ഞങ്ങളുടെ ഇടയന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 8

മൺമറഞ്ഞ മഹാരഥന്മാര്‍…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു.

സുറിയാനി മല്പാൻ തോമസ് ആമ്പശ്ശേരിൽ കശ്ശീശ

മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ പുനരൈക്യ പ്രസ്ഥാനം രൂപപ്പെടുന്നതിന് വർഷങ്ങൾക്കു മുമ്പുതന്നെ കാതോലികവും ശ്ളൈഹീകവും ഏകവും വിശുദ്ധവുമായ സത്യസഭ കത്തോലിക്കാ സഭയാണെന്ന സത്യം തിരിച്ചറിഞ്ഞ് 1926-ൽ പത്തനംതിട്ടയ്ക്ക് അടുത്ത് പുത്തൻപീടിക ഭാഗത്ത് ഒരുകൂട്ടം വിശ്വാസികൾ ഭാഗ്യസ്മരണാർഹനായ പീടികയിൽ ഗീവർഗീസ് അച്ചന്റെ നേതൃത്വത്തിൽ സഭാകൂട്ടായ്മയിലേക്ക് കടന്നുവന്നു. നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് തങ്ങൾ തിരിച്ചറിഞ്ഞ സത്യത്തെ മുറുകെപ്പിടിച്ച് ദൈവത്തിലടിയുറച്ച് ആശ്രയിച്ച് മുന്നോട്ടുപോയ അവരുടെ ജീവിതം പത്തനംതിട്ട പ്രദേശങ്ങളിൽ അനേകർ കത്തോലിക്കാ സഭയിലേയ്ക്ക് കടന്നുവരുന്നതിനു ത്വരകമായി. അങ്ങനെ കത്തോലിക്കാ സഭാ സംസർഗ്ഗത്തിലേയ്ക്ക് കടന്നുവന്നവരില്‍ ഒരാളാണ് ആമ്പശ്ശേരിയച്ചൻ.

1914 ജൂൺ 3-ന് പത്തനംതിട്ട ജില്ലയിലെ കോന്നിക്കടുത്ത് കോന്നിത്താഴം എന്ന സ്ഥലത്ത് ആമ്പശ്ശേരിൽ കോശിയുടെയും അന്നമ്മ കോശിയുടെയും മൂത്ത മകനായി ജനിച്ചു. കോന്നി ആമക്കുന്ന് യാക്കോബായ ദേവാലയത്തിൽ വച്ച് തോമസ് എന്ന പേരിൽ മാമോദീസ സ്വീകരിച്ചു. കോന്നി ഗവൺമെന്റ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 4 സഹോദരന്മാരും 2 സഹോദരിമാരും അച്ചനുണ്ട്.

ചെറുപ്പം മുതൽ വൈദീകജീവിതത്തോടും പൗരോഹിത്യശുശ്രൂഷയോടും കൂടുതൽ താല്പര്യമുണ്ടായിരുന്നു. കുടുംബത്തിൽ അനേകം വൈദീകർ ഉള്ളതിനാൽ അവരുടെ ജീവിതം ദൈവവിളിക്ക് പ്രചോദനമായിരുന്നു. ഓർത്തഡോക്സ്‌ സഭയിലെ ഭാഗ്യസ്മരണാർഹനായ അപ്രേം റമ്പാൻ (മൈലപ്ര ദയറ) കുടുംബാംഗമാണ്. ദൈവവിളിക്ക് പ്രത്യുത്തരം നൽകിക്കൊണ്ട് മഞ്ഞനിക്കര മാർ ഇഗ്നാത്തിയോസ് ദയറായിൽ വൈദീക പരിശീലനം ആരംഭിച്ചു.

