അമലോത്ഭവ തിരുനാള്‍ പ്രസംഗം – അമലോത്ഭവ മറിയം

വീട്ടിലെ കൊച്ചുമുറിയില്‍ എണ്ണവിളക്കിന്റെ വെളിച്ചത്തില്‍ അമ്മയും മകളും ഇരിക്കുകയാണ്. മകള്‍ അമ്മയുടെ മടിത്തട്ടിലിരുന്ന് നെഞ്ചില്‍ തല ചായ്ച്ച് ജാലക കവാടത്തിലൂടെ നക്ഷത്രവിളക്കുകള്‍ നോക്കിയിരിക്കുന്നു. പെട്ടെന്ന് അവള്‍ കൊഞ്ചി ചോദിച്ചു: ‘അമ്മേ, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ? അവളുടെപിഞ്ചുമുടിയിഴകള്‍ തലോടിക്കൊണ്ട് വാത്സല്യത്തോടെ അമ്മ പറഞ്ഞു: ‘തീര്‍ച്ചയായും. പക്ഷെ, കുസൃതി ഒന്നും കാണിക്കാതെ നല്ല കുട്ടിയായി വളരണം.’ ‘അപ്പോള്‍ ഞാന്‍ കുറുമ്പ് കാണിച്ചാല്‍ നരകത്തില്‍ പോകുമായിരിക്കുമല്ലേ?’ അമ്മ മറുപടിയൊന്നും പറയാതെ അവളെ നോക്കി. വെളുത്ത, കുരുന്നു പല്ലുകള്‍ കാണിച്ച് ചിരിച്ചുകൊണ്ട് മകള്‍ പറഞ്ഞു: ‘ഇല്ല, എനിക്കറിയാം എന്തുചെയ്യണമെന്ന്. സ്വര്‍ഗ്ഗത്തിലുള്ള എന്റെ അമ്മയുടെ കരങ്ങളിലേയ് ക്ക് ഞാന്‍ നരകത്തില്‍ നിന്ന് എടുത്തുചാടും. അമ്മ എന്നെ എടുത്തുപിടിച്ചിരിക്കുമ്പോള്‍ ദൈവത്തിന് എങ്ങനെയാണ് എന്നെ സ്വര്‍ഗ്ഗത്തിന് വെളിയിലാക്കാനാവുക?’

മനുഷ്യകുലത്തെ നരകത്തിലേയ്ക്ക് തള്ളാതെ തന്റെ നീല കാപ്പയോട് ചേര്‍ത്തുപിടിച്ച് സംരക്ഷിക്കുന്ന പരിശുദ്ധ അമ്മയ്ക്ക് ഓരോരുത്തരെയും സമര്‍പ്പിച്ചുകൊണ്ട് അമലോത്ഭവ തിരുനാളിന്റെ മംഗളങ്ങള്‍ നേരട്ടെ.

ക്രിസ്തുമസിനായി നോമ്പെടുത്ത് പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് സുകൃതാനുഷ്ഠാനങ്ങളിലൂടെ ഒരുങ്ങുന്ന ഈ വേളയില്‍ അമലോത്ഭവ തിരുനാളിന് വലിയ പ്രാധാന്യമുണ്ട്. വി. പത്താം പീയൂസിന്റെ വാക്കുകളില്‍, ‘അമ്മയായ മറിയത്തെ കാണാതെ ഉണ്ണിയേശുവിനെ കാണുക പ്രയാസമുള്ള കാര്യമാണ്.’

പരിശുദ്ധ അമ്മയുടെ സൗന്ദര്യം മുഴുവനും നിറഞ്ഞുനില്‍ക്കുന്ന ശ്രേഷ്ഠമായ വിശേഷണമാണ് ഗബ്രിയേല്‍ ദൂതന്‍ നല്‍കിയത്, ‘ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി’ (ലൂക്കാ 1:28). ദൈവകൃപയാല്‍ നിറഞ്ഞിരിക്കുന്നുവെന്നാല്‍, അവളില്‍ പാപത്തിന്റെ മാലിന്യം അല്‍പം പോലുമില്ല. കര്‍മ്മപാപത്തിന്റെ മാത്രമല്ല, ജന്മപാപത്തിന്റെയും കറ ഇല്ലെന്നു തന്നെ മനസ്സിലാക്കണം. ഏല്‍പിക്കാന്‍ പോകുന്ന അനന്യവും മഹോന്നതവുമായ ദൗത്യം നിറവേറ്റാന്‍ മറിയത്തെ ദൈവം മുന്‍കൂറായി ഒരുക്കിയിട്ടുണ്ടെന്നത് തീര്‍ച്ച. വി. അല്‍ഫേന്‍സ് ലിഗോരി ചോദിക്കുന്നു: ‘ഹവ്വായ്ക്കു പോലും ജന്മത്താലെ പാപരഹിതയായി ലോകത്തിലേയ്ക്കു വരാന്‍ അനുഗ്രഹം കൊടുത്ത ദൈവം പരിശുദ്ധ കന്യകാമറിയത്തിന് ആ കൃപ കൊടുക്കാതിരിക്കുമോ?’ തീര്‍ച്ചയായും ദൈവം അത് കൊടുത്തു. വി. ആന്‍സലം പറയുന്നു: ‘എല്ലാവിധ പാപക്കറകളില്‍ നിന്നും സ്വതന്ത്രമാക്കി തന്റെ പുത്രന് വസിക്കാന്‍ പരിശുദ്ധമായ ഒരു വാസസ്ഥലമൊരുക്കാന്‍ ദൈവത്തിന്റെ ജ്ഞാനത്തിന് കഴിയാതിരിക്കുമോ?’

