ജൂബിലി സമ്മാനമായി പാവപ്പെട്ടവർക്ക് സർപ്രൈസ്‌ ഗിഫ്റ്റ് നൽകിയ മുൻ വികാരിയച്ചൻ

മരിയ ജോസ്

ജൂബിലി ഒരു തിരിഞ്ഞു നോട്ടമാണ്. കടന്നു വന്ന നാളുകളെ നന്ദിയോടെ സ്മരിക്കുന്ന അവസരം. ഒരു വൈദികനെ സംബന്ധിച്ചിടത്തോളം പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി എന്നത് നിസാരമല്ല. ദൈവജനത്തിന്റെ പ്രാർത്ഥനയുടെയും ദൈവാനുഗ്രഹത്തിന്റെയും ഫലമാണ് അത്. അതിനാൽ തന്നെ നാളിതുവരെ തനിക്കായി പ്രാർത്ഥിച്ച ദൈവ ജനത്തിന് സഹായമെത്തിച്ചുകൊണ്ട് തന്റെ പൗരോഹിത്യ ജൂബിലി ആഘോഷിച്ച ഒരു വൈദികനുണ്ട്. താൻ സേവനം അനുഷ്ഠിച്ച ഇടവകകളിലെ പാവപ്പെട്ട 12 കുടുംബങ്ങൾക്കും കപ്യാർക്കും ചെറിയ സാമ്പത്തിക സഹായം എത്തിച്ചുകൊണ്ട് കൊറോണ കാലത്ത് മാതൃകയായ ആ വൈദികനാണ് തൃശൂർ അതിരൂപതയിലെ ഫാ. ലോറൻസ് ഒലക്കേങ്കിൽ. വ്യത്യസ്തമായ ഈ ആഘോഷത്തിന്റെ വിശേഷങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് അദ്ദേഹം…

“ഞാൻ ആരും അറിയാൻ വേണ്ടി ചെയ്തതല്ല. ഞാൻ ചെയ്ത നല്ലകാര്യം നിങ്ങൾ എന്തിനാണ് പ്രസിദ്ധപ്പെടുത്തുന്നത്?” ഒലക്കേങ്കിൽ അച്ചനെ ഫോൺ വിളിച്ചു സംസാരിച്ചു തുടങ്ങിയപ്പോൾ ആദ്യം അദ്ദേഹം ചോദിച്ചത് ഇപ്രകാരമാണ്. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാതിരിക്കട്ടെ എന്ന ക്രിസ്തു വചനം ശിരസാ വഹിച്ച ആ വൈദികന്റെ വാക്കുകൾ ആദ്യം അത്ഭുതമായിരുന്നു. ഇന്നത്തെ ലോകത്ത് ഇത്തരം നല്ല വൈദികരുടെ മാതൃകൾ ആണ് ആവശ്യം അച്ചാ എന്ന് പറഞ്ഞപ്പോൾ അൽപ്പം നീരസത്തോടെയാണെങ്കിലും അദ്ദേഹം സംസാരിച്ചു തുടങ്ങി. അരമണിക്കൂർ നീണ്ട സംസാരത്തിനിടയിൽ ആരും അറിയാതെ ഇരിക്കാൻ വളരെ രഹസ്യമായി ചെയ്ത ഒരു നന്മ പ്രവർത്തി ലോകം അറിഞ്ഞതിലുള്ള ചെറിയ സങ്കടം രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല. എങ്കിലും അദ്ദേഹം തന്റെ ജീവിതം ലൈഫ് ഡേയോട് പങ്കുവച്ചു.

“ഞാൻ വളരെ പിശുക്കി ചിലവാക്കുന്ന ആളാണ്. അത്യാവശ്യ ചിലവുകളല്ലാതെ മറ്റു ചിലവുകൾ ഒന്നും തന്നെയില്ല. അതിനാൽ തന്നെ എന്റെ കയ്യിൽ കാശ് ഉണ്ടാകും. ഇപ്പോൾ ഞാൻ നല്ല മരണത്തിനായിഒരുങ്ങുകയാണ്. അപ്പോൾ എന്റെ കയ്യിൽ എന്തിനാണ് കാശ്. അത് ആവശ്യക്കാർക്ക് കൊടുക്കുവാൻ അങ്ങ് തീരുമാനിച്ചു” – താൻ സേവനം ചെയ്ത ഇടവകകളിലെ പാവങ്ങൾക്ക് സഹായം എത്തിക്കുവാനുള്ള തീരുമാനത്തെ കുറിച്ച് ഒലക്കേങ്കിൽ അച്ചൻ പറഞ്ഞു തുടങ്ങി. ശരിക്കും പറഞ്ഞാൽ ഒലക്കേങ്കിൽ അച്ചന്റെ ജൂബിലി കഴിഞ്ഞ വർഷം ആയിരുന്നു. വല്യ ആൾക്കൂട്ടങ്ങളുടെ സാന്നിധ്യം ഒഴിവാക്കി തൃശൂർ അതിരൂപതയുടെ നാലു ഭാഗങ്ങളിൽ ആയി സ്ഥിതി ചെയ്യുന്ന ദൈവാലയങ്ങളിൽ വച്ചായി വളരെ ലളിതമായി ആഘോഷവും കഴിഞ്ഞു. അന്ന് കയ്യിൽ ഉണ്ടായിരുന്ന പണമാണ് പാവങ്ങൾക്ക് സഹായമായി അച്ചൻ കൈമാറിയത്. ഏതാണ്ട് എട്ടുലക്ഷത്തോളം രൂപയാണ് അച്ചൻ പാവങ്ങൾക്കായി മാറ്റി വച്ചത്. താൻ സേവനം ചെയ്ത ഇടവകകളിലെ ആളുകളെ കൂടാതെ മൂന്നു മിഷൻ സ്റ്റേഷനുകളിലെ പ്രവർത്തനത്തിനായും അച്ചൻ ഒരു തുക മാറ്റിവച്ചു.

സാധാരണ ഗതിയിൽ അച്ചന്മാർ പണം വിശ്വാസികളുടെ കയ്യിൽ നിന്ന് വാങ്ങുന്നു എന്ന പരാതിയാണ് ലോകത്തിനുള്ളത്. എന്നാൽ തന്റെ കയ്യിൽ ഉള്ള പണം തന്നെ ഏൽപ്പിച്ച ദൈവജനത്തിനായി വിനിയോഗിക്കുന്ന അനേകം വൈദികരെ ലോകം തിരിച്ചറിയാറില്ല. അവരിൽ ഒരാളാണ് ഈ ലോറൻസ് അച്ചൻ. ഇനി പാവങ്ങൾക്കൊപ്പം ഉള്ള ജീവിതം അച്ചൻ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തകനാണു ഇദ്ദേഹം. നിരവധി സാമൂഹിക പ്രശ്‍നങ്ങളിൽ ഇടപെടുകയും സാധാരണക്കാർക്കൊപ്പം നിൽക്കുകയും ചെയ്ത ഈ വൈദികൻ ജീവിതത്തിന്റെ കൈയ്പ്പു നിറഞ്ഞ അനുഭവങ്ങളിലൂടെ ആണ് കടന്നു വന്നത്. അതിനാൽത്തന്നെ സാധാരണക്കാരുടെ വേദനയും നൊമ്പരവും മറ്റാരേക്കാളും അച്ചന് അറിയാമായിരുന്നു.

നാലാം വയസിൽ ഒലക്കേങ്കിലച്ചന് തന്റെ അച്ചനെ നഷ്ടപ്പെട്ടു. അന്ന് മുതൽ അമ്മയായിരുന്നു അച്ചന്റെ എല്ലാം. അമ്മയ്ക്കായിട്ടായിരിക്കും എന്റെ ജീവിതം എന്ന് ശപഥം ചെയ്തു മുന്നോട്ട് പോയ മകന് മുന്നിൽ ദൈവം വീണ്ടും ഒരു അഗ്നിപരീക്ഷണം നടത്തി. അവന്റെ പതിനാലാം വയസിൽ പാമ്പുകടിച്ചു അമ്മ മരിക്കുകയാണ്. അതും ആ മകന്റെ മടിയിൽ കിടന്നു. ഏക സഹോദരി വിവാഹം കഴിഞ്ഞു പോയെങ്കിലും വൈകാതെ തന്നെ മരണമടഞ്ഞു. തീർത്തും അനാഥമായ കൗമാരം. അവിടെ നിന്നും ആണ് പൗരോഹിത്യത്തിലേയ്ക്ക് കടന്നു വരുന്നത്. “അമ്മ മരിക്കുന്നതിന് മുൻപ് ഇടയ്ക്കൊക്കെ വൈദികനാകുവാൻ ഓർമിപ്പിക്കുമായിരുന്നു. അന്നൊക്കെ മറ്റൊരു വിവാഹം കഴിക്കാതെ തനിക്കുവേണ്ടി ജീവിച്ച അമ്മയ്ക്കായി ആണ് തന്റെ ജീവിതം, അച്ചനാവില്ല എന്ന് കണിശം പറഞ്ഞിരുന്നു. തന്നെക്കാൾ കൂടുതൽ ഞാൻ ആരെയും സ്നേഹിക്കുന്നത് ദൈവത്തിനിഷ്ടമല്ലായിരിക്കും. അതുകൊണ്ടാവും ഞാൻ സ്നേഹിച്ച അമ്മയെ ദൈവം വിളിച്ചത്. അമ്മയുടെ മരണ ശേഷം എന്റെ അമ്മയും അച്ഛനും ഒകെ മാതാവും ഔസേപ്പിതാവും ആയിരുന്നു” – അച്ചൻ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചു.

ലാളിത്യത്തിന്റെ പാഠങ്ങൾ അച്ചനെ പഠിപ്പിച്ചത് അമ്മയായിരുന്നു. അതിനാൽ തന്നെ ജീവിതം ഇപ്പോഴും ലളിതമായിരുന്നു. കയ്യിൽ പണമുണ്ട് എങ്കിലും തനിക്കു ആവശ്യമുള്ള കാര്യങ്ങൾ മാത്രം അച്ചൻ സ്വന്തമാക്കി. ആർഭാടങ്ങൾ പടിക്കു പുറത്താക്കി. അതിനാൽ താനെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുവാൻ അച്ചന് കഴിഞ്ഞു. 1969 ഡിസംബർ 29 നു തൃശൂർ ലൂർദ്ദ് കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് പൗരോഹിത്യം സ്വീകരിച്ച ലോറൻസ് അച്ചൻ ഇടവകകളിൽ മാത്രമല്ല തൃശൂർ അതിരൂപതയുടെ കോർപ്പറേറ്റ് മാനേജർ, പോളിടെക്നിക് ചെയർമാൻ, മതബോധന ഡയറക്ടർ, ഓർഫനേജ് ബോർഡ് അംഗം തുടങ്ങിയ നിലകളിൽ ഒക്കെയും സേവനം ചെയ്തു. ഇപ്പോൾ 79 വയസുള്ള ഈ വൈദികൻ രാമവർമ്മപുരത്തെ വിയാനി ഭവനിൽ വിശ്രമജീവിതം നയിക്കുകയാണ്.

വിരഹമായ വാർധക്യത്തിന് പകരം ക്രിസ്തുവിലുള്ള ആനന്ദത്താൽ നിറഞ്ഞു കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന ഈ വൈദികൻ വിശ്രമ ജീവിതത്തിനിടയിലും തിരക്കിലാണ്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നാലുഭാഗങ്ങളായി തയ്യാറാക്കി കഴിഞ്ഞു. ഏതു കൂടാതെ പുസ്തകരചനയിലും മറ്റും ആണ് ഇദ്ദേഹം. ഈ പുസ്തകങ്ങൾ ഒക്കെയും സൗജന്യമായി ആളുകൾക്ക് നൽകുകയും അതിലൂടെ സഭയുടെ മൂല്യങ്ങളും വിശ്വാസവും പകരുകയും ചെയ്യുക എന്ന ദൗത്യമാണ് അച്ചൻ ഏറ്റെടുത്തിരിക്കുന്നത്. തന്നാലാകും വിധം ഒരു സഹായം. അത്ര തന്നെ. അച്ചൻ പറയുന്നു.

എല്ലാം വെട്ടിപ്പിടിക്കുവാൻ മത്സരിക്കുന്ന ലോകത്ത് സ്വന്തമായ ഉള്ളതിനെ ഒക്കെയും മറ്റുള്ളവർക്കായി നൽകി ദൈവത്തിന്റെ പക്കലേയ്ക്ക് യാത്രയാകുവാൻ കൊതിക്കുന്ന ഒരു വൈദികൻ. കയ്യിലുള്ള പണവും മറ്റും ആവശ്യക്കാർക്ക് നൽകി ലാളിത്യത്തെ പുൽകുന്ന വിശുദ്ധ ജീവിതം. അനുകരിക്കാൻ ഈ വിശുദ്ധ ജീവിതത്തെ…

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.