തുര്‍ക്കി പ്രസിഡന്റിന്റേത് സംസ്‌കാരങ്ങളെ തമ്മിലടിപ്പിക്കുന്ന നടപടിയെന്ന് ഇന്തോനേഷ്യന്‍ മുസ്ലിം പാര്‍ട്ടി

ചരിത്രസ്മാരകമായ ഹാഗിയ സോഫിയ മുസ്ലീം മോസ്‌കായി പ്രഖ്യാപിച്ചുകൊണ്ട്, മുസ്ലിം ഉയര്‍ത്തെഴുന്നേല്‍പ്പിനായി ആഹ്വാനം നടത്തുന്ന തുര്‍ക്കി പ്രസിഡന്റ് റിസപ് തയിബ് എര്‍ദോഗന്റെ നടപടി സമൂഹത്തില്‍ വിയോജിപ്പുകള്‍ സൃഷ്ടിക്കുന്നതിനും അഭിപ്രായ സംഘട്ടനത്തിനും കാരണമാകുമെന്ന് ഇന്തോനേഷ്യയിലെ ഇസ്ലാമിക് രാഷ്ട്രീയ പാര്‍ട്ടിയായ നാഷണല്‍ അവേക്കനിംഗ് അഭിപ്രായപ്പെട്ടു. തുര്‍ക്കിയെ ഇസ്ലാമിക് രാഷ്ട്രമായി ഉറപ്പിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ ഓരോ കോണിലുമുള്ള മുസ്ലീം മതവിശ്വാസികളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ട്വീറ്റുകളാണ് അടുത്ത ദിവസങ്ങളിലായി എര്‍ദോഗന്‍ പുറത്തുവിടുന്നതെന്നും എന്‍എപി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര വ്യവസ്ഥകളേയും നിയമങ്ങളേയും തകര്‍ക്കുന്നതും, മതവികാരങ്ങളെ ആളിക്കത്തിക്കുന്നതും സംസ്‌കാരങ്ങളെ തമ്മില്‍ കൂട്ടിയടിപ്പിക്കുന്നതുമായ പ്രസ്താവനകളും പ്രസംഗങ്ങളുമാണ് എര്‍ദോഗന്‍ നടത്തുന്നത്. രാജ്യത്തിന്റേയും അധികാരികളുടേയും അവകാശമാണിതെന്നും ഹാഗിയ സോഫിയ പരിപൂര്‍ണ്ണമായും മോസ്‌കാക്കി മാറ്റിയിട്ടില്ലെന്നും ഇതര മതസ്ഥര്‍ക്കും സ്ഥലം സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടെന്നുമെല്ലാം വാദിക്കുമ്പോഴും, തുര്‍ക്കി എന്ന രാജ്യത്തിന്റെ അതിര്‍ക്കപ്പുറം മുസ്ലിംങ്ങളെയും മുസ്ലിം ഇതര മതസ്ഥരേയും ഏറെ ചിന്തിപ്പിക്കുകയും മതവികാരങ്ങളെ സ്പര്‍ശിക്കുകയും ചെയ്യുന്ന തീരുമാനമാണ് എര്‍ദോഗന്റെ നേതൃത്വത്തിലുള്ള ഭരണകൂടം എടുത്തിരിക്കുന്നതെന്നും എന്‍എപി നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു.

മുസ്ലിം രാഷ്ട്രത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ക്കും ബഹുസ്വരതയെ എതിര്‍ക്കുന്നവര്‍ക്കും എര്‍ദോഗന്റെ ആഹ്വാനം ഉണര്‍ത്തുപാട്ടായി അനുഭവപ്പെടുമെന്നും 1999-ല്‍ സ്ഥാപിതമായ നാഷണല്‍ അവേക്കനിംഗ് പാര്‍ട്ടി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.