പരിശുദ്ധാത്മാവ് യഥാര്‍ത്ഥത്തില്‍ പരിശുദ്ധ മറിയത്തോടൊപ്പമായിരുന്നു. മറിയം തന്റെ പാപമില്ലാത്ത ശരീരത്തില്‍ നിന്ന് ഈശോയ്ക്ക് ജന്മം നല്‍കുന്നതിനായിരുന്നു ഇത്. പാപത്തില്‍ വീണ മനുഷ്യനെ രക്ഷിച്ച ദൈവത്തിന് തന്റെ പദ്ധതിപ്രകാരം ഒരാളെ പാപത്തില്‍ വീഴാതെ കാത്തുസൂക്ഷിക്കാനും കഴിയും. മറിയത്തിന് ദൈവപുത്രന്റെ അമ്മയാകാന്‍ പ്രത്യേകം നല്‍കപ്പെട്ട കൃപയാണ് അമലോത്ഭവം.
സാത്താനുമായി നിത്യശത്രുതയിലായിരിക്കുന്ന സ്ത്രീയാണ് പരിശുദ്ധ കന്യക. ഏതെങ്കിലുമൊരു നിമിഷം അവള്‍ പാപത്തിലായിരുന്നെങ്കില്‍ ഇത്തരമൊരു ശാശ്വത ശത്രുതയുണ്ടാകുമായിരുന്നില്ല. ഉല്‍പത്തി 3:15-ല്‍ സര്‍പ്പത്തെ തകര്‍ക്കുന്ന സ്ത്രീയായി പരിശുദ്ധ അമ്മയെ ഉയര്‍ത്തിക്കാട്ടുമ്പോഴും അടിസ്ഥാനമായി നില്‍ക്കുന്നത് പാപക്കറയില്ലാത്ത അവളുടെ ജന്മം തന്നെയാണ്. മറിയത്തില്‍ പാപമുണ്ടായിരുന്നെങ്കില്‍ യേശുവിന്റെ മനുഷ്യത്വത്തിലും ഒരുപക്ഷേ, അതുണ്ടാകുമായിരുന്നു. അതിനാല്‍ അവള്‍ കളങ്കരഹിതയായിരിക്കുക എന്നത് തികച്ചും അനിവാര്യമായിരുന്നു.

1854 ഡിസംബര്‍ 8-ാം തീയതി 9-ാം പീയൂസ് പാപ്പയാണ് ‘അവാച്യനായ ദൈവം’ എന്ന ചാക്രികലേഖനത്തിലൂടെ മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. ഇതിനും വളരെ മുമ്പ്, 7-ാം നൂറ്റാണ്ട് മുതല്‍ അമലോത്ഭവ തിരുനാളാഘോഷം സഭയുടെ പാരമ്പര്യത്തിലുണ്ടായിരുന്നു. വിശ്വാസ സത്യമായി പ്രഖ്യാപിച്ച് 4 വര്‍ഷങ്ങള്‍ക്കിപ്പുറം പരിശുദ്ധ അമ്മ തന്നെ 1858-ല്‍ ലൂര്‍ദ്ദില്‍ വി. ബര്‍ണ്ണദീത്തയ്ത്ത് പ്രത്യക്ഷപ്പട്ടപ്പോള്‍ പറഞ്ഞു: ‘ഞാന്‍ അമലോത്ഭവയാണ്.’ സ്വര്‍ഗ്ഗത്തിന്റെ നിയോഗവും പദ്ധതിയുമനുസരിച്ച് വെളിപ്പെടുത്തുന്നതു വരെ അമ്മ നിശബ്ദതയോടെ കാത്തിരുന്നു. വെളിപ്പെടുത്തുന്ന സഭയുടെ പ്രഖ്യാപന മുണ്ടായപ്പോള്‍ അമ്മ അത് സ്ഥിതീകരിച്ചു.

