‘ദൈവത്തിന്റെ വചനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു’: ബ്രസീല്‍ പ്രസിഡന്റ്

ക്രിസ്തുവിലും ക്രിസ്തുവിന്റെ വചനത്തിലും താന്‍ വിശ്വസിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊണാരോയുടെ വാക്കുകള്‍ ഏറ്റെടുത്ത് ക്രൈസ്തവലോകം. അമേരിക്കന്‍ ടെലിവിഷന്‍ ശൃംഖലയായ സി.ബി.എന്‍. ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബോള്‍സൊണാരോ തന്റെ ദൈവവിശ്വാസം സാക്ഷ്യപ്പെടുത്തിയത്.

താന്‍ ദൈവവചനത്തില്‍ വിശ്വസിക്കുന്നുവെന്നും സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ സഹായിക്കുന്നത് ക്രിസ്തീയമൂല്യങ്ങളാണെന്നും അദ്ദേഹം വെളിപ്പെടുത്തി. എല്ലാവരും സത്യം അറിയുവാന്‍ ആഗ്രഹിക്കുന്നവരാണ്. നഗരങ്ങളിലും, നദിക്കരയിലെ ഗ്രാമത്തിലും, കാബോക്കോളോയിലും, കച്ചവടകേന്ദ്രങ്ങളില്‍ താമസിക്കുന്നവരുള്‍പ്പെടെ ബ്രസീലിയന്‍ ജനത മുഴുവന്‍ സത്യമറിയുവാന്‍ ദാഹിക്കുന്നവരാണെന്നും ബോള്‍സൊണാരോ വെളിപ്പെടുത്തി.

സോഷ്യല്‍ ലിബറല്‍ പാര്‍ട്ടിയെ (പി.എസ്.എല്‍) പ്രതിനിധാനം ചെയ്യുന്ന ജൈര്‍ ബോള്‍സൊണാരോക്ക് യാഥാസ്ഥിതികരുടെ ഇടയില്‍ വ്യക്തമായ സ്വാധീനമാണുള്ളത്. ക്രൈസ്തവമൂല്യങ്ങളെ ചേര്‍ത്തുപിടിച്ച് ജീവിക്കുന്ന അദ്ദേഹത്തിന് നിരവധി ശത്രുക്കള്‍ ഉണ്ടെന്നതും വസ്തുതയാണ്. തന്റെ ഇലക്ഷന്‍ പ്രചാരണത്തിനിടക്ക് ഇദ്ദേഹത്തിന് കുത്തേറ്റിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയം വരിച്ചതിനു ശേഷം ബൈബിള്‍പരമായ ആശയങ്ങള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം ലോകം മുഴുവനെയും ഓര്‍മ്മിപ്പിച്ചിരുന്നു.