കുർബാനാധിഷ്ഠിത വചന ധ്യാനം – ദനഹാ നാലാം ചൊവ്വാ ലൂക്കാ 4:22-30

ഫാ. ആൽവിൻ

തിരുപാഥേയം – യാത്രാഭക്ഷണം: ഇവൻ ജോസഫിന്റെ മകൻ

ദൈവപുത്രനായ ഈശോയെ ജോസഫിന്റെ മകനായി മാത്രം മനസ്സിലാക്കുന്ന ഒരു സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രവാചകൻ സ്വന്തം നാട്ടിൽ വിസ്മരിക്കപ്പെടുന്നു എന്ന സത്യം ഈശോ വ്യക്തമാക്കുന്നു. ആർക്കു വേണ്ടി ഈശോ ഈ ലോകത്തിലേക്കു വന്നോ അവർ അവനെ തള്ളിപ്പറയുമ്പോൾ പഴയ നിയമത്തിലെ നാമാന്റെയും, സെറപ്തായിലെ വിധവയുടെയും ചരിത്രം പറഞ്ഞ് സമൂഹം മാറ്റി നിറുത്തിയവരെ ദൈവം എങ്ങനെ പരിപാലിക്കുന്നു എന്ന് വ്യക്തമാക്കുന്നു. അപ്പോൾ അവൻ ആർക്കു വേണ്ടി വന്നോ അവർ നശിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷേ ഈശോ അവരെ കടന്നു പോകുന്നു.

ഈശോ ഇന്നു നമ്മുടെയിടയിൽ, നമുക്കായി പരിശുദ്ധ കുർബാനയായി തീർന്നിരിക്കുന്നു. എങ്ങനെയാണ് കുർബാനയിലെ ഈശോയുടെ സാന്നിധ്യത്തെ നാം മനസ്സിലാക്കിയിരിക്കുന്നതെന്ന് ചിന്തിക്കാം. പരിശുദ്ധ ബലിപീഠത്തിൽ കൂദാശ ചെയ്യപ്പെടുന്ന അപ്പവും വീഞ്ഞും എനിക്ക് ഈശോയുടെ യഥാർത്ഥ ശരീരവും രക്തവുമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ? അതോ കേവലം മനുഷ്യപുത്രനായി, ജോസഫിന്റെ മകൻ മാത്രമായി തിരിച്ചറിഞ്ഞവരെപ്പോലെ ഈശോയുടെ തിരുശരീര രക്തങ്ങൾ നമുക്ക് വെറും അപ്പവും വീഞ്ഞുമായി മാത്രമേ അനുഭവപ്പെടുന്നുള്ളോ? നമുക്ക് ചിന്തിക്കാം നമ്മുടെയൊക്കെ ദൈവാലയങ്ങളിലെ പരിശുദ്ധ കുർബാനയെന്ന ഈശോയുടെ തിരുസാന്നിധ്യത്തെ, ഈശോയെ സ്വന്തം നാട്ടുകാർ തന്നെ സ്വീകരിക്കാതിരുന്നതു പോലെ, താഴേയ്ക്ക് തള്ളിയിടാൻ കൊണ്ടു പോയതുപോലെ നിരാകരിക്കാൻ ഇടയായിട്ടുണ്ടോ എന്ന്? നമ്മുടെ നാട്ടിലല്ല, മറിച്ച് നമ്മുടെയൊക്കെ ഉള്ളിൽ വസിക്കുന്നവനാണ് ഈശോയെന്ന് തിരിച്ചറിഞ്ഞ് ദൈവ പുത്രനായ അവനിലുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാം.

ഫാ. ആൽവിൻ MCBS