സംഗീതത്തെ പ്രണയിച്ച വൈദികൻ- ഫാ. കുരിയാക്കോസ് കച്ചിറമറ്റം

സംഗീതത്തിന്റെ അഗാധ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അതിന്റെ ഉള്ളിലെ നൈർമ്മല്യത്തെയും താളാത്മകതയെയും ആലിംഗനം ചെയ്ത  വൈദികൻ. താൻ അറിഞ്ഞ, അനുഭവിച്ച, സ്വായത്തമാക്കിയ സംഗീതത്തെ അനേകം ചെറുപ്പക്കാരിലേക്കു പകർന്നു നൽകിയ സംഗീത അധ്യാപകൻ. നിരവധി വർഷങ്ങളായി സംഗീതത്തെ അനേകരിലേക്കു പകർന്നു നൽകിക്കൊണ്ടിരിക്കുന്ന പ്രതിഭ. പ്രശസ്തമായ ഏയ്ഞ്ചൽ വോയിസിന്റെ സ്ഥാപകൻ. വിശേഷങ്ങൾ നിരവധി ഉണ്ട് ഫാ. കുരിയാക്കോസ് കച്ചിറമറ്റം എന്ന ഈ പ്രതിഭയ്ക്ക്. തന്നിൽ വന്നു ചേർന്നിരിക്കുന്ന പ്രശസ്തിക്കും പേരിനും തന്റെ കഴിവിനും എല്ലാം ദൈവത്തിന്റെ മുന്നിൽ വിനീതനായി തലകുനിക്കുകയാണ് ഈ വൈദികൻ.

പൗരോഹിത്യത്തിലൂടെ കലയിലേയ്ക്ക്  

സംഗീതത്തെയും അതിന്റെ അധ്യാപനത്തെയും ഏറെ സ്നേഹിച്ച ബേബിച്ചൻ എന്ന ഫാ. കുരിയാക്കോസ് കാച്ചിറമറ്റം 1967 – ൽ പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം കോതമംഗലം കത്തീഡ്രലിൽ അസി. വികാരിയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് കലാപരമായ പ്രവർത്തനങ്ങളിലേക്കു ആകൃഷ്ടനാകുന്നത്. അദ്ദേഹത്തിലെ കഴിവുകളുടെ പിൻബലത്തിൽ റൈറ്റിങ് സ്റ്റാർ എന്ന ക്ലബ് രൂപീകരിക്കുവാൻ അച്ചന് കഴിഞ്ഞു. ഇടവക പ്രവർത്തങ്ങളോടൊപ്പം തന്നെ ജനസമ്പർക്ക പരിപാടികളുടെ ഭാഗമായി സംഗീത, നാടക വിഭാഗവും ആരംഭിച്ചു. ആരാധനക്രമ സഹായത്തിനായി ഗായക സംഘങ്ങളെ രൂപീകരിക്കുകയും മികച്ച പരിശീലനം നൽകുകയും ചെയ്തു. ചുരുക്കത്തിൽ കത്തീഡ്രലിലെ സേവന കാലം ആണ് അച്ചനിൽ കലാജീവിതത്തിനു അടിത്തറ പാകിയത്. തുടർന്നുള്ള ശുശ്രൂഷ ജീവിതത്തിൽ ഉടനീളം ദൈവം അച്ചന് മുന്നിലേക്ക് അവസരങ്ങൾ കൊണ്ടെത്തിക്കുകയായിരുന്നു.

ഏയ്ഞ്ചൽ വോയിസിന്റെ തുടക്കം 

മൂവാറ്റുപുഴയിൽ സ്ഥാപിതമായ ‘ഏയ്ഞ്ചൽ വോയിസ്’ എന്ന കലാസംഘടനയെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. കേരളത്തിൽ മാത്രമല്ല പുറം രാജ്യങ്ങളിലും അത്ര പ്രശസ്തമാണ് ഈ സംഘടനയുടെ പരിപാടികൾ. നാടുകാണി ഇടവകയിൽ സേവനം ചെയ്യുമ്പോഴാണ് ‘ചർച്ച് ക്വയര്‍’ എന്നപേരിൽ ഏയ്ഞ്ചൽ വോയ്സ് ആരംഭിക്കുന്നത്. പെരുന്നാളുകൾക്കും മറ്റും കച്ചേരി അവതരിപ്പിക്കുകയായിരുന്നു ഈ സംഘടനയുടെ പ്രധാന പരിപാടി.  ആരംഭിച്ചതിനു ശേഷം ഈ സംഘടനയ്ക്ക് വലിയ അംഗീകാരമാണ് ലഭിച്ചത്. കേരളത്തിനുള്ളിൽ നിന്ന് ലഭിച്ച അംഗീകാരത്തിന്റെയും അഭിനന്ദനത്തിന്റെയും ചുവടു പിടിച്ചു ഏയ്ഞ്ചൽ വോയ്സ് വിദേശങ്ങളിലേക്ക് യാത്ര തുടങ്ങി. 1988 -ൽ മസ്കറ്റിൽ  ആദ്യ പരിപാടി അവതരിപ്പിച്ചു. തുടർന്ന് നിരവധി വിദേശ പരിപാടികളുമായി തിരക്കിലായിരുന്നു ഏയ്ഞ്ചൽ വോയ്സിലെ കലാകാരന്മാർ.

