ഹാഗിയ സോഫിയ! തുര്‍ക്കിയുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഇസ്ലാം ഗ്രന്ഥകാരനും വാഗ്മിയുമായ ഇമാം മൊഹമ്മദ് തൌഹിദി

ചരിത്രപ്രസിദ്ധ ക്രിസ്ത്യന്‍ ദൈവാലയമായ ഹാഗിയ സോഫിയയെ മുസ്ലീം മോസ്‌കാക്കി മാറ്റിയ തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗന്റെ നടപടിക്കെതിരെ പ്രമുഖ ഇസ്ലാം ഗ്രന്ഥകാരനും വാഗ്മിയുമായ ഇമാം മൊഹമ്മദ് തൌഹിദി. ആഗോളതലത്തില്‍ ശക്തിയാര്‍ജ്ജിച്ച ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിരവധി തവണ സ്വരമുയര്‍ത്തിയ മൊഹമ്മദ് തൌഹിദി, പീഡനമേല്‍ക്കുന്ന ക്രൈസ്തവസമൂഹത്തിന് പലവട്ടം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നേതാവാണ്.

ഹാഗിയ സോഫിയയുടെ നിയമപരമായ ഉടമസ്ഥര്‍ ഇസ്താംബുളിലെ സഭയാണെന്നും പ്രസ്തുത ക്രൈസ്തവ ദൈവാലയം മുസ്ലീം പള്ളിയാക്കിയ തുര്‍ക്കിയുടെ നടപടി ഇസ്ലാമികനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. “ഒരു മുസ്ലീം മോസ്‌ക്‌ സ്ഥാപിക്കാന്‍ കര്‍ശനവും സങ്കീര്‍ണ്ണവുമായ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഒരു രാഷ്ട്രത്തിന്റെ പ്രസിഡന്റോ ഉന്നത കോടതിയോ വിചാരിച്ചാല്‍ ഒരു കെട്ടിടത്തെ മോസ്ക് ആക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അത് ഇസ്ലാമികനീതിയുടെയും ശരി-അത്ത് നിയമത്തിന്റേയും ലംഘനമാകും” – ഓണ്‍ലൈന്‍ പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമായ മീഡിയം ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.

ഹാഗിയ സോഫിയ തുര്‍ക്കി സഭയുടെ ഭാഗമാണ്, ക്രൈസ്തവരുടേതാണ്, ഒപ്പം നൂറ്റാണ്ടുകളായി സൂക്ഷിച്ചവരുടേതാണ്. അതിനാല്‍ അവരുടെ അനുവാദമില്ലാതെ അവിടെ പ്രാര്‍ത്ഥിക്കുന്നത് ഇസ്ലാമിക നിയമപ്രകാരം അന്യായമാണ്. “ഒരുവന്‍ മറ്റൊരുത്തന്റെ ഭൂമി അന്യായമായി പിടിച്ചടക്കിയാല്‍ ഉയിര്‍പ്പുനാളില്‍ ആ ഭൂമി അവന്റെ കഴുത്തില്‍ ചുറ്റപ്പെടും” എന്നാണ് മുഹമ്മദ് നബി പറഞ്ഞിരിക്കുന്നത്.

“അന്യായമായി പിടിച്ചെടുത്ത ഭൂമിയില്‍ നിര്‍മ്മിച്ച പള്ളിയിലോ അന്യായമായി എടുത്ത മരം കൊണ്ടോ പണിത മോസ്‌കില്‍, വെള്ളിയാഴ്ച നിസ്‌കാരം പോലും നടത്താന്‍ അനുവാദമില്ല” എന്നാണ് പ്രശസ്ത ഇസ്ലാമിക നീതിശാസ്ത്രജ്ഞന്‍ ഇമാം അബു ഹമെദ് അല്‍ ഗസാലി പറയുന്നത്. സംഭാവനകള്‍ വഴിയോ നിയമപരമായ വാങ്ങലിലൂടെയോ ആയിരിക്കണം പള്ളി നിര്‍മ്മിക്കേണ്ടത്. നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുക്കേണ്ടതല്ല മുസ്ലീം മോസ്‌ക്. ഹാഗിയ സോഫിയയുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചിരിക്കുന്നത്.

മറ്റൊരുവന്റെ സ്വത്തോ അവകാശമോ അന്യായമായി പിടിച്ചടക്കുന്നത് ഖുറാനും പരമ്പരാഗത ഇസ്ലാമികനിയമങ്ങള്‍ക്കും എതിരാണെന്നാണ് പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഗ്രാന്‍ഡ് ആയത്തൊള്ള സിസ്റ്റാനിയും പറയുന്നതെന്നും ഇമാം തൌഹിദി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.