മഹാപ്രളയത്തിലെ പിരിവുകളും സഹായങ്ങളും

ജെയ്സൺ കുന്നേൽ

മലയാളികളുടെ മഹാമനസ്കതയെ മാനവർ വാനോളം വാഴ്ത്തിയ  സന്ദർഭങ്ങളായിരുന്നു മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനവും അതിനു ശേഷം നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളും. ‘ഞങ്ങൾ മരിച്ചാലും നിങ്ങൾ ജീവിക്കും’ എന്നുറപ്പു നൽകിയ കേരളത്തിലെ രക്ഷാസൈന്യമായ മൽസ്യത്തൊഴിലാളികളും,  “രക്ഷാ പ്രവർത്തനത്തിന്റെ അവസാനം ഓട്ടം ഓടി കരയ്ക്കെത്തിയപ്പോൾ രക്ഷപെട്ടവരിൽ ആരോ വച്ചു നീട്ടിയ 500 രൂപാ ചങ്ങനാശ്ശേരി ചന്തപ്പള്ളിയുടെ ഭണ്ഡാരപ്പെട്ടിയിൽ നിക്ഷേപിച്ച വിഴിഞ്ഞത്തെ സഹോദരനും വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ കഴിയുന്നതുവരെ തന്റെയടുത്ത് മുടി വെട്ടിക്കാൻ വരുന്നവരോട് എന്തെങ്കിലും തന്നാൽ മതി എന്നു പറഞ്ഞ ചങ്ങനാശ്ശേരിയിലെ ബാർബർ തൊഴിലാളിയായ തമിഴ്നാട്ടുകാരൻ മുരുകനുമെല്ലാം നന്മയുടെ ഉറവകൾ വറ്റിയിട്ടില്ല എന്ന ഓർമ്മപ്പെടുത്തലാണ്” (കടപ്പാട്: ഫാ. ടിജോ പുത്തൻപറമ്പിൽ). എങ്കിലും മഹാപ്രളയത്തിനു ശേഷമുള്ള പിരിവു പ്രളയത്തിൽ നാം മറക്കാതെ ഓർമ്മയിൽ സൂക്ഷിക്കേണ്ട ചില യാഥാർത്യങ്ങൾ ഉണ്ട്

സംഭാവനകൾ സ്വരൂപിക്കുന്നവരോട്…

Facebook പോസ്റ്റുകൾ അടിച്ചു മാറ്റുന്ന ലാഘവത്തോടെ അർഹതപ്പെട്ടവരുടെ ആനുകൂല്യങ്ങൾ തനിക്കാക്കുന്നവരും മറ്റുള്ളവർ ചെയ്ത മഹനീയ സേവനങ്ങൾ അടിച്ചുമാറ്റി online ലൈക്കുകൾക്കു മാത്രം പരിശ്രമിച്ചവരും ഈ പ്രളയാന്തര കാലത്തെ മഹാ പ്രളയങ്ങൾ ആണ്.

കേരള മക്കളുടെ കണ്ണീരിനു വില പറഞ്ഞ് ലോകമാസകലം പിരിവു നടത്തുന്നവർ ഒന്നു മാത്രം ഓർക്കുക അത് അർഹതപ്പെട്ടവരുടെ കരങ്ങളിൽ എത്തണം. അതിൽ നിന്നു ആര് അടിച്ചുമാറ്റിയാലും, രാഷ്ടീയക്കാരോ, സംഘടനകളോ, മതത്തിന്റെ പേരിൽ വരുന്നവരോ, തൽപ്പരകക്ഷികളോ, വ്യക്തികളോ ആരായാലും അവരാണ് പിടിച്ചു കയറാൻ ബദ്ധപ്പെടുന്ന മലയാളിമക്കളുടെ കുതി കാലുവെട്ടുന്നവർ. പ്രളയത്തിലും ഒലിച്ചുപോകാത്ത മാലിന്യമാണ് ഈകൂട്ടർ. ലോകം മുഴുവൻ കൈ മറന്നു സഹായിക്കുമ്പോൾ അതിൽ നിന്നു കയ്യിട്ടുവാരുന്നവർ മലയാളക്കരയിൽ ശക്തമായ പെരുമഴയുടെ ന്യൂനമർദ്ദം വീണ്ടും സൃഷ്ടിക്കും അതു തീർച്ച. പിരിച്ചെടുത്ത ഓരോ നയാ പൈസയും അർഹതപെട്ടവന്റെ കൈക്കുമ്പിളിൽ എത്തുമ്പോഴെ എന്റെ അമ്മ കേരളം ചിരിക്കുകയുള്ളു.

സംഭാവനകൾ സ്വരൂപിക്കുന്നവരേ, നിങ്ങൾ മേടിക്കുന്നത് കണ്ണീരിന്റെ പണമാണ്, തകർന്നടിഞ്ഞിതിന്റെ കൈത്താങ്ങാണ്. അത് മുഴുവനും അർഹതപെട്ടവന്റെ കണ്ണീരൊപ്പാനും, തകർന്നതു പുനരുദ്ധരിക്കാനും ഉപയോഗിക്കണേ.

സഹായം ലഭിക്കുന്നവരോട്

പലവിധത്തിൽ സഹായം കിട്ടുന്നവരും ശ്രദ്ധിക്കണം. ദുരിതശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിൽ നമ്മുടെ ജില്ലാ കളക്ടർമാർ വഹിച്ച പങ്ക് പെരുവള്ളത്തിലും ഒലിച്ചുപോകാത്ത യാഥാർത്ഥ്യമാണ്. ദുരിതമനുഭവിക്കാത്ത ചിലരും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ചുരുക്കം ചിലരും മറ്റുള്ളവർക്കു കൂടി കിട്ടേണ്ട സഹായങ്ങൾ ആർത്തിയോടെ ശേഖരിക്കുന്ന ‘കളക്ടർമാർ’ ആയി അധപതിച്ചിരിക്കുന്നു. ഗവൺമെന്റിന്റെയും മറ്റു സംഘടനകളുടെയും അനുകൂല്യം അടിച്ചു മാറ്റാൻ അർഹതയില്ലാത്ത ചിലരെങ്കിലും ക്യാമ്പുകളിൽ നുഴഞ്ഞു കയറിയിരുന്നു എന്നതു നഗ്ന സത്യമാണ്. മറ്റുള്ളവരെ ബോധപൂർവ്വം അവഗണിക്കുന്ന ഒരു മലയാളി മനോഭാവം ചില ഇടങ്ങളിലൊക്കെ തലപൊക്കുന്നുണ്ട് എന്നത് വേദനയുളവാക്കുന്നു. എനിക്കു ലഭിക്കാത്തതു അവനും കിട്ടരുത്, അല്ലങ്കിൽ അവനു ലഭിച്ചതു അർഹതയില്ലങ്കിലും എനിക്കും ലഭിക്കണം എന്ന ശരാശരി മനോഭാവം പല ആനുകൂല്യങ്ങളും നമ്മളിൽ നിന്നു അകറ്റുന്നു.

‘കരയുന്ന കുഞ്ഞിനേ പാലുള്ളു’ എന്ന മനോഗതി മാറണം. കരയാൻ പോലും ശേഷിയില്ലാത്തവനെ നമ്മൾ മറന്നുകൂടാ.

സഹായം സ്വീകരിക്കുന്നവരേ, അർഹതയുള്ളതു മാത്രം സ്വന്തമാക്കുക.  അർഹതപ്പെടാത്തതു വാങ്ങിച്ചു കൂട്ടുമ്പോൾ സ്വന്തം നഷ്ടത്തിനും, കഷ്ടപ്പാടിനും ഒപ്പം നമ്മളെക്കാളും വേദനിക്കുന്ന, ദുരിതം അനുഭവിക്കുന്ന അയൽക്കാരെ മറക്കരുതേ.

സഹായം നൽകുന്നവരോട്

മഹാപ്രളയത്തെ  മലയാളികൾ അതിജീവിച്ചെങ്കിൽ അതു നമ്മൾ ഒന്നാണന്ന വിശ്വാസം മൂലമാണ്. മുഖം മറച്ചുകൊണ്ടു നന്മയുടെ മുഖശ്രീ തീർത്തവർ അനേകർ. കൊട്ടിഘോഷിക്കപ്പെടാതെ അപരന്റെ കണ്ണീരൊപ്പിയവർ നിരവധി. ചെറുതും വലുതമായ സംഭാവനകളും സഹായങ്ങളും നൽകിയവർ എണ്ണമറ്റം. കൈ അയഞ്ഞു സഹായം നൽകിയവരുടെ മാതൃകകൾ അനേകർക്കു ആവേശം പകർന്നു. ആത്മാർത്ഥതയോടുള്ള സഹായങ്ങൾ അതു ചെറുതോ വലുതോ ആകട്ടെ നമ്മൾ നൽകാൻ തയ്യാറാവണം. കോടീശ്വരൻ  നൽകുന്ന കോടിയും കൂലി പണിക്കാരന്റെ അൻപതു രൂപയും നവകേരള സൃഷ്ടിക്കാണ്. സാമ്പത്തികമായി മാത്രമല്ല സഹായം നൽകാവുന്നത്. മഹാപ്രളയത്തിൽ തകർന്നടിഞ്ഞ വീടുകളും തെരുവുകളും വൃത്തിയാക്കുമ്പോഴും എല്ലാം നഷ്ടപ്പെട്ടവർക്കു താങ്ങും തണലുമായി കൂടെ നിൽക്കുമ്പോഴും അവർക്കു കരകയറാൻ കൈ നീട്ടുമ്പോഴും  നിന്റെ സംഭാവന വിലയുള്ളതാണ്.

യാത്രാ സൗകര്യമുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ പോകാനും സഹായം നൽകാനും ഫോട്ടോ എടുക്കാനും മുഖപുസ്തകത്തിൽ സ്റ്റാറ്റസ് പുതുക്കാനും പലർക്കും സന്തോഷമാണ്. അത്തരക്കാരൊടു ഒരു അഭ്യർത്ഥനെയുള്ളു ദുരിതാശ്വാസ ക്യാമ്പുകൾ നമ്മുടെ കാഴ്ചബംഗ്ലാവുകളലല്ല. ഒരു ജന്മം മുഴുവൻ സമ്പാദിച്ചതെല്ലാം ഒരു പെരുമഴയിൽ ഒലിച്ചുപോയ മനുഷ്യരുടെ കണ്ണീർ കൂടാരമാണത്. ആത്മാർത്ഥതയില്ലാതെ ആരും അവിടെ കാലുകുത്തരുത്. ആരും കടന്നു ചെല്ലാത്ത മിനിമം സൗകര്യം പോലും ഇല്ലാത്ത ക്യാമ്പുകളും നമ്മൾ മറക്കരുതേ..

കൊടുക്കാൻ കഴിയാത്തവരോട്…

ഈ പ്രളയകാലത്തു തങ്ങൾക്കു കാര്യമായി ഒന്നും കൊടുക്കാൻ ശേഷിയില്ലല്ലോ എന്നു കരുതുന്നവരും ദുരന്തം എല്ലാം നശിപ്പിച്ചതിനാൽ മറ്റുള്ളവർക്കു വേണ്ടി ഇറങ്ങാൻ നിർവാഹമില്ലാത്തവരും വിരളമല്ല. ഒന്നും കൊടുക്കാൻ ശേഷിയില്ലാത്തവരും  മനഃപൂർവ്വം കൊടുക്കാതിരിക്കുന്നവരും ചില കാര്യങ്ങൾ ശ്രദ്ധിക്കുവാണങ്കിൽ അവർക്കും കാരുണ്യ പ്രളയത്തിന്റെ ഭാഗമാകാം:

1. ഭക്ഷണം ഒരു രീതിയിലും നഷ്ടപ്പെടുത്താതിരിക്കുക

2. ഭക്ഷണം കഴിവതും ലളിതമാക്കുക

3. കഴിവതും Restaurant ഭക്ഷണം ഈ ദിവസങ്ങളിൽ ഒഴിവാക്കുക.

പട്ടിണി കിടക്കാനോ, ഭക്ഷണ ചിലവ് ചുരുക്കി ആ പണം സഹായം നൽകാനോ അല്ല ഉദ്ദേശിക്കുന്നത്. ഇത് ജീവതം മുഴുവനും ചെയ്യാനുമല്ല. കുറഞ്ഞത് കുറച്ചു കാലത്തേക്കെങ്കിലും.

ആർഭാടങ്ങൾ ഒഴിവാക്കി വിവാഹം നടത്തി അവ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നൽകയവരും, ‘ഓണകോടി വേണ്ട അച്ഛാ ഇത് ദുരിതം അനുഭവിക്കുന്നവർക്ക് നൽകാം’ എന്നു പറഞ്ഞു തന്റെ ചെറിയ കുടുക്ക നീട്ടിയ മൂന്നര വയസുകാരി അർപ്പിതയും ദുരിതക്കയത്തിലും പ്രകാശം തെളിയച്ചവരാണ്.

കൊടുക്കാൻ കഴിയാത്തവരേ, സാധിക്കുന്ന രീതിയിൽ മനസ്സുകൊണ്ടെങ്കിലും ദുരിതം അനുഭവിക്കുന്നവരുടെ വേദനയിൽ പങ്കുചേരുക. ഒന്നും കൊടുത്തില്ലെങ്കിലും സഹായവും സന്നദ്ധ സേവനവും നൽകുന്നതിലെ ചെറു പോരായ്മകൾ പെരുപ്പിച്ചു പറഞ്ഞു അവ നൽകുന്നവരെ മടുപ്പിക്കരുതേ. സഹായം സ്വീകരിക്കുന്നവരെ കളിയാക്കി അവരുടെ വേദന കൂട്ടരുതേ.

നിർബദ്ധിക്കരുത്…

ദുരിതാശ്വാസ ക്യാമ്പ്യന്റെ മറവിൽ പക വീട്ടലും കരിഞ്ചന്തയും സ്വജനപക്ഷപാതവും ചിലയിടങ്ങളിൽ അരങ്ങേറുന്നുണ്ട്. ഒരുവനു പത്തു രൂപയെ കൊടുക്കാൻ താൽപര്യം ഉള്ളു എങ്കിൽ അതിൽ കൂടുതൽ അവനിൽ നിന്നു നിർബദ്ധിക്കരുത്. ഓരോ ചെറിയ തുകയും വിലപ്പെട്ടതാണ്. നിനക്കു കഴിവുണ്ടോ സന്തോഷപൂർവ്വം ഉദാരമായി ദാനം ചെയ്യുക. മറ്റുള്ളവർക്കു നല്ല മാതൃക നൽകുക. സംഭാവന നൽകാത്തതിന്റെ പേരിൽ മറ്റുള്ളവരുടെ സ്ഥാപനങ്ങളും സ്വത്തുക്കളും നശിപ്പിക്കുന്നതു കാടത്തമാണ്.  ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ പേരിൽ തോന്നിവാസം നടത്തുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്.

“നിങ്ങൾക്കു നൂറുപേരേ ഊട്ടാനാവില്ലയിരിക്കും എന്നാൽ ഒരാളെയെങ്കിലും ഊട്ടുക” എന്ന കൽക്കത്തയിലെ വിശുദ്ധ മദർ തെരേസായുടെ വാക്കുകൾ നമ്മൾ വിസ്മരിക്കരുത്.

ഈ കാലം മലയാളികൾക്ക് അതിജീവനത്തിന്റെ കാലമാണ്. അതിജീവനത്തിന്റെ ഈ നാളുകളിൽ ഓർമ്മയുണ്ടാവണം കൂടെ നിന്നവരെയും  കൈ പിടിച്ചുയർത്തിയവരെയും…

ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.