മറിയത്തിന്റെ സ്‌തോത്രഗീതം നല്‍കുന്ന സന്ദേശം

തന്റെ ജീവിതത്തില്‍ ദൈവം നിര്‍വ്വഹിച്ച അത്ഭുതാവഹമായ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