ലത്തൂര്‍ ഭൂമികുലുക്കത്തിന് 25 വയസ്: ഓർമ്മകളുമായി ഒരു വൈദികന്‍

ശില്പാ രാജൻ

1993 സെപ്റ്റംബർ 30 പുലർച്ചെ 3.56 – നാണ്  ലത്തൂര്‍ ഭൂമികുലുക്കം സംഭവിക്കുന്നത്. അതിൽ 10,000 പേർ കൊല്ലപ്പെടുകയും 30,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു എന്നാണ് കണക്ക്. അന്ന് ഭൂമികുലുക്കത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുട്ടികൾക്കായി ഒരു അഭയകേന്ദ്രം കാരാട് എന്ന സ്ഥലത്തു തുറക്കുകയുണ്ടായി. അതിന്റെ തുടക്കക്കാരനായ ഫാദര്‍ മോൺസി വടകരപുത്തന്‍പുര എം.സി.ബി.എസ് – ന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഒരു യാത്ര.

വാഹനങ്ങളുടെ ഹോണ്‍  മുഴക്കമാണ്, ആദ്യമായി അവിടെ എത്തിയപ്പോൾ അവര്‍ കേള്‍ക്കുന്നത്. ഒമ്പത് മണിക്കൂര്‍ നീണ്ട ‘നിന്നുള്ള’ യാത്രയ്ക്ക് ഒടുവില്‍ ലാത്തൂരില്‍ എത്തുമ്പോള്‍ കേട്ട ആദ്യത്തെ ശബ്ദം! ഹോണ്‍ ശബ്ദം മുഴങ്ങിയതിനു ശേഷം പിന്നെ എല്ലാം ഒരു മിന്നായം പോലെയാണ് സംഭവിച്ചത് എന്ന് വേണമെങ്കില്‍ പറയാം. ഹോണ്‍ കേട്ട ദിശയിലെ വാഹനങ്ങള്‍ക്ക് അരികിലേക്ക് ആളുകള്‍ ആരവത്തോടെ ഓടി അടുക്കുന്നു, എന്തൊക്കെയോ സാധനങ്ങൾ വാരിയെടുക്കുന്നു, അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ ആ വാഹനങ്ങള്‍ യാത്രയാകുന്നു!

വാഹനത്തോടൊപ്പം അടുത്തേക്ക് എത്തിയ ചിരിയും അതിനൊപ്പം ഓടിമറയുന്ന സന്തോഷവും ആ നാടിനു  ആറു മാസങ്ങളായി പതിവ് കാഴ്ചയായിരുന്നു. ഓരോ വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോഴും ഓടിയടുക്കുന്ന അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഭക്ഷണ സാധനങ്ങളും വെള്ളവും വസ്ത്രവും ഒക്കെയാണ്. ആറു മാസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1993,  സെപ്റ്റംബര്‍ 30. അന്നേ ദിവസം പുലര്‍ച്ചെ അവരെ തേടി എത്തിയത് ഒരു വലിയ ദുരന്തമായിരുന്നു. 25 വര്‍ഷം ഇങ്ങു കടന്നിട്ടും ലത്തൂര്‍ ഭൂമികുലുക്കം സൃഷ്‌ടിച്ച വേദനയില്‍ നിന്ന് ആ ജനത കര കയറിയിട്ടില്ല. പതിനായിരം ആളുകളാണ് അവിടെ മരിച്ചു വീണത്. 30,000 ആളുകള്‍ക്ക് പരുക്കേറ്റിരുന്നു. നാശ-നഷ്ടങ്ങളുടെ കണക്ക് എടുക്കാനായി പ്രത്യേകിച്ച് ഒന്നുമില്ല. കാരണം അവിടെ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല.

