നോമ്പു വിചിന്തനം: തോട്ടത്തില്‍നിന്ന് തോട്ടത്തിലേക്ക്

ഫാ. ജസ്റ്റിന്‍ കാഞ്ഞുത്തറ

ഇതു പറഞ്ഞശേഷം യേശുശിഷ്യന്മാരോടുകൂടെ കെദ്രോണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. യോഹ. 18:1

അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു കല്ലറ ഉണ്ടായിരുന്നു. (യോഹന്നാന്‍ 19:41).

ഒരു തോട്ടത്തില്‍ നിന്ന് മറ്റൊരു തോട്ടത്തിലേക്കുള്ള അവന്റെ ഒടുവിലത്തെ കടന്നു പോകലിന്റെ വിവരണമാണ് ദുഃഖവെള്ളിയുടെ വി. ഗ്രന്ഥ വിവരണം. ശിഷ്യരോടൊത്ത് ഗത്‌സമേന്‍  തോട്ടത്തില്‍ പ്രവേശിച്ച യേശു പിന്നീട് ഒറ്റയാക്കപ്പെടുന്നതും വേട്ടയാടപ്പെടുന്നതും ഒടുവില്‍ ജീവനറ്റ് കുരിശിന്റെ സമീപത്തെ തോട്ടത്തില്‍ അടക്കപ്പെടുന്നതും എങ്ങനെയെന്ന് ദുഃഖവെള്ളിയെന്ന ഈ ദിവസം നമുക്ക് പറഞ്ഞുതരും. വിരുന്നു മേശയിലൊരുമിച്ചിരുന്ന് അത്താഴം രുചിച്ച ഒറ്റുകാരനും പിന്നെ കൂട്ടുകാരും ഒരു സായാഹ്നത്തിന്റെ ദൂരം പിന്നിടും മുമ്പ് ചെന്നായ്ക്കള്‍ക്ക് വിട്ടു കൊടുത്ത് ഇരുളില്‍ ഓടിമറഞ്ഞ ചിത്രം ദുഃഖവെള്ളി നമുക്ക് കാണിച്ചുതരും.

പെസഹായുടെ അന്ന് സെഹിയോന്‍ മാളികയില്‍വെച്ച് ചങ്കു പകുത്തുകൊടുത്ത് വിരുന്നൊരുക്കിയവന്‍ പിറ്റെ പ്രഭാതമാകുമ്പോഴേക്കും മാറിയിരുന്ന് ചങ്കുപൊട്ടിക്കരയുന്ന വേളയില്‍ ആശ്വാസം പകരാന്‍ കൂട്ടിനാരുമുണ്ടായിരുന്നില്ലെന്നത് ഗത്‌സമേന്‍ തോട്ടത്തിന് അറിയാവുന്ന ദുഃഖസത്യമാണ്. കാടിന്റെ മറവില്‍ 30 വെള്ളി നാണയത്തിന്റെ പണസഞ്ചിയുടെ കരുത്തിലും അധികാരികളുടെ ബലത്തിലും മനം മയങ്ങിയ ഒരുവന്‍ മരണത്തിന്റെ ഗന്ധമുള്ള ഒരു മരവിച്ച ചുംബനം നല്‍കി. അതായിരുന്നു അടയാളം, വേട്ട മൃഗങ്ങള്‍ക്ക് ഇരയേതെന്നും, അവന്‍ ദുര്‍ബലനാണെന്നും കാണിച്ചുകൊടുത്ത കൊടും ചതി.

താന്‍ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയിട്ടും മരണഭയം കണ്ണില്‍പ്പടരാത്തവന്റെ നില്‍പ്പ് പിന്നീട് റോമന്‍ സൈന്യത്തെപ്പോലും വിസ്മയിപ്പിച്ചു. യഹൂദ മതകോടതിയായ സെന്‍ഹദ്രീനും, നാട്ടുരാജാവിന്റെ വിചാരണയുടെ ഇടമായിരുന്ന ഹെരോദേസിന്റെ കൊട്ടാരവും, റോമന്‍ സീസറിന്റെ ഗവര്‍ണ്ണറായിരുന്ന പീലാത്തോസും അവന്റെ നിലപാടിനും നിശബ്ദതയ്ക്കും മുമ്പില്‍ പതറിപ്പോവുക തന്നെ ചെയ്തു.

