കാരുണ്യ കേറ്ററേഴ്‌സ്: വിഷമില്ലാത്ത ഭക്ഷണം, അളവില്ലാത്ത കാരുണ്യം

മഞ്ജു വാര്യര്‍ എന്ന നടിയുടെ തിരച്ചുവരവായിരുന്നു ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന മലയാള സിനിമ. ഒരുപക്ഷേ കേരളം നേരിടുന്ന ഒരു വന്‍വിപത്തിലേക്കുള്ള വിരല്‍ചൂണ്ടല്‍ കൂടിയായിരുന്നു ഈ ചലച്ചിത്രം. സിനിമ കണ്ട്, കയ്യടിച്ച് തിയേറ്റര്‍ വിട്ടിറങ്ങിയവരില്‍ ചിലരെങ്കിലും തങ്ങളുടെ ഇത്തിരി ടെറസില്‍ ഒരു മുളകിന്റെ തൈയെങ്കിലും നട്ടു വച്ചു. ഈ സിനിമ പറയുന്നത് പോലെ വിഷം തിന്ന് വിശപ്പകറ്റേണ്ട ഒരു ഭക്ഷ്യസംസ്‌കാരത്തിലേക്കാണ് നാം ഇന്ന് നടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അരിയിലും പച്ചക്കറിയിലും ധാന്യങ്ങളിലും എന്ന് വേണ്ട പച്ചവെള്ളത്തില്‍ പോലും കൃത്രിമം.  കൃത്രിമ നിറക്കൂട്ടുകളും രാസപദാര്‍ത്ഥങ്ങളും നമ്മുടെ ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷണം ഒരുക്കി നല്‍കുന്നതില്‍ വേറിട്ടൊരു പാതയിലൂടെ കാരുണ്യ കേറ്ററേഴ്‌സ് സഞ്ചരിക്കുന്നത്. ചെങ്ങാലൂരിലെ കാരുണ്യനികേതന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംരംഭമാണ് ഈ കേറ്ററിംഗ് യൂണിറ്റ്.

കാരുണ്യ കേറ്ററിംഗിന്റെ മാത്രം പ്രത്യേകതകള്‍

കോള്‍പ്പാടങ്ങളില്‍ കൃഷി ചെയ്യുന്ന നെല്ലാണ് ചോറ് തയ്യാറാക്കുന്നതിനായി ഇവിടെ ഉപയോഗിക്കുന്നത്. അതുപോലെ കിട്ടാവുന്നത്ര ജൈവരീതിയിലുള്ള പച്ചക്കറികള്‍ കൊണ്ടാണ് കറികളുണ്ടാക്കുന്നത്. അജിനോമോട്ടോ പോലയുള്ള രാസവസ്തുക്കള്‍ യാതൊരു കാരണവശാലും കറികളില്‍ ഉപയോഗിക്കാറില്ല. അതില്ലാതെ തന്നെ ഇവിടത്തെ ഭക്ഷണം രുചികരമാകുന്നു. മുളക്, തക്കാളി, ഏത്തയ്ക്ക എന്നീ പച്ചക്കറികള്‍ ഇവിടെത്തന്നെ കൃഷി ചെയ്യുന്നുണ്ട്.  കറിവേപ്പില പോലെയുള്ള സാധനങ്ങള്‍ വീടുകളില്‍ നിന്നാണ് ശേഖരിക്കുന്നത്. അതായത് ഏറ്റവും വിശ്വാസ്യമായി സ്ഥലത്ത് നിന്നാണ് ഭക്ഷണമൊരുക്കാനുള്ള സാധനങ്ങള്‍ ഇവിടെ എത്തിച്ചേരുന്നതെന്ന് ചുരുക്കം.

കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി

ആരുമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് എല്ലാമായി മാറിയ ‘ആകാശപ്പറവകള്‍’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് കണ്ണംപ്ലാക്കലച്ചനാണ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ ഉറവിടം. ഫാദര്‍ ടിജോ മംഗലത്ത് ആണ് ഇപ്പോള്‍ ചാര്‍ജ്. 2001 ഡിസംബര്‍ 21 നാണ് ഈ ട്രസ്റ്റ് രൂപം കൊണ്ടത്. ഒന്‍പത് ചെറുപ്പക്കാരായിരുന്നു ഇതിന്റെ അമരക്കാര്‍. മനസ്സിന്റെ താളം തെറ്റിയവരെ ഏറ്റെടുത്ത് പുനരധിവസിപ്പിക്കുക, ജീവന്‍ സംരക്ഷിക്കുന്നതിനായി നില കൊള്ളുക (പ്രൊലൈഫ് മൂവ്മെന്റ്) എന്നിവ ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. നന്മയുള്ള ഈ ഹൃദയങ്ങള്‍ അനേകം സേവനങ്ങള്‍ സമൂഹത്തിന് നല്‍കുന്നുണ്ട്. അതിലൊന്നാണ് കാരുണ്യ കേറ്ററേഴ്‌സ് എന്ന കേറ്ററിംഗ് സ്ഥാപനം.

”ഈ കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ വലിയ വരുമാനമൊന്നും ലഭിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ വരുമാനത്തിനായി ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ കുറവ് വരുത്താന്‍ ഈ ചെറുപ്പക്കാര്‍ തയ്യാറാകില്ല. അതവരുടെ ആദര്‍ശവും വിശ്വാസവുമാണ്.” ഫാദര്‍ ടിജോ പറയുന്നു. പ്രകൃതിദത്തമായ ചേരുവകളാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന് ഫാദര്‍ ടിജോ ഉറപ്പ് നല്‍കുന്നു. ജോലികളില്‍ സഹായിക്കുന്നതിനായി 36 സ്റ്റാഫുകളാണ് ഇവിടെയുള്ളത്.

കാരുണ്യ നികേതനെക്കുറിച്ച്

കാരുണ്യത്തിന്റെ മഹാസാഗരമായിരുന്നു ക്രിസ്തു. ആ മഹാകാരുണ്യത്തിന്റെ തണലില്‍ ആശ്രയമറ്റവരെയും നിരാലംബരെയും ചേര്‍ത്ത് നിര്‍ത്തുകയാണ് ചെങ്ങാലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ നികേതന്‍ എന്ന സ്ഥാപനം. ദിവ്യകാരുണ്യ സഭാ വൈദികരുടെയും നന്മയുള്ള യുവജനങ്ങളുടെയും കൂട്ടായ്മയാണ് കാരുണ്യനികേതന്‍ എന്ന് പറയാം. തിരക്കുകളുടെ ഈ ലോകത്ത് ആര്‍ക്കും ആരെയും ശ്രദ്ധിക്കാനോ പരിചരിക്കാനോ സമയമുണ്ടാകാറില്ല. അന്യന്റെ സന്തോഷങ്ങളോ സങ്കടങ്ങളോ അവരെ ബാധിക്കാറില്ല. എന്നാല്‍ നന്മയും സ്‌നേഹവുമുള്ള മനസ്സുകള്‍ അസ്തമിച്ചിട്ടില്ല എന്ന് തെളിയിക്കുകയാണ് ചെങ്ങാലൂര്‍ സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍. അവരുടെ മനസ്സിലാണ് കാരുണ്യനികേതന്‍ എന്ന ആശയം ആദ്യം മുളപൊട്ടിയത്. തങ്ങളുടെ അധ്വാനത്തിന്റെ ഒരു പങ്ക് ആരുമില്ലാത്ത, മാനസിക വൈകല്യമുള്ളവര്‍ക്ക് വേണ്ടി മാറ്റി വയ്ക്കാം എന്ന് അവര്‍ തീരുമാനിക്കുന്നു.  പിന്നീട് ഇവര്‍ക്കൊപ്പം ദിവ്യകാരുണ്യ സഭാ മിഷണറി വൈദികരും ചേര്‍ന്നു.

അങ്ങനെ 2006 ഡിസംബര്‍ 21 ന് അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് കാരുണ്യ നികേതന്‍ എന്ന സ്ഥാപനത്തിന്റെ ആദ്യ കെട്ടിടം ആശീര്‍വദിച്ചു. തുടര്‍ന്ന് 2008-ലും 2012-ലും യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും ബ്ലോക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അഭിവന്ദ്യ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവായിരുന്നു ഇവ ആശീര്‍വദിച്ചത്. ഏകദേശം ആറായിരം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 25 പേരാണ് മക്കളായുള്ളത്. ദൈവപരിപാലനയുടെ കരങ്ങളാണ് ഈ സ്ഥാപനത്തെ ഇന്നോളം കൈപിടിച്ച് നടത്തിയിരിക്കുന്നത്.

കാരുണ്യമാതാ ഗിഫ്റ്റ് ആന്റ് ഫ്‌ളവേഴ്‌സ്

പ്രിയപ്പെട്ടൊരാള്‍ക്ക് സര്‍പ്രൈസായി ഒരു ഗിഫ്റ്റ് കൊടുക്കാണമെന്ന് തോന്നിയാല്‍ അതിന് വേണ്ടി ടെന്‍ഷനാകേണ്ട. കാരുണ്യമാതാ ഗിഫ്റ്റ് ആന്റ് ഫ്‌ളവേഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് ഒന്നു വിളിക്കുകയേ വേണ്ടൂ. പ്രിയപ്പെട്ടവര്‍ക്കുള്ള സമ്മാനം അവരുടെ വീട്ടിലെത്തും; നിങ്ങളാഗ്രഹിക്കുന്ന സമയത്ത്. അതുപോലെ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് അനുബന്ധ സ്ഥാപനങ്ങളാണ് കാരുണ്യ ലൈറ്റ് ആന്റ് സൗണ്ട്‌സ്, കാരുണ്യ കോപ്പി പോയിന്റ് എന്ന വിസാ സ്ഥാപനം, കാരുണ്യ ആംബുലന്‍സ് ആന്റ് സര്‍വ്വീസ് എന്നിവ.

ഭാവി സ്വപ്നങ്ങള്‍

കാരുണ്യ കേറ്ററേഴ്‌സിന് ധാരാളം ഭാവിസ്വപ്നങ്ങളുണ്ട്. അതിലൊന്നാണ് ഒരു സൈക്യാട്രി ക്ലിനിക്. മാനസിക ബുദ്ധിമുട്ടുള്ളവര്‍ക്ക് നല്ല ചികിത്സ നല്‍കാനൊരു സ്ഥാപനം. അതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇവരിപ്പോള്‍. മായമില്ലാത്ത നല്ല ഭക്ഷണമാണ് ഈ കാറ്ററിംഗ് സര്‍വ്വീസ് സ്ഥാപനം നമുക്ക് നല്‍കുന്നത്. ദൈവം തന്റെ കരങ്ങള്‍ നീട്ടി ഇവര്‍ക്ക് ആശ്വാസമാകുമ്പോള്‍ വായനക്കാരായ നമുക്കും ഈ മക്കളോട് ഒരു കടമയുണ്ട്. അത് നിറവേറ്റാന്‍ ഈ സ്ഥാപനത്തെ പിന്തുണയ്‌ക്കേണ്ടത് നമ്മുടെയും ഉത്തരവാദിത്വമാണ്.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9447352727, 9744028979

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.