മഹാരാഷ്ട്രയിലെ ലത്തൂര്‍ ഭൂമികുലുക്കത്തില്‍, ആ ജനതയ്ക്കും ഒരു പറ്റം കുഞ്ഞുങ്ങള്‍ക്കും തുണയായ ഫാദര്‍ മോസി വടകരപുത്തന്‍പുരയുടെ പ്രവര്‍ത്തന പഥത്തിലൂടെ…

ആദ്യ ദൗത്യം

വൈദിക പരിശീലനം പൂര്‍ത്തിയാക്കി, ആദ്യ  ദൗത്യം താമരശ്ശേരി രൂപതയിലെ കോടഞ്ചേരി പള്ളിയിലായിരുന്നു. ആ അനുഭവത്തിനു ശേഷമാണ് മഹാരാഷ്ട്രയിൽ ഉള്ള പുതിയ മേച്ചിൽ പുറത്തേയ്ക്കുള്ള യാത്ര. പുതിയ ദൗത്യം ഏറ്റെടുക്കാൻ പോകുമ്പോള്‍ ഫാദര്‍ മോന്‍സിയുടെ മനസില്‍ തെല്ലൊരു ആശങ്ക ഉണ്ടായിരുന്നു. അറിയാത്ത നാടും ആളുകളും! അതില്‍ എല്ലാം ഉപരി ഏറെ പ്രാധാന്യമുള്ള ഒരു ദൌത്യവും. കേരളത്തിൽനിന്ന് മഹാരാഷ്ട്രയിലെ കരാട് എത്തിയപ്പോള്‍ ആശ്വാസമായി ഫാദര്‍ ഈപ്പച്ചന്‍ കിഴക്കെതലയ്ക്കല്‍  ഉണ്ടായിരുന്നു. സത്താറാ – സോളാപൂര്‍ മിഷന്‍റെ സുപ്പീരിയര്‍. ഒപ്പം കൂട്ടായി ടോമി എന്ന സുഹൃത്തും.

ബസിലാണ് യാത്ര. ഒമ്പത് മണിക്കൂറുകള്‍ ബസില്‍ യാത്ര ചെയ്താല്‍ ലത്തൂരില്‍ എത്താം. തിരക്കിന്റെ ഇടയില്‍ ഇരിക്കാന്‍ പോയിട്ട് കാലു കുത്താന്‍ പോലും കഴിയില്ല. 9 മണിക്കൂര്‍ നീണ്ട യാത്രയില്‍ ഒരു നിമിഷം പോലും ഇരിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചില്ല. ബസിന്റെ കമ്പിയില്‍ തൂങ്ങിയുള്ള യാത്ര. മാര്‍ച്ച്‌ മാസം ആയതിനാല്‍ തന്നെ 52 ഡിഗ്രി സെല്‍ഷിയസാണ് ചൂട്. എങ്ങനെയും അവിടെ എത്തി കാര്യങ്ങള്‍ പഠിച്ചു, അനാഥരായ കുട്ടികളെ കണ്ടെത്തി, അവര്‍ക്ക് വിദ്യാഭ്യാസവും തണലും നല്‍കാനായി തിരിച്ചു കരാടിലേക്ക് കൊണ്ട് വരണം എന്നതാണ് ലക്ഷ്യം. ലത്തൂരിലുള്ള ആളുകളെ പരിചയപ്പെടുത്താനായി സിസ്റ്റര്‍ ആനിയും ഉണ്ട്.

ലത്തൂരില്‍ എത്തിയപ്പോള്‍ ആദ്യം കണ്ടത് ആളുകള്‍ സാധനങ്ങള്‍ എത്തിക്കുന്ന ലോറിക്ക് അരികിലേക്ക് പായുന്നതാണ്. ആളുകളെ കാണാനായി സിസ്റ്റര്‍ ആനിക്കൊപ്പം എത്തിയപ്പോള്‍ വലിയ വെല്ലുവിളിയാണ് അവരെ കാത്ത് ഇരുന്നത്.

മറാഠി അറിയുമോ?

