള സ്നേഹം പരിമിതമായ സുഹൃദ്സ്‌നേഹം (ഫീലിയെ) മാത്രമാണെന്നും എന്നാൽ, ഗുരുവിന് തന്നോടുള്ള സ്നേഹം അപരിമിതമായ ദൈവസ്നേഹമാണെന്നുമുള്ള (അഗാപ്പെ)  തിരിച്ചറിവ്.

വെറും ശിഷ്യനായ പത്രോസ് (മീൻപിടുത്തക്കാരൻ), അപ്പസ്തോലനാകുമ്പോൾ (മനുഷ്യരെ പിടുത്തക്കാരൻ) സൗഹൃദസ്‌നേഹത്തിൻ്റെ തലത്തിൽ നിന്നും ജീവൻ സമർപ്പിക്കാൻ പോലും പോരുന്ന സ്ഥൈര്യമുള്ള സമർപ്പിതസ്നേഹത്തിൻ്റെ തലത്തിലേയ്ക്ക് വളർന്നു. സ്നേഹത്തിൽ വളരാത്ത പത്രോസ്, അപ്പസ്തോലികദൗത്യം നൽകുന്ന പ്രതിസന്ധികളിൽ വീണ്ടും ഗുരുവിനെ തള്ളിപ്പറയാനുള്ള സാധ്യത കാണുന്ന യേശു, സ്നേഹത്തിൻ്റെ ആഴമായ വളർച്ചയെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണിവിടെ.

ഈ സ്നേഹത്തിലുള്ള പടിപടിയായ വളർച്ചയുടെ പ്രതീകാത്മകമായ ഒരു പ്രകാശനമായി മൂന്നു പ്രാവശ്യത്തെ സ്നേഹപ്രഖ്യാപനത്തെ കാണാവുന്നതാണ്.    “ശിഷ്യനായ പത്രോസ്” ജീവഭയത്താൽ തള്ളിപ്പറയുന്നവനാണെങ്കിൽ “അപ്പസ്തോലനായ പത്രോസ്” മരണഭയമില്ലാത്തവനാണ്. ഗുരുവിനോടുള്ള സ്നേഹത്തിൻ്റെ ആഴം റോമയിൽ വച്ച് തലകീഴായുള്ള കുരിശുമരണം വരിച്ച് പത്രോസ് പ്രകടമാക്കി!

ശിഷ്യത്വത്തിൻ്റെ ആഴം എന്നത് ഗുരുവിനോടുള്ള സ്നേഹത്തിൻ്റെ ആഴമാണ്! ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