പുൽക്കൂട്ടിലേയ്ക്കുള്ള യാത്ര – പത്താം ദിനം 

ക്രിസ്‌തുമസ് ഓരോ വ്യക്തിയിലും മാറ്റങ്ങൾ ഉണ്ടാകേണ്ട സമയമാണ്.  തെറ്റുകളും  കുറവുകളുമുള്ള നമ്മുടെ ജീവിതത്തെ മാറ്റത്തിന്റെ പാതയിലേയ്ക്ക് നയിക്കേണ്ട സമയമാണിത്. നമ്മിലുണ്ടാകുന്ന മാറ്റങ്ങൾ അത് മറ്റുള്ളവരിൽ പരിവർത്തനമുണ്ടാക്കാൻ ഉതകുന്നവ കൂടിയായിരിക്കണം. എങ്കിലേ ക്രിസ്തുമസ് എല്ലാവരുടെയും ആവുകയുള്ളൂ. ചുരുക്കത്തിൽ നമുക്കും ചുറ്റുമുള്ളവരിലും മാറ്റങ്ങൾ വരുത്തുവാനുള്ള ആഹ്വാനവുമായാണ് ഓരോ ആഗമനകാലവും കടന്നുവരുന്നത്.

ഈശോ തന്റെ പരസ്യജീവിതത്തിലുടനീളം നന്മകൾ ചെയ്തുകൊണ്ട് കടന്നുപോയ വ്യക്തിയാണ്. അനേകം മുടന്തരെ ഈശോ സുഖപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ ഇനി ഒരിക്കലും നടക്കുവാൻ കഴിയില്ല എന്ന്‌ വിചാരിച്ചിരുന്നവരെ കൈപിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് അവരുടെ ജീവിതത്തിലേയ്ക്ക് ഈശോ പ്രത്യാശ പകർന്നു. ഈശോയെപ്പോലെ അനേകരുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം പകരുന്നതിനുള്ള അവസരമാക്കി ഈ ക്രിസ്തുമസ് കാലത്തെ മാറ്റാൻ നമുക്ക് ശ്രമിക്കാം.

അനേകരെ കൈപിടിച്ചു നടത്തിയ ഈശോയെപ്പോലെ, നടക്കുവാൻ കഴിയാത്ത ആളുകളെ ഈ ക്രിസ്തുമസ്‌കാലം നമുക്ക് സഹായിക്കാം. നടക്കാൻ വയ്യാത്ത ആളുകൾക്കായി വീൽചെയർ, വോക്കർ എന്നിവ വാങ്ങിനൽകാം. വൈകല്യങ്ങളുള്ള നിങ്ങളുടെ സുഹൃത്തുക്കളെ ഉൾപ്പെടുത്തിക്കൊണ്ട് എന്തെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്യാം. കൂടാതെ, നടക്കാൻ ബുദ്ധിമുട്ടുള്ള പ്രായമായ മാതാപിതാക്കളെ സഹായിക്കുകയും അവരോടൊപ്പം ആയിരിക്കുകയും ചെയ്യാം. അങ്ങനെ പുൽക്കൂട് യാത്രയിൽ ഇന്നേദിവസം നടക്കാൻ കഴിയാത്തവരുമായി നമുക്ക് മുന്നേറാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.