പ്രിയമുള്ളവരേ, പരിശുദ്ധ അമ്മയുടെ വിശുദ്ധി ദൈവത്തിന്റെ ദാനമാണ്. ഈ ദാനം ക്രിസ്തുവില്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. ‘ക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ തന്റെ മുമ്പില്‍ സ്‌നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കുവാന്‍ ലോകസ്ഥാപനത്തിനു മുമ്പു തന്നെ അവിടുന്ന് നമ്മെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തു’ (എഫേ. 1:4). വിശുദ്ധി എന്നാല്‍ നമ്മുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുവാന്‍ തക്കതായ ദൈവത്തിന്റെ ദാനമാണ്. ഇതിനെ സാധൂകരിക്കാനും നിരാകരിക്കാനും നമുക്ക് സാധിക്കും. പരിശുദ്ധ അമ്മ, ഇതാ കര്‍ത്താവിന്റെ ദാസി എന്നു പറഞ്ഞുകൊണ്ട് ജീവിതത്തിലൂടനീളം അതിനെ ഉയര്‍ത്തിപ്പിടിച്ചവളാണ്. ജീവിതാരംഭം മുതല്‍ എല്ലാ സമയത്തും ദൈവത്തിന്റെ സ്‌നേഹവലയം അവളോടു കൂടെ ഉണ്ടായിരുന്നുവെങ്കിലും അവള്‍ ഈ ലോകത്തിലായിരുന്നു. ആകുലതകളും പ്രതിസന്ധികളുമൊക്കെ ധാരാളമുണ്ടായിരുന്നു. അവളുടെ ജീവിതത്തില്‍ അതിനാല്‍ തന്നെ, നമ്മെ സഹായിക്കാന്‍ അമ്മയ്ക്കാകും.

ചതിയും, വഞ്ചനയും, സ്വാര്‍ത്ഥതയും, അസൂയയും, അഹങ്കാരവുമൊക്കെ ഇന്ന് മനുഷ്യന്റെ കൂടെപ്പിറപ്പുകളാവുകയും സഹോദരന്റെ ജീവന്റെ വില മറക്കുകയും ചെയ്ത് പാപബോധം നഷ്ടമാകുന്ന ഇടങ്ങളില്‍ അമലോത്ഭവയായ അമ്മയുടെ സാന്നിധ്യം നാം ആഗ്രഹിക്കണം. സമൂഹമാധ്യമങ്ങളില്‍ എന്നും എപ്പോഴും വൈറലായി നില്‍ക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് പരിശുദ്ധ അമ്മ ഉയര്‍ത്തിപ്പിടിച്ച വിശുദ്ധി ഒരു വെല്ലുവിളിയാണ്. പരസ്പരം ക്ഷമിക്കാനും, പൊറുക്കാനും, മനസ്സിലാക്കാനും, സ്‌നേഹിക്കാനും, പങ്കുവയ്ക്കാനും, ബഹുമാനിക്കാനുമൊക്കെ മറന്നുപോകുന്ന കുടുംബങ്ങളില്‍ ഉണ്ണീശോ പിറക്കണമെങ്കില്‍ ഈ അമ്മയെ കൂട്ടുപിടിക്കാന്‍ തയ്യാറാകണം. വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ‘ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും.’ ദൈവത്തെ കാണുക മാത്രമല്ല, ദൈവത്തിന് പിറക്കാന്‍ തന്നെത്തന്നെ സമര്‍പ്പിച്ച് വിട്ടുകൊടുത്ത പരിശുദ്ധ അമ്മയുടെ പരിശുദ്ധിയുടെ ആഘോഷമായ അമലോത്ഭവ തിരുനാള്‍ ഈശോയെ കാണാനാഗ്രഹിക്കുന്നവര്‍ക്കും വിശുദ്ധ ജീവിതം നയിക്കാനാഗ്രഹിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്ന തിരുനാളാണ്.

ഒരിക്കല്‍ വി. എവുപ്രാസ്യമ്മയോട് സാത്താന്‍ പറഞ്ഞു:”നീ ഈശോയെയും മറിയത്തെയും ഉപേക്ഷിച്ചാല്‍ നിന്നെ ഞാന്‍ ശല്യപ്പെടുത്തില്ല.’ അതായത്, പരിശുദ്ധ കന്യകാമറിയത്തെ ഉപേക്ഷിച്ച ആത്മാവിനെ എളുപ്പം കീഴടക്കാമെന്ന് സാത്താനറിയാം. നമ്മുടെ ആത്മീയജീവിതത്തില്‍ സാത്താനുമായുള്ള യുദ്ധത്തില്‍ ഈശോ കഴിഞ്ഞാല്‍ ഏറ്റവും ഉറപ്പുള്ള സഹായം പരിശുദ്ധ അമ്മ തന്നെയാണ്. ഈ അമ്മയുടെ അമലോത്ഭവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് ഉണ്ണീശോയ്ക്ക് പിറക്കാന്‍ തക്കതായ വിശുദ്ധിയുള്ള ഒരു ഹൃദയമൊരുക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

ബ്ര. ഡോണ്‍ മാതിരപ്പിളളി MCBS