സ്പെയിനില്‍ ദൈവവിളികള്‍ കൂടുന്നു 

2017-18 കാലയളവില്‍ സ്പെയിനില്‍ പൗരോഹിത്യം സ്വീകരിച്ചവരുടെ എണ്ണം കൂടി എന്ന് റിപ്പോര്‍ട്ട്. ദൈവവിളി സ്വീകരിച്ച് പൗരോഹിത്യത്തിലേയ്ക്ക് കടന്നുവന്നവരുടെ എണ്ണത്തില്‍ 24% വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. സ്പെയിനിലെ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പുറത്തുവിട്ട പഠനങ്ങളില്‍ ആണ് ഈ വെളിപ്പെടുത്തല്‍.

2017-ല്‍ 109 പേര്‍ പൗരോഹിത്യം സ്വീകരിച്ചപ്പോള്‍ 2018-ല്‍ അത് 135 ആയി ഉയര്‍ന്നു. മാഡ്രിഡ് അതിരൂപതയില്‍ നിന്നാണ് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പൗരോഹിത്യം സ്വീകരിച്ചത്. ഒപ്പംതന്നെ സെമിനാരി പരിശീലനം അവസാനിപ്പിച്ച് തിരികെ പോകുന്നവരുടെ എണ്ണവും ഈ കാലയളവില്‍ വളരെ കുറവാണ്. എന്നാല്‍, പുതുതായി ദൈവവിളി ലഭിച്ച് സെമിനാരിയില്‍ എത്തുന്ന വൈദികാര്‍ത്ഥികളുടെ എണ്ണത്തില്‍ നേരിയ കുറവും ഈ കാലയളവില്‍ ഉണ്ടായി എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ദൈവവിളി കൂടുന്നതിനുള്ള കാരണങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുകയാണെങ്കിലും പരമ്പരാഗതമായ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ബിഷപ്പുമാരും അവരുടെ ജീവിതവും സെമിനാരി പരിശീലനവും ഒരു പരിധിവരെ കുട്ടികളെ പൗരോഹിത്യത്തിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട് എന്ന് ഫാ. ജൂലിയോ ഗോമസ് പറഞ്ഞു. ഒപ്പംതന്നെ യുവവൈദികരുടെ സാന്നിധ്യവും വൊക്കേഷന്‍ പ്രമോഷന്‍ പരിപാടികളും നിര്‍ണ്ണായകമായ ഒരു സ്വാധീനം കുട്ടികളില്‍ ചെലുത്തിയിട്ടുണ്ട്.

കര്‍ത്താവിന്റെ ഭവനത്തിലെ വേലയ്ക്കായി കടന്നുവരുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ്, ആഴമായ വിശ്വാസം പുലര്‍ത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന ശുഭസൂചനയാണ് നല്‍കുന്നത് എന്ന് സ്പെയിനിലെ മെത്രാന്മാരുടെ കൗണ്‍സില്‍ വ്യക്തമാക്കി.