പ്രളയത്തിന്റെ ആഘാതം കുട്ടികളില്‍ നിന്ന് മാറ്റാന്‍

പ്രളയത്തെ ജയിച്ചു ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍ നമ്മള്‍ ഓരോരുത്തരും മാനസികമായും ശാരീരികമായും തകര്‍ന്ന അവസ്ഥയിലാണ്. പ്രത്യാശിക്കാന്‍ ഒന്നുമില്ലെന്ന് ചിന്തിച്ചു വ്യാകുലപ്പെടുന്നവര്‍ ഒന്ന് കണ്ണ് തുറന്നു നോക്കണം. രണ്ടു മൂന്നു ദിവസങ്ങള്‍ പിന്നിലോട്ട് ഒന്ന് ചിന്തിക്കണം. നിങ്ങളില്‍ ജീവന്റെ തുടിപ്പുകള്‍ ഇനിയും മിടിക്കുന്നുണ്ട്. സ്നേഹിക്കുന്ന ഒരു ജീവനെങ്കിലും ഒപ്പമുണ്ട്. നിങ്ങളുടെ പൊന്നോമനകള്‍ ഒപ്പമുണ്ട്. ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ നിങ്ങളുടെ കൈകളെപോലെ സുരക്ഷിതമായി അവരെ ഏറ്റുവാങ്ങി സംരക്ഷിച്ച ഒരുപാട് കരങ്ങള്‍ ഈ പ്രളയത്തില്‍ ഉടനീളം നിങ്ങള്‍ കണ്ടിട്ടുമുണ്ട്.

ഈ പ്രളയം ഏറ്റവും കൂടുതല്‍, ആഘാതം സൃഷ്ടിച്ചത് ഒരുപക്ഷേ  കൊച്ചു കുട്ടികളില്‍ ആവും. അവര്‍ക്ക് പേടി, ഉത്കണ്ഠ, മാനസീക സമ്മര്‍ദം തുടങ്ങിയവ ഉണ്ടായേക്കാം.  അവരുടെ ദൈനംദിന ചര്യകള്‍ തകിടം മറിഞ്ഞതിനാല്‍ തന്നെ, അവരുടെ പ്രതികരണങ്ങളും ആളുകളോട് ഇടപെടുന്ന ശൈലിയും ഒക്കെ വ്യത്യസ്തമായിരിക്കും.അതിനാല്‍ തന്നെ ഏറെ ശ്രദ്ധയോടും കരുതലോടും കൂടി വേണം ഇവരെ ഇനിയുള്ള ദിവസങ്ങളില്‍ കുട്ടികളെ പരിചരിക്കേണ്ടത്.

കുടുംബത്തെ ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുക 

കുടുംബത്തെ പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. കുട്ടികളെ കൂടി വീട്ടിലെ ചെറിയ ജോലികളില്‍ ഉള്‍പ്പെടുത്തണം. ഇത് അവരെ കൂടുതല്‍ പ്രസന്നരാക്കാനും പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങി പോകാനും സഹായിക്കും.

കുട്ടികള്‍ പറയുന്നത് എന്തെന്ന് കേള്‍ക്കുക  

കുട്ടികള്‍ക്ക് മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ നിങ്ങളോട് പങ്ക് വയ്ക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. അവരുടെ വ്യാകുലതകളും സംശയങ്ങളും എല്ലാം ക്ഷമയോടെ ശ്രവിക്കുക. പ്രളയം അവരുടെ മനസ്സിനെ ഏതൊക്കെ രീതിയില്‍ ബാധിച്ചു എന്നത് അറിയേണ്ടതുണ്ട്. അതിനാല്‍ തന്നെ, കുട്ടികള്‍ സംസാരിക്കുന്നത് എന്താണെന്ന് അറിയേണ്ടത് അനിവാര്യമാണ്.

പ്രളയത്തെക്കുറിച്ച് വസ്തുതാപരമായി കുട്ടികളോട് പറഞ്ഞു കൊടുക്കുക

കഥകള്‍ മെനയാനും മായാലോകത്ത് സഞ്ചരിക്കാനും കുട്ടികള്‍ മിടുക്കരാണ്. പ്രളയത്തിന്റെ ആഘാതം, അവരെ പല ഊഹാപോഹങ്ങളിലേക്കും ചിന്തകളിലേക്കും തള്ളിവിടും. ഇത് പലപ്പോഴും അകാരണമായ പേടിയിലേക്കും മാനസീക സമ്മര്‍ദത്തിലേക്കും അവരെ നയിക്കാന്‍ സാധ്യതയുണ്ട്. കൂട്ടുകാര്‍ വഴി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില തെറ്റായ കാര്യങ്ങള്‍ അറിയുന്നത് വലിയ മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കും. അതുകൊണ്ട് കുട്ടികളോട് വസ്തുതാപരമായ  കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക.  

കാര്യങ്ങള്‍ ശരിയായി എന്ന് ബോധ്യപ്പെടുത്തുക

ജീവിതം പൂര്‍വ്വ സ്ഥിയിലേക്ക് എത്തിയെന്ന് കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുക. പ്രതിസന്ധികളെ തരണം ചെയ്തു സന്തുലിതാവസ്ഥ കൈവരിച്ചതായും അവരോട് പറയുക. കുട്ടികള്‍ക്ക് സ്നേഹത്തോടെയും ലാളനയോടെയും ചുംബനം നല്‍കുന്നതും, അവര്‍ക്ക് അവരുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളെയോ കളിപ്പാട്ടങ്ങളോ പുതുതായി വാങ്ങി നല്കുന്നതുമൊക്കെ അവരെ സന്തോഷിപ്പിക്കും.

മനസ്സിലാക്കുക     

കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ ദുഷ്കരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോയത്. അതിനാല്‍ തന്നെ അവരുടെ സ്വഭാവ മാറ്റങ്ങളും വാശികളും വ്യാകുലതകളും പേടിയും ഒക്കെ മനസിലാക്കുക. അതിനൊപ്പം തന്നെ നിങ്ങളുടെ വിഷമവും വ്യാകുലതകളും തല്‍ക്കാലത്തെയ്ക്ക് എങ്കിലും അവരുമായി പങ്കുവയ്ക്കാതിരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.