എങ്കിലും തോല്‍വി സമ്മതിക്കാന്‍ മടിക്കുന്ന ഭരണകൂടങ്ങളുടെ ക്രൂരത അവനെതിരെ ഉയര്‍ന്നുനിന്നു. നീതി പീഠങ്ങളിലെ നീതിപാലകര്‍ കൈ കഴുകിയപ്പോള്‍ ഇറ്റു വീണത് അവന്റെ ചോരയായിരുന്നു. പ്രാണനിങ്ങനെ തുള്ളിതുള്ളിയായി ശരീരത്തില്‍നിന്നു വേര്‍പെട്ടു പോകുന്നതിന്റെ വേദന അവന്‍ അറിഞ്ഞു. തല്ലിയും ചവിട്ടിയും കുരിശുമരം ചുമലില്‍വെച്ചും നാട്ടുകൂട്ടം കാണ്‍കെ തെരുവിലൂടെ നടത്തി. അവസാനം കാല്‍വരിയുടെ നെറുകയില്‍ കുരിശില്‍ തറച്ചു. അവിടെ വച്ച് അവിടുന്ന് തലചായ്ച്ച് മരിച്ചു.

അവിടെ ഒരു കല്ലറ ഉണ്ടായിരുന്നു. അവനു വേണ്ടി വെട്ടിയുണ്ടാക്കിയ കല്ലറ. അവിടെ അവിടുന്ന് സംസ്‌കരിക്കപ്പെട്ടു. ഭൂമിയുടെ നീതിയെ അതിലംഘിക്കുന്ന സ്വര്‍ഗ്ഗത്തിന്റെ നീതിയില്‍ സാമ്രാജ്യങ്ങളെ വിറകൊള്ളിച്ച് അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നത് പിന്നീട് നടന്ന ചരിത്രം.

ഏതൊരു മനുഷ്യായുസും ഒരു തോട്ടത്തില്‍നിന്ന് മറ്റൊരു തോട്ടത്തിലേക്കുള്ള യാത്രയാണ്. ഒരിടത്ത് ജനിക്കുന്നു, കണ്‍തുറക്കുന്നു, മറ്റൊരിടത്ത് കണ്ണടയ്ക്കുന്നു. ഒരാളുടെ കൈയ്യില്‍നിന്ന് മറ്റു ചിലരുടെ കൈകളിലേക്കുള്ള കടന്നു പോക്കാണ് ജീവിതം. ജനിക്കുമ്പോള്‍ ചിലര്‍ നമ്മെ കൈകളിലെടുത്തു നടക്കുന്നു. മരിക്കുമ്പോള്‍ വേറെ ചിലര്‍ നമ്മെ കൈകളിലെടുക്കുന്നു. ‘ഒരു കുളിത്തൊട്ടി മുതല്‍ മറ്റൊരു കുളിത്തൊട്ടിവരെ ജീവിതം മുഴുവന്‍ ശബ്ദമയം’ എന്ന് ഒരു ഹൈക്കു കവിതയുണ്ട്. ജനിക്കുമ്പോള്‍ മനുഷ്യര്‍ നമ്മെ കുളിപ്പിക്കുന്നു. മരണശേഷവും ഒടുവിലത്തെ ഒരു സ്‌നാനത്തോടെ നമ്മുടെ മടക്കവും.

ഈ യാത്രയ്ക്കിടയില്‍ ദുഃഖവെള്ളി മാത്രമായി അവസാനിക്കപ്പെടുന്ന ജീവിതങ്ങളുണ്ട്. വഞ്ചിക്കപ്പെട്ടും വേട്ടയാടപ്പെട്ടും ഇരകളായി ജീവിതം അവസാനിക്കപ്പെടേണ്ടിവന്നവരുണ്ട്. വേറെ ചിലര്‍ ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെ തിരിച്ചു വന്നവരുമുണ്ട്. ഓരോരുത്തര്‍ക്കും ജീവിതം അവരവരുടെ ഓഹരി കരുതിവച്ചിട്ടുണ്ട്. തകര്‍ത്തെറിയപ്പെട്ട ജീവിതങ്ങള്‍ പുനര്‍ജീവിപ്പിക്കപ്പെടട്ടെ, കല്ലറയില്‍ അടക്കം ചെയ്യപ്പെട്ടവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ. നീതിയും ധര്‍മ്മവും നിലനില്‍ക്കുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ അവര്‍ പുതുശക്തിയായി നിലകൊള്ളട്ടെ.

ഫാ. ജസ്റ്റിന്‍ കാഞ്ഞുതറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.