അവിടെത്തന്നെ ദൈവശാസ്ത്ര പഠനവും പൂർത്തീകരിച്ചു. 1939 നവംബർ മാസം 18-ന് അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ ദേവാലയത്തിൽ വച്ച് യാക്കോബായ സഭയുടെ അന്ത്യോക്യൻ ഡെലിഗേറ്റ് ഏലിയാസ് മാർ യൂലിയോസ് തിരുമേനിയിൽ നിന്നും വൈദീകപട്ടം സ്വീകരിച്ചു. പ്രഥമ ദിവ്യബലിയർപ്പണം കോന്നി ആമക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ വച്ചു നടത്തി. സുറിയാനി ഭാഷാപണ്ഡിതൻ ആയതിനാൽ സുറിയാനി മല്പാൻ എന്ന സ്ഥാനം ലഭിച്ചു.

കോന്നി, ആമക്കുന്ന്, വകയാർ, വാഴമുട്ടം എന്നീ യാക്കോബായ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. പുത്തൻപീടിക കുമ്പഴേത്ത്‌ ഗീവറുഗീസിന്റെയും ശോശാമ്മയുടെയും ഏക മകൾ റെയ്‌ച്ചലിനെ വിവാഹം ചെയ്ത് പുത്തൻപീടികയിൽ താമസമാക്കി.

മക്കൾ: ലീലാമ്മ ആനി തോമസ് (തിരുവനന്തപുരം), സൂസി ആനി തോമസ് (തിരുവനന്തപുരം), മോളി റെയ്‌ച്ചൽ വർഗീസ് (പുത്തൻപീടിക), ഓമന ബാബു (പത്തനംതിട്ട), അലക്സ്‌ ആമ്പശ്ശേരി (തിരുവനന്തപുരം), ജോജി തോമസ് (പുത്തൻപീടിക), റവ. ഫാ. സെബാസ്റ്റ്യൻ ആമ്പശ്ശേരി (പത്തനംതിട്ട ഭദ്രാസനാംഗം)

മലങ്കര കത്തോലിക്ക സഭയുടെ M.C.C.L ദേശീയ പ്രസിഡന്റ്‌ നിർമൽ അലക്സ്‌ ആമ്പശ്ശേരി, മാർ ഈവാനിയോസ് കോളേജ് അധ്യാപകൻ ഡോ. സുജു സി. ജോസഫ് എന്നിവർ കൊച്ചുമക്കളും ആണ്.

ദീർഘനാളത്തെ പഠനത്തിനും ധ്യാനത്തിനും ശേഷം ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ സാന്നിധ്യത്തിൽ 1947 മാർച്ച് 20-ന് കാതോലികവും ശ്ളൈഹീകവും ഏകവും വിശുദ്ധവുമായ കത്തോലക്കാ സഭയിൽ പുനരൈക്യപ്പെട്ടു. മാർ ഈവാനിയോസ് തിരുമേനിയുടെ ജീവിതവും പ്രാർത്ഥനയും സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും ഏറെ ആകർഷിച്ചു. വന്ദ്യ ഗീവർഗീസ് പീടികയിൽ അച്ചന്റെ 1926-ലെ കത്തോലിക്ക സഭയിലേയ്ക്കുള്ള പുനരൈക്യം വളരെയധികം സ്വാധീനിച്ചു. പുത്തൻപീടിക, പത്തനംതിട്ട പ്രദേശങ്ങളിലെ പുനരൈക്യ പ്രവർത്തനങ്ങൾക്ക് ഏറെ പ്രചോദനം നൽകിയ ഒന്നായിരുന്നു അച്ചന്റെ പുനരൈക്യം.

ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനിയുടെയും ഭാഗ്യസ്മരണാർഹനായ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെയും പ്രത്യേക പ്രോത്സാഹനം ആമ്പശ്ശേരിയിലച്ചന് ലഭിച്ചിരുന്നു. ഈ കാലയളവിൽ സുറിയാനിയിലെ വിവിധ പുസ്തകങ്ങൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിട്ടുണ്ട്. മലങ്കര സുറിയാനി കത്തോലിക്ക സഭയിൽ വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന തബ്‌ലീത്തയിലെ സുറിയാനി വിവരണങ്ങൾ അഭിവന്ദ്യ പിതാക്കന്മാരുടെ നിർദ്ദേശപ്രകാരം എഴുതിയിരുന്നു. വന്ദ്യ തൈക്കൂട്ടത്തിൽ സാമുവേൽ റമ്പാച്ചൻ, ബഹു.വർഗ്ഗീസ് ഇടത്തിൽ ( O.K. അച്ചൻ) ഇവരുടെ ദൈവവിളിക്ക് പ്രചോദനമായി.