പരിപാടികൾക്ക് ഉന്നത നിലവാരം പുലർത്തുവാൻ  അച്ചനും കൂട്ടരും ശ്രദ്ധിച്ചിരുന്നു. ഇതു കൂടുതൽ അംഗീകാരങ്ങളും അഭിനന്ദനങ്ങളും സംഘത്തെ തേടി എത്തുന്നതിനു കാരണമായി. നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ സംഘത്തിൽ പങ്കെടുത്തിരുന്നു.  ഏയ്ഞ്ചൽ വോയ്സിനു ഒപ്പം അദ്ദേഹം രൂപം കൊടുത്ത സംഗീത വിദ്യാലയം അനേകരെ സംഗീതത്തിന്റെ പാതയിലേക്ക് എത്തിക്കുന്നു. ഏകദേശം അയ്യായിരത്തിലധികം വേദികളിൽ അദ്ദേഹത്തിന് കച്ചേരി അവതരിപ്പിക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

പ്രശസ്തമായ മറ്റു പ്രവർത്തന മേഖലകൾ 

സംഗീതജ്ഞൻ മാത്രമായി ഒതുങ്ങി നിന്നിരുന്ന ഒരു വ്യക്തിയല്ല  ഫാ. കുരിയാക്കോസ് കച്ചിറമറ്റം. അദ്ദേഹം ഒരു മികച്ച ശില്‍പ്പി കൂടി ആയിരുന്നു. യുവശില്‍പ്പികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ പരിശ്രമത്തിന്റെ ഫലമാണ്‌  മീന്‍കുന്നം പള്ളിയുടെ മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന പിയാത്ത. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റിയലിസ്റ്റ് ശില്പമായ പിയാത്തയുടെ നിര്‍മ്മാണത്തിന് ശേഷം നിരവധി ആളുകളാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. തുടര്‍ന്നു സിനിമാലോകത്തെ കലാ സംവിധാനം നിര്‍വഹിക്കുന്നതിനും ധാരാളം അവസരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി.

അദ്ദേഹം മുന്‍കൈ എടുത്തു ആരംഭിച്ച മൂവാറ്റുപുഴയിലെ കെ എ൦ ജോര്‍ജ്ജ് മെമ്മോറിയല്‍ ഐ ടി സി 1979 – ൽ കേരളത്തിലെ ഏറ്റവും മികച്ച ഐ ടി സി ആയി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ  കേരളത്തിൽ ആദ്യമായി ക്രിസ്മസ് കരോൾ ടാബ്ലോ അവതരിപ്പിച്ചതും ക്രിസ്മസ് രാത്രിയിൽ പരിപാടികൾ ആരംഭിച്ചതും അദ്ദേഹം ആണ്.

എല്ലാം ദൈവത്തിന്റെ അനുഗ്രഹം 

ഫാ. കുരിയാക്കോസ് കച്ചിറമറ്റം തന്റെ ജീവിതത്തിനു മുഴുവൻ നന്ദി പറയുന്നത് ദൈവത്തോടാണ്. തനിക്കുള്ള  കഴിവുകളെല്ലാം ദൈവത്തിന്റെ ദാനമാണെന്നും അവിടുന്നു അനുവദിക്കാതെ ഒന്നും തന്റെ ജീവിതത്തിൽ സംഭവിക്കില്ല എന്നും ഉറച്ചു വിശ്വസിക്കുകയാണ് ഈ വൈദികൻ. ദൈവം തരുന്നതെല്ലാം ദൈവത്തിന്റെ പ്രവർത്തികൾ നമ്മിലൂടെ പ്രകടമാകുന്നതിനു വേണ്ടിയാണു എന്ന് അദ്ദേഹം പറയുന്നു. ദൈവം തന്ന അനുഗ്രഹങ്ങൾക്കെല്ലാം നന്ദി പറഞ്ഞു കൊണ്ട് അവയെ സുവിശേഷ വേലയ്ക്കുള്ള ഉപകരണമാക്കി മാറ്റുകയാണ് ഈ അനുഗ്രഹീത കലാകാരൻ. കലകൾക്കുള്ളിലെ നന്മയിലൂടെ സമൂഹത്തിലെ അനേകരിലേക്കു സഞ്ചരിക്കുകയാണ് സംഗീതത്തെ, കലയെ പ്രണയിച്ച ഈ വൈദികൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.