ലത്തീൻ  ആഗസ്റ്റ് 14   മത്താ 18:1-5, 10, 12-1″മഹത്വത്തിന്റെ മാനദണ്ഡം”

“…… ഒരു ശിശുവിനെ അവരുടെ മധ്യത്തിൽ നിറുത്തി” (വാക്യം. 1)  

ദൈവത്തിന്റെ മഹത്വം എത്ര ശ്രേഷ്ഠമാണ് എന്ന് ചിന്തിക്കുന്നതിന് പകരം മനുഷ്യമഹത്വം തേടി സ്ഥാനമാനങ്ങളെ കുറിച്ച് തർക്കിക്കുന്ന ശിഷ്യരോട്‌ ദൈവതിരുമുൻപിൽ മഹത്വത്തിന്റെ അടിസ്ഥാനം എന്താണ് എന്ന് യേശു ശിഷ്യരെ പഠിപ്പിക്കുകയാണ്. “നിന്റെ ശിശുവാണ്‌ നിന്റെ ഏറ്റവും വലിയ അധ്യാപകൻ” എന്ന് പറയുന്നതുപോലെ ഒരു ശിശുവിനെ അവരുടെ മധ്യത്തില്‍ നിറുത്തി ദൈവവുമായുള്ള ബന്ധത്തിൽ എളിമ, നിഷ്‌കളങ്കത, ആശ്രയത്വം എന്നിവ സവിശേഷതകളായ  ശിശുവിൻ്റെ  മാനസികാവസ്ഥ ഉൾകൊള്ളുന്നിടത്താണ് ശിഷ്യന് മഹത്വം നൽകപ്പെടുക.

സ്വന്തമെന്ന് അവകാശപെടാൻ ഒന്നുമില്ലാത്തതിനാൽ ശിശുവിന് അഹങ്കരിക്കാൻ ഒന്നും ഇല്ലാത്തതുപോലെ ഈ ലോകത്തിൽ സർവ്വത്തിന്റെയും അധിപനാനായ ദൈവത്തിൻ്റെ മുൻപിൽ സ്വന്തമെന്ന് അവകാശപെടാൻ ഒന്നുമില്ല എന്ന തിരിച്ചറിവ് എളിമ എന്ന പുണ്ണ്യത്തിൽ ജീവിക്കാൻ സഹായിക്കും. “ഒഴുക്കുവെള്ളത്തിൽ അഴുക്കില്ല” എന്ന പഴമൊഴി പോലെ ഒരു ശിശുവിന്റെ മനസ് ഒരു തുറന്ന പുസ്തകമാണ്. ഒരു ശിശു എല്ലാത്തിനും മാതാപിതാക്കളെ ആശ്രയയിക്കുന്നതുപോലെ ദൈവത്തെ ആശ്രയിക്കാൻ ശിശുവിന്റെ മാനസികാവസ്ഥ സഹായിക്കും.

പണവും പ്രതാപവും അധികാരവും ഈ ലോകത്തിൽ  മഹത്വത്തിന്റെ മാനദണ്ഡങ്ങളാകുമ്പോൾ ദൈവരാജ്യത്തിൽ അത് എളിമ, നിഷ്‌കളങ്കത, ദൈവാശ്രയത്വം തുടങ്ങിയ പുണ്യങ്ങളാണ്‌ മാനദണ്ഡങ്ങൾ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.