പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്ര – പന്ത്രണ്ടാം ദിനം

പങ്കുവയ്ക്കലിന്റെ സന്ദേശവുമായിട്ടാണ് ക്രിസ്തുമസ് ആഗതമാകുന്നത്. പങ്കുവയ്ക്കല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കേവലം ഭക്ഷണപദാർത്ഥങ്ങളുടെ പങ്കുവയ്ക്കൽ മാത്രമല്ല. മറിച്ച്, നമുക്കുള്ള എല്ലാ നന്മകളുടെയും പങ്കുവയ്ക്കലാണ്. സ്നേഹം കിട്ടാത്തവർ, അറിവില്ലാത്തവർ, നമ്മുടെ സാമീപ്യം ആഗ്രഹിക്കുന്നവർ അങ്ങനെ നിരവധി ആളുകൾ നമുക്കു ചുറ്റുമുണ്ട്. ഇവരിലേയ്ക്കൊക്കെ പങ്കുവയ്ക്കലിന്റെ മനോഭാവത്തോടെ ഇറങ്ങിച്ചെല്ലുവാൻ നമുക്ക് കഴിയണം.

ഈശോ, തന്റെ പരസ്യജീവിതത്തിലുടനീളം മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ട് ചുറ്റിസഞ്ചരിച്ചു. തന്റെ അറിവുകളെ അവിടുന്ന് ജനങ്ങൾക്ക് പകർന്നുനൽകി. സ്വർഗ്ഗപിതാവിന്റെ സ്നേഹത്തെയും അവിടുത്തെ അന്തകാരുണ്യത്തെയും കുറിച്ച് ഈശോ തന്റെ പ്രബോധനങ്ങളിലൂടെ പഠിപ്പിച്ചു. ഈശോയുടെ പഠനങ്ങളിലൂടെ അനേകർ നന്മയുടെ പാതയിലേയ്ക്ക് കടന്നുവന്നു. അനേകരെ നന്മയിലേയ്ക്ക് നയിച്ച ഈശോയെപ്പോലെ നമ്മുക്കും നമ്മുടെ അറിവുകൾ മറ്റുള്ളവരുടെ നന്മയ്ക്കായി പകർന്നുനൽകാം.

പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്രയിൽ ഇന്നേ ദിവസം നിങ്ങൾക്കിഷ്ടപ്പെട്ട ഈശോയുടെ പ്രബോധനം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാം. നിങ്ങൾ മാതാപിതാക്കളിൽ നിന്നോ മുത്തശ്ശിമാരുടെ പക്കല്‍ നിന്നോ പഠിച്ചിട്ടുള്ള നല്ല കാര്യങ്ങൾ മറ്റുള്ളവരിലേയ്ക്ക് പകർന്നുനൽകാം. മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ പഠിക്കുകയും അത് പകർന്നുനൽകുകയും ചെയ്യാം. അങ്ങനെ മറ്റുള്ളവർക്ക് നല്ല കാര്യങ്ങൾ പകർന്നുനൽകിക്കൊണ്ട് പുൽക്കൂട് യാത്രയിൽ മുന്നേറാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.