ജോർജ് ഫ്ലോയ്ടിന് വൈദികരുടെ പാട്ട് – ‘എനിക്ക് ശ്വസിക്കാനാവുന്നില്ല’

I can’t breath എന്ന പേരിൽ പേരിൽ സംഗീതവിദ്യാർത്ഥികളായ ജാക്സൺ കിഴവന അച്ചനും ജെറിൻ പാലത്തിങ്കൽ അച്ചനും ചേർന്നൊരുക്കിയ ആൽബം ഈ ദിവസങ്ങളിൽ വംശീയതയ്ക്കെതിരെ സമൂഹമനഃസാക്ഷിയുടെ പ്രതിഷേധമാവുകയാണ്. ‘ജാക്സൺ സേവ്യർ’ എന്ന യൂട്യൂബ് ചാനലിലാണ് ഈ ഗാനം അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

മെയ് 25-ന് അമേരിക്കയിലെ മിനസോട്ടയിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡ് എന്ന വ്യക്തിയുടെ വേദന, ഹൃദയത്തെ ഞെരുക്കിയ നിഷങ്ങളുടെ ബാക്കിപത്രമാണ് ഈ ഗാനം എന്നാണ് ഇവരുടെ പക്ഷം. ജാക്സൺ അച്ചനും ജെറിൻ അച്ചനും ചേർന്ന് ചിട്ടപ്പെടുത്തിയ ഗാനം കോറോത്ത് ജേക്കബ് അച്ചൻ എഡിറ്റ് ചെയ്തിരിക്കുന്നു. ഇവർ മൂന്നുപേരും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരാണ്.

സാമൂഹിക പ്രതിബദ്ധതയോടൊപ്പം തന്നെ കലാമൂല്യത്തിന് വളരെ പ്രാധാന്യം നൽകിയാണ് അച്ചന്മാർ ഈ ഗാനത്തിന്റെ കമ്പോസിഷൻ നടത്തിയിരിക്കുന്നത്. ബ്ലൂസ് പ്രോഗ്രഷനിൽ റെഗ്ഗെ റിഥം സമ്മേളിക്കുന്ന രീതിയിലാണ് കമ്പോസിഷൻ. ഈ രണ്ടു സങ്കേതങ്ങളും ഉപയോഗിക്കാൻ കാരണമുണ്ട്. ബ്ലൂസ് 1870-കളിൽ ആഫ്രോ-അമേരിക്കൻ ഇടങ്ങളിൽ രൂപപ്പെട്ടതാണ്. ‘Stories’ നെകാൾ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതാണ് പ്രത്യേകിച്ച്, ‘ഏകാകിത’ അവതരിപ്പിക്കുന്നതാണ് ബ്ലൂസ് കോമ്പോസിഷൻ.

1960-കളിൽ ജമൈക്കയിൽ രൂപപ്പെട്ടതാണ് റെഗ്ഗെ. ഓഫ് ബീറ്റ് സ്വഭാവമുള്ള ഈ സങ്കേതത്തിൽ, അടിച്ചമർത്തപ്പെട്ടവരുടെ പ്രതിഷേധഭാവമാണ് പ്രധാനം. കൊല്ലപ്പെട്ട വ്യക്തിയുടെ സാംസ്കാരിക പശ്ചാത്തലത്തോട് ചേർന്നിരിക്കുന്നു എന്നതാണ് ഈ ഗാനത്തെ പ്രത്യേകതയുള്ളതാക്കുന്നത്. falsetto എന്ന വോക്കൽ ടെക്നിക്കും ഈ ഗാനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സാധാരണ ശബ്ദപരിധിക്കു പുറത്ത് പാടേണ്ടിവരുമ്പോൾ ഗായകർ ഈ ടെക്നിക് ഉൾപ്പെടുത്താറുണ്ട്.

ജോർജ് ഫ്ലോയ്ടിന്റെ മരണത്തോടനുബന്ധിച്ച് അമേരിക്കയിലും മറ്റെല്ലാ രാജ്യങ്ങളിലും പ്രതിഷേധം ഇരമ്പുന്ന ഈ സമയത്ത് വൈദികരുടെ ഈ ഗാനാവതരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ജോർജ് ഫ്ലോയ്ടിന്റെ മരണത്തോടനുബന്ധിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ വീഡിയോ വിചിന്തനവും ഈ ആൽബത്തിലുണ്ട്.

വിയന്ന യൂണിവേഴ്സിറ്റിയിൽ ‘കോറൽ കണ്ടെക്‌ടിങ് ൽ’ മാസ്റ്റേഴ്സ് ചെയ്യുന്ന ജാക്സൺ അച്ചനും ‘ദ്‌ ബാംഗ്ലൂർ കൺസർവേറ്ററിയിൽ’ മാസ്റ്റേഴ്സ് ചെയ്യുന്ന ജെറിൻ അച്ചന്‍ മുമ്പും ഇത്തരത്തിൽ കാലികപ്രാധാന്യമുള്ള സംഗീത ആവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.