പുത്തൻപീടികയിൽ വികാരിയായി 1947 മുതൽ 1955 വരെ ശുശ്രൂഷ ചെയ്തു. സെമിത്തേരിക്കായുള്ള സ്ഥലം വാങ്ങി അവിടെ ചാപ്പൽ നിർമ്മിക്കുന്നത് അച്ചന്റെ കാലത്താണ്. ഓമല്ലൂരിൽ മിഷൻ സ്ഥാപിച്ചു. 1964 മാർച്ചിൽ ഓമല്ലൂരിൽ ആര്യഭാരതി സ്കൂളും സ്ഥലവും തിരുവനന്തപുരം അതിരൂപതയ്ക്ക് വാങ്ങാനായി അക്ഷീണം പരിശ്രമിച്ചവരിലൊരാൾ അച്ചനാണ്.

പമ്പുമല, ഏറത്തുമ്പമൺ, മുട്ടത്തുകോണം, തുമ്പമൺ മാമ്പിലാലി, ചീക്കനാൽ, ഊന്നുകൽ, പൂങ്കാവ്, പ്രക്കാനം, ആനന്ദപ്പള്ളി, തോട്ടുപുറം, കൈപ്പട്ടൂർ, ആറ്റരികം എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. കോന്നിത്താഴത്ത് മിഷൻ തുടങ്ങുവാനും പുനരൈക്യം ശക്തിപ്പെടുത്താനും സാധിച്ചു.

ശാന്തനും സൗമ്യനുമായ അച്ചൻ പുനരൈക്യ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വളർച്ചയ്ക്കുമായി അഹോരാത്രം അദ്ധ്വാനിച്ചവരിലൊരാളാണ്. മൈലുകളോളം നടന്നാണ് തന്റെ കർമ്മരംഗത്ത് ഉടനീളം ശുശ്രൂഷ ചെയ്തിരുന്നത്. അച്ചന്റെ പ്രേഷിതമണ്ഡലങ്ങളായിരുന്ന ഇടങ്ങളിലെല്ലാം ഇന്ന് കാണുന്ന വിശ്വാസ സമൂഹത്തിന്റെ വളർച്ച അച്ചന്റെ സ്തുത്യർഹമായ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ്.

1965 ജനുവരി 10-ന് പട്ടം കത്തീഡ്രലിൽ വച്ച് അഭിവന്ദ്യ മാർ ഗ്രീഗോറിയോസ് പിതാവിന്റെ സാന്നിധ്യത്തിൽ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. രജതജൂബിലി ആഘോഷത്തിനുശേഷം പെട്ടെന്ന് സുഖമില്ലാതാവുകയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 1965 ഫെബ്രുവരി 7-ന് ഈ ലോകത്തോട് വിട പറഞ്ഞു. ഭൗതീകശരീരം പുത്തൻപീടിക സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ സംസ്കരിച്ചു. മലങ്കര കത്തോലിക്ക സഭയിലെ അദ്ദേഹത്തിന്റെ സേവനം അനേകം മക്കളെ സത്യവിശ്വാസത്തിലേയ്ക്ക് ആനയിക്കാൻ സാധിച്ചു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ഫാ.സെബാസ്‌റ്റ്യൻ ആമ്പശ്ശേരി (മകൻ), അലക്സ് ആമ്പശ്ശേരി (മകൻ), ജോജി ആമ്പശ്ശേരി (മകൻ), ഡോ. സുജു ജോസഫ് (കൊച്ചു മകൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.