ആരുമില്ലാതെ അനാഥരായി കഴിയുന്ന കുട്ടികളെ കണ്ടെത്തി അവരെ കരാടിലേക്ക് കൊണ്ട് പോയി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ അവര്‍ക്ക് തുടക്കത്തില്‍ തന്നെ തടസങ്ങള്‍ നേരിടേണ്ടി വന്നു. കോഴിക്കോട് നിന്നും മഹാരാഷ്ട്രയില്‍ എത്തിയ ഫാദര്‍ മോന്‍സിക്ക് ഹിന്ദിയുടെ ആദ്യ പാഠങ്ങള്‍ മാത്രമേ അറിയുമായിരുന്നുള്ളൂ. മഹാരാഷ്ട്രക്കാരായ ലത്തൂര്‍ ജനതയ്ക്ക് ഹിന്ദിയേക്കാളും താല്പര്യം മറാഠി ആയിരുന്നു. എന്നുവച്ചാല്‍ ഹിന്ദിയും മറാഠിയും പഠിക്കണമെന്ന് സാരം.

ആളുകളോട് അദേഹം തങ്ങളുടെ ഉദ്ദേശ്യം ഒരു വിധത്തിൽ പറഞ്ഞു മനസിലാക്കി. ജൂണില്‍ തങ്ങള്‍ കുട്ടികളെ കൂട്ടികൊണ്ട് പോകാന്‍ എത്തുമെന്നും, ആദ്യ പടി ആയതിനാല്‍ ആണ്‍കുട്ടികളെ മാത്രമേ കൊണ്ട് പോകാന്‍ സാധിക്കൂ എന്നും അവര്‍ പറഞ്ഞു. മൂന്ന് ദിവസം നീണ്ട സന്ദര്‍ശനം ആ ദൌത്യത്തിന്റെ ഏറ്റവും വലിയ ഒരു ഭാഗം തന്നെയായിരുന്നു.

വലിയ കുടുംബത്തിലേക്കുള്ള മടക്കം

ജൂണ്‍ പകുതിയോടെ ലത്തൂരില്‍ എത്തിയ ഫാദര്‍ മോന്‍സിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. കുട്ടികളെ കൊണ്ട് പോകാനായി ജീപ്പുമായി എത്തിയ അദേഹത്തിന് നിരാശപ്പെടെണ്ടി വന്നില്ല. ഒമ്പത് കുട്ടികളെ ലഭിച്ചു. സഹായിക്കാന്‍ ഒരു മനസ്സും ഒരു ചെറിയ മുറിയും മാത്രമാണ് കരാടില്‍ ഉള്ളത്. ജൂലൈ 3 – നായിരുന്നു കരാടിലെ ബാലഭവനിന്റെ ഔദ്യോഗികമായ ഉത്ഘാടനം.

ഭാഷയിലെ പ്രാവീണ്യക്കുറവും, ആദ്യമായി വീടുകളില്‍ നിന്നും മാറി നില്‍ക്കുന്നതിന്റെ ബുദ്ധിമുട്ടും, അപരിചിതരായ ആളുകളും ഒക്കെ കുട്ടികളെ അല്‍പ്പം തളര്‍ത്തിയെങ്കിലും പിന്നീട് എല്ലാം മെച്ചപ്പെട്ടു തുടങ്ങി. അവര്‍ക്ക് വേണ്ട ഭക്ഷണവും ആവശ്യങ്ങളും വിദ്യാഭ്യാസവും നല്‍കാന്‍ ആളുകള്‍ ഉണ്ടായപ്പോള്‍ കുട്ടികളും അതുമായി പൊരുത്തപ്പെട്ടു തുടങ്ങി.

ഒമ്പത് സഹോദരങ്ങൾ ഉള്ള ഫാദര്‍ മോന്‍സിക്ക് ഈ കാലയളവ്‌ തന്റെ സ്വന്തം കുടുംബത്തില്‍ എത്തിപ്പെട്ടത് പോലെയായിരുന്നു.

ദൈവത്തിന്റെ ഫോണ്‍ കാള്‍ 

“ഹലോ, നിങ്ങള്‍ പൂനെ വരെ ഒന്ന് വന്നു ഈ ചെക്ക്‌ കൈപ്പറ്റണം.” അപ്രതീക്ഷിതമായി ഒരു കാള്‍ ലഭിച്ചപ്പോള്‍ ഫാദര്‍ മോന്‍സി ഒന്ന് അമ്പരന്നെങ്കിലും പിന്നീട് അവിടെ എത്താം എന്ന് തന്നെ കരുതി. കുട്ടികള്‍ക്കായുള്ള ഭക്ഷണവും മറ്റും ഏതാണ്ട് തീര്‍ന്നു ഇരിക്കുമ്പോഴാണ് ഈ വിളി.

