കാർട്ട് സഭാസമുദായ പഠനസഹായി 4 – പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം അതിരൂപതയുടെ ശതാബ്ദിയോടനുബന്ധിച്ച് തുടക്കം കുറിച്ച ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന സഭാസമുദായ പഠനസഹായിയുടെ നാലാമത്തെ പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറിയും കാർട്ട് സീനിയർ മെന്ററുമായ ഫാ. ജോയി കട്ടിയാങ്കലിന് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്.

അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, വികാരി ജനറാളും കാർട്ട് ഡയറക്ടറുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തോമസ് ചാഴിക്കാടൻ എം.പി., ഷെവ. ജോയി ജോസഫ് കൊടിയന്തറ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ത്രേസ്യാമ്മ വി.ടി., കെ.സി.സി. വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, കെ.സി.ഡബ്ല്യു.എ. പ്രസിഡന്റ് പ്രൊഫ. മേഴ്‌സി മൂലക്കാട്ട്, കെ.സി.വൈ.എൽ. പ്രസിഡന്റ് ലിബിൻ പാറയിൽ എന്നിവർ സന്നിഹിതരായിരുന്നു.

സഭയുടെ വിശ്വാസ സത്യങ്ങളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വിശദമാക്കുന്നതാണ് നാലാമത്തെ പഠനസഹായി. സഭയുടെ വിശ്വാസം, നിലനില്പ്, സ്വഭാവം, ലക്ഷ്യം, ചരിത്രപരമായ വസ്തുതകൾ എന്നിവ പഠനസഹായിയിൽ പ്രതിപാദിച്ചിട്ടുണ്ട്. ദൈവശാസ്ത്രജ്ഞനായ റവ. ഡോ. ജോർജ്ജ് കറുകപ്പറമ്പിലച്ചനാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

സഭാ-സമുദായ പഠനത്തിൽ താല്പര്യമുള്ള എല്ലാവർക്കും പ്രയോജനപ്രദമാകുന്നതിനായി കാർട്ടിന്റെ നേതൃത്വത്തിൽ ഇതിനോടകം മൂന്ന് പഠനസഹായികൾ പ്രസിദ്ധീകരിച്ചിരുന്നു. സഭയെക്കുറിച്ചും സമുദായത്തെക്കുറിച്ചുമുള്ള ശരിയായ അറിവുകളും അടിസ്ഥാനബോധ്യങ്ങളും ലഭിക്കുന്നതിനാവശ്യമായ ലേഖനങ്ങൾ ഉൾപ്പെടുത്തി ഒന്നാമത്തെ പഠനസഹായിയും, ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യവും സഭാസംവിധാനങ്ങളും സുസ്ഥിരമായി സംരക്ഷിക്കുന്നതിന് അതിരൂപത സ്വീകരിച്ചിട്ടുള്ള നിലപാടുകളും പ്രവർത്തനങ്ങളും വിശദമായി പ്രതിപാദിച്ച് രണ്ടാമത്തെ പഠനസഹായിയും, തെക്കുംഭാഗ സമുദായത്തിന്റെ വിശുദ്ധ ഗ്രന്ഥാടിസ്ഥാനങ്ങളെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളിലെ അനന്യതയെക്കുറിച്ചും വിശദമാക്കുന്ന ലേഖനങ്ങൾ ഉൾച്ചേർത്ത് മൂന്നാമത്തെ പഠനസഹായിയുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകങ്ങൾ കോട്ടയം ജ്യോതി ബുക്ക് ഹൗസിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.