കയ്യാഫയുടെ മുമ്പിലെ ക്രിസ്തു

ജെരാര്‍ദ് വാന്‍ ഹോന്‍തോസ്റ്റ് (Gerard Van Honthorst)

ഡച്ച് സുവര്‍ണ്ണകല ചിത്രകാരന്മാരില്‍ ഒരാളായിരുന്നു നെതർലാന്റ് കാരനായ ജെരാര്‍ദ്. കൃത്രിമമായ “പ്രകാശ ശൈലി”

ചിത്രങ്ങള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹം ഇറ്റാലിയൻ ഭാഷയിൽ “ജെരാർദൊ ദെല്ലെ നൊത്തെ” എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. അതായത് ”രാത്രിയുടെ ജെരാര്‍ദ്”. വരയിലെ കൃത്യതയും, നിറങ്ങളുടെ ഉപയോഗത്തിലെ പക്വതയും കൊണ്ട് ഏതൊരു കാഴ്ചകാരനെയും ആകര്‍ഷിക്കാന്‍ തക്ക മേന്മയുള്ളതാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും.

റോമിലേക്കുള്ള യാത്ര, കലാകാരന്‍ എന്ന നിലയിലുള്ള ജെരാര്‍ദിന്റെ ജീവിതഗതി തന്നെ മാറ്റി മറിച്ചു എന്നുവേണം കരുതാന്‍. കരവാജൊ എന്ന അതുല്യ പ്രതിഭയുടെ മരണശേഷം, ഏറെ വര്‍ഷം കഴിയുന്നതിനു മുമ്പുതന്നെ റോമില്‍ എത്തുകയും, അദ്ദേഹത്തിന്റെ ശൈലിയോടു ചേര്‍ന്നു പോകുന്ന രീതിയില്‍ ചിത്രം വരക്കുകയും ചെയ്തതിനാല്‍ ആദ്യം തന്നെ ശ്രദ്ധിക്കപ്പെട്ടു.

ഏകദേശം 1617-ല്‍ വരയ്ക്കപ്പെട്ടതാണ് ഈ ചിത്രം എന്നാണ് കരുതപ്പെടുന്നത്. ഈ ചിത്രം ആദ്യം സൂക്ഷിച്ചിരുന്നത് പലാസ്സൊ ജുസ്തീനിയാനിയിൽ ആയിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് ലണ്ടനിലെ നാഷണല്‍ ഗാലറിയിലാണ്.

(മത്തായി 26:57-64) ല്‍ വിവരിക്കുന്ന വചന ഭാഗം തന്നെയാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനം. യേശുവിനെ പിടിച്ചു ബന്ധിച്ചവര്‍ പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ അടുത്തേക്ക് അവനെ കൊണ്ടുപോയി എന്നു പറഞ്ഞുകൊണ്ടാണ് ഈ വചനഭാഗം തുടങ്ങുന്നത്. യേശു കയ്യാഫാസിന്റെ മുമ്പില്‍ വിചാരണ ചെയ്യപ്പെടുന്ന രംഗമാണ് നാടകീയമായ രീതിയില്‍ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. പ്രധാന പുരോഹിതനായ കയ്യാഫായുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിശബ്ദനായി നില്‍ക്കുന്ന ഈശോ, അല്ലെങ്കില്‍ വളരെ കുറച്ചു മാത്രം ഉത്തരം മൂളുന്ന ഈശോ.

പ്രധാന പുരോഹിതനെ ചിത്രീകരിച്ചിരിക്കുന്ന ചുറ്റുപാടുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. തന്റെ മുമ്പില്‍ മേശപ്പുറത്ത് മോശയുടെ നിയമങ്ങളടങ്ങുന്ന പുസ്തകം തുറന്നുവെച്ചുകൊണ്ടാണ് കയ്യാഫാസ് വിചാരണ നടത്തുന്നത്. യേശുവിനു നേരെ ചൂണ്ടപ്പെട്ട കയ്യാഫാസിന്റെ കരങ്ങള്‍ അവനെ കുറ്റം വിധിക്കുന്നതിന്റെ പ്രതീകമാണ്. കര്‍ത്താവിനെ മിശിഹായായി അംഗീകരിക്കാന്‍ കഴിയാതിരുന്ന യഹൂദന്മാരുടെ പ്രതിനിധിയാണ് കയ്യാഫാസ്. അതുകൊണ്ടുതന്നെ മരണത്തിനു മുറവിളി കൂട്ടുന്നവരുടെ ജല്പനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാണ് അയാളും ശ്രമിക്കുന്നത്.