വലിയ സാമ്പത്തിക ഉറപ്പു ഒന്നും ഉണ്ടായിട്ടല്ല ആ സ്ഥാപനം ആരംഭിച്ചത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന്‍ കഴിയുമെങ്കില്‍ അത് നടക്കട്ടെ എന്ന് കരുതി. ബാക്കി എല്ലാം ദൈവം നടത്തുമെന്ന വിശ്വാസത്തില്‍ ഇരുന്ന അവര്‍ക്ക് ആ ഫോണ്‍ കാള്‍ തഴഞ്ഞു കളയാന്‍ കഴിഞ്ഞില്ല. പറഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ഒരാള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. അയാള്‍ സ്നേഹത്തോടെ ഹസ്തദാനം നല്‍കി. കുട്ടികളുടെ കാര്യം അന്വേഷിച്ചു. ധൃതിയുണ്ടെന്നു പറഞ്ഞു ചെക്ക്‌ ഏല്‍പ്പിച്ച അയാള്‍ മടങ്ങി. ഇതിനിടയില്‍ അയാള്‍ സ്വന്തം പേര് പോലും പറഞ്ഞില്ല. കൈയിലുള്ള ചെക്ക്‌ നോക്കിയപ്പോള്‍  25000 രൂപ!

സാന്‍തോം ബാല ഭവന്‍ (Santhome Baal Bhavan)

ജൂലൈ മൂന്നിന് സ്ഥാപനത്തിന്റെ ഔദ്യോഗിക ഉത്ഘാടനം നടന്നതിനാല്‍ തന്നെ, തോമാസ്ലീഹായുടെ പേര് ഇടാന്‍ തീരുമാനിച്ചു. ഒമ്പത് കുട്ടികളുമായി ഒറ്റമുറിയില്‍ ആരംഭിച്ച സ്ഥാപനം പിന്നീട് സദേപ്പൂരിലെക്ക് മാറ്റി. ആദ്യം, കുട്ടികള്‍ക്ക് പ്രൈമറി വിദ്യാഭ്യാസം മാത്രം നല്‍കി വന്നെങ്കിലും ഇപ്പോള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും അവര്‍ക്കായി നല്കുന്നുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ തിരികെ ജോലിക്കും ശേഷിക്കുന്ന ബന്ധുകള്‍ക്കും അരികിലേക്ക് മടങ്ങും. സദേപ്പൂരില്‍ ആരംഭിച്ച സ്ഥാപനത്തില്‍ തന്നെ അവര്‍ വിദ്യാലയവും നിര്‍മ്മിച്ചു. മറാഠി മാധ്യമത്തിലാണ് പാഠൃ പദ്ധതി. ഇപ്പോള്‍ 42 കുട്ടികളാണ് ഇവിടെ ഉള്ളത്. ഇവരെ കൂടാതെ അടുത്തുള്ള മറ്റു കുട്ടികളും ഇവിടെ തങ്ങളുടെ പഠനം നടത്തുന്നുണ്ട്. സ്ഥാപനത്തിന്റെ ഭാഗമായി ഡി.ബി.എസ് (ദീന ബന്ധു സമാജ്) സന്യാസ സമൂഹത്തിലെ മൂന്നു സിസ്റ്റര്‍മാരും ഇവിടെയുണ്ട്. അനാഥരായ 42 കുട്ടികള്‍ക്ക് താമസ സൗകര്യവും ഇവിടെ ഉണ്ട്.

ഫാദര്‍ മാത്യു കിഴക്കേമുറിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിയാണ് ഫാദര്‍ മോന്‍സി കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി തന്റെ സമയം മാറ്റി വയ്ക്കാന്‍ ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഫാദര്‍ മോൺസി ഇപ്പോള്‍ ജര്‍മനിയില്‍ തന്റെ  മറ്റൊരു പ്രവര്‍ത്തന മേഖലയിലാണ്.

ശില്പ രാജൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.