ചിത്രരൂപീകരണത്തിനു പിന്നില്‍

ജെരാര്‍ദ് റോമില്‍ കഴിച്ചു കൂട്ടിയ കാലഘട്ടത്തില്‍ ഗുസ്തീനിയാനി എന്ന പ്രഭു കുടുംബക്കാര്‍, വിലപ്പെട്ട ചിത്രശേഖരങ്ങള്‍കൊണ്ട് സമ്പന്നമായ അവരുടെ ബംഗ്ലാവിലേക്കായി ചിത്രങ്ങള്‍ വരയ്ക്കാന്‍ ഈ ചിത്രകാരനെയും ക്ഷണിച്ചു എന്നു വേണം കരുതാന്‍. അവിടെയുള്ള ചിത്രങ്ങളെപ്പറ്റി കൃത്യമായ പഠനം നടത്തുന്നതിനും, പുതിയവ വരയ്ക്കുന്നതിനുമായി ചെറുപ്പകാരായ പല കലാകാരന്മാരും ഇങ്ങനെ ക്ഷണിക്കപ്പെട്ടിരുന്നു. ആ കൂട്ടത്തില്‍ ലൂക്കാ കമ്പിയാസൊ (Luca Cambiaso) യുടെ ”ക്രിസ്തു കയ്യാഫാസിന്റെ മുന്നില്‍” എന്ന ഒരു പെയിന്റിംങ് തീര്‍ച്ചയായും ജെരാര്‍ദിനെ ആകര്‍ഷിച്ചിട്ടുണ്ടാവാം എന്നും അതുതന്നെയാണ് ഇങ്ങനെ ഒരു ചിത്ര പിറവിക്കു പിന്നില്‍ എന്നുമാണ് നിരൂപകര്‍ പറയുന്നത്.

റോമിലെ ജുസ്തിനിയാനിയുടെ ബംഗ്ലാവിലെ ഒരു മുറിക്കുള്ളില്‍ ഭിത്തിയില്‍ സ്ഥാപിക്കുന്നതിനായിരുന്നു ഈ ചിത്രം രൂപപ്പെടുത്തിയിരുന്നത്. എന്നാല്‍ അതിന്റെ അളവിലെ ബാഹുല്യം കൊണ്ട് അത് വയ്ക്കാനുദ്ദേശിച്ച ഭിത്തി മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നതായി. മുറിയുടെ ഒരു വശത്തെ ഭിത്തിമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമായതിനാല്‍ കാഴ്ചക്കാരന് ലഭിക്കുന്ന വീക്ഷണവും വ്യത്യസ്തമായിരുന്നു. കാഴ്ചക്കാര്‍ ഈ ചിത്ര സൃഷ്ടിയുടെ ഒരു അടുത്ത വായനയ്ക്ക് നിര്‍ബന്ധിതരായി എന്നു വേണമെങ്കില്‍ പറയാം. ഇത് ചിത്രത്തെ കൂടുതല്‍ മനസ്സിലാക്കാനും സഹായിച്ചു. അതിനപ്പുറം മറ്റൊരു വീക്ഷണവും കൂടി അതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. അതായത്, ഇങ്ങനെ ഒരു ചിത്രത്തെ ഇത്രയേറെ ”അടുത്ത് അറിയാന്‍” കൊടുക്കുന്ന അവസരത്തിലൂടെ കാഴ്ചക്കാരന്റെ വൈകാരികമായ ഒരു ഇടപെടലാണ് ചിത്രകാരന്‍ ഉദ്ദേശിക്കുന്നത്. കാരണം ഓരോ കാഴ്ചക്കാരനും ഇവിടെ അറിയാതെ ചിത്രത്തിന്റെ ഭാഗമാകുന്നു. പ്രധാന പുരോഹിതന്റെ വലത്തുഭാഗത്തായി കരവാജൊയുടെ ചിത്രരീതി കുറേയൊക്കെ കടമെടുത്തുകൊണ്ട് ചിത്രത്തില്‍ ഒരു ജനല്‍ ഉണ്ടെന്ന മിഥ്യാബോധം സൃഷ്ടിക്കാന്‍ ചിത്രകാരന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിലെ രൂപവും, ഇടവും ഒക്കെ സ്വാഭാവികമായ ഒരു പരിണാമത്തിന്റെ ഭാഗമാണെന്നു വേണം മനസ്സിലാക്കാന്‍. കാരണം ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ മുന്‍പന്തിയില്‍ തന്നെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യ കഥാപാത്രങ്ങളായ യേശുവിനും, കയ്യാഫാസിനും നിറങ്ങളുടെ കൃത്യത കൊണ്ട് കുറേക്കൂടി വ്യക്തത വന്നിട്ടുണ്ടെന്നു മാത്രം.

ചിത്രത്തിലെ ഇരുട്ടും വെളിച്ചവും

ചിത്രത്തിലെ ഇരുട്ടിന്റേയും വെളിച്ചത്തിന്റേയും ചിത്രീകരണ രീതി എടുത്തുപറയേണ്ട ഒന്നാണ്. ജെരാര്‍ദ് ചിത്രങ്ങളിലെ സവിശേഷതയും അതിനെ വേറിട്ടതാകുന്നതും ഈ ഘടകം തന്നെയാണ്. ചിത്രത്തിലെ ചില പ്രത്യേക ഇടങ്ങളെ മാത്രം പ്രകാശപൂരിതമാക്കാന്‍ എന്തെങ്കിലും ഉറവിടം കൃത്രിമമായി ഉണ്ടാക്കിയെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകത തന്നെ. ഇവിടെ ഈ ചിത്രത്തില്‍ ഒരു മെഴുകുതിരി വെട്ടമാണ് കഥാപാത്രങ്ങളുടെ മുഖത്തെ പ്രകാശിപ്പിക്കാനുള്ള പ്രകാശ ശ്രോതസ്സ്. പതിനാറാം നൂറ്റാണ്ടിലെ കെട്ടിടങ്ങളുടെ മുറികള്‍ പ്രകാശിച്ചിരുന്നതിനു സമാനമായിട്ടാണ് ഇവിടുത്തെ ഈ മെഴുകുതിരി വെളിച്ചവും.

യേശുവിന്റെ പീഢാനുഭവ വഴികളില്‍ തികച്ചും നാടകീയമായ നിമിഷങ്ങളിലൊന്നാണ് യേശുവും കയ്യാഫാസും തമ്മിലുള്ള കണ്ടുമുട്ടല്‍ എന്ന തിരിച്ചറിവാണ് ഇങ്ങനെ ഇത്രയും വലിയ ഒരു ചിത്ര രചനയ്ക്ക് ജെരാര്‍ദീനെ പ്രേരിപ്പിച്ചത്.

ഈ കൊമ്പോസിഷനില്‍ കാഴ്ചക്കാരന്റെ കണ്ണും മനസ്സും ഉടക്കി നില്‍ക്കുന്നത് മദ്ധ്യഭാഗത്തായി കത്തിനില്‍ക്കുന്ന മെഴുകുതിരിയിലും, അത് പുറപ്പെടുവിക്കുന്ന പ്രഭയിലുമാണ്. ഒപ്പം കര്‍ത്താവിനു നേരെ ചൂണ്ടപ്പെട്ട കയ്യാഫാസിന്റെ വിരല്‍ മെഴുകുതിരി വെട്ടത്തില്‍ ഏറെ തെളിഞ്ഞു കാണാം. അവര്‍ തമ്മിലുള്ള ആശയങ്ങളിലെ വ്യത്യസ്തത ഇരുവരുടെയും മുഖഭാവങ്ങളില്‍ നിന്നും വ്യക്തമാണ്. പ്രധാന പുരോഹിതന്റെ ചോദ്യങ്ങള്‍ക്കെല്ലാം തന്നെ ഉത്തരം നിശബ്ദതയും, നിഷ്‌ക്രിയമായ ചെറുത്തുനില്‍ക്കലുമാണെന്ന് ഏതൊരു കാഴ്ചക്കാരനും വ്യക്തമാകും.

നിഷേധാത്മകവവശം

വലിയ ക്യാന്‍വാസില്‍ വരയ്ക്കപ്പെട്ട ചിത്രം എന്നു പറയാമെങ്കിലും അതില്‍ ഏറെയും ഇടങ്ങള്‍ ശൂന്യമായി കിടക്കുന്നതിനാല്‍ കാഴ്ചക്കാരന്റെ വീക്ഷണത്തിന് അല്‍പം അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും, നോട്ടവും ശ്രദ്ധയും പ്രധാനമായും രണ്ടു കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങിപ്പോവുകയും ചെയ്യുന്നത് സ്വാഭാവികമാണ്. കഥാപാത്രങ്ങള്‍ ചിത്രത്തിന്റെ താഴെഭാഗത്ത് മാത്രമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് എന്നതും, അതിന്റെ മുകള്‍ ഭാഗം ശൂന്യമായി കിടക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ശൂന്യമായി കിടക്കുന്ന ചിത്രത്തിലെ ഇടങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് കാഴ്ചക്കാരന് തോന്നിയാല്‍ അതില്‍ തെറ്റുപറയാന്‍ കഴിയില്ല. കാരണം ഇതില്‍ ചലനാത്മകത തോന്നുന്നത് പ്രധാനമായും രണ്ടുകഥാപാത്രങ്ങള്‍ക്കാണ്. ചുറ്റും നില്‍ക്കുന്ന മറ്റുകഥാപാത്രങ്ങള്‍ വെറും കാഴ്ചക്കാര്‍ മാത്രമാണ്. ചോദ്യങ്ങള്‍ ചോദിച്ചിട്ട് ഉത്തരം കിട്ടാത്തതിന്റെ അസ്വസ്ഥതകള്‍ പ്രധാന പുരോഹിതന്റെ ഭാവങ്ങളില്‍ നിന്നും പ്രകടമാണ്. എന്നാൽ ശാന്തത ഒട്ടും കൈവിടാത്ത, നിശബ്ദതയോടെ മാത്രം ചോദ്യങ്ങളെ അഭിമുഖീകരിക്കുന്ന ക്രിസ്തു. പുറകില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ കാഴ്ചക്കാര്‍ മാത്രമാണെങ്കിലും ആകാംഷയുടെ മുഖഭാവങ്ങള്‍ പ്രകടമാണുതാനും. ക്രിസ്തുവിലേയ്ക്ക് കണ്ണുനട്ടിരിക്കുന്നവരാണ് അതില്‍ കൂടുതല്‍ പേരും, അവന്‍ പറയുന്നതെന്താണെന്നറിയാനും, പറയുന്നതില്‍ തെറ്റുകളുണ്ടോ എന്നു കണ്ടുപിടിക്കാനുമുള്ള വ്യഗ്രതയുള്ളവരാണെന്ന് അവരുടെ മുഖഭാവങ്ങളില്‍ നിന്നും വ്യക്തമാണ്.  അതില്‍ ഒരാള്‍ മാത്രമാണ് പ്രധാന പുരോഹിതനെ ശ്രദ്ധിക്കുന്നത്.

ലോകം മുഴുവന്‍ കുറ്റം വിധിച്ചാലും, പരിഹാസത്തോടെ, പതനം കാണുവാന്‍ കാത്തിരുന്നാലും, നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാന്‍ ഒന്നുമാത്രം മതി. പതറാത്തൊരു മനസ്സും, സത്യം വിജയിക്കും എന്ന അടിയുറച്ചൊരു വിശ്വാസവും. ഇതാണ് ഈ ചിത്രം നമ്മോടു പറയുക. കുറ്റം വിധിക്കുന്ന ആയിരം വിരലുകള്‍ നമുക്ക് നേരെ ചൂണ്ടപ്പെട്ടാലും, നിന്ദനത്തിന്റേയും, പഴിചാരലുകളുടെയും അനുഭവങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടാലും, നീതിയും സത്യവും കുടികൊള്ളുന്ന ഒരു മനസ്സിന്റെ ഉടമയെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല.

ഈ ചിത്രം കാണുന്ന ഏതൊരുവനിലും ആദ്യം വരുന്ന ചിന്ത വൈപരീത്യങ്ങളുടേതാണ്. അതായത്, കയ്യാഫാസിന്റെ അറിവിന്റെ കനം തൂങ്ങിയ അഹംഭാവം നിഴലിക്കുന്ന മുഖവും ശാന്തശീലനായ യേശുവിന്റെ മുഖവും തമ്മിലുള്ള വൈപരീത്യം. മെഴുകുതിരിയുടെ ഇത്തിരി വെട്ടത്തില്‍ അത് വളരെ വ്യക്തമാണുതാനും.

ഫാ.സാബു മണ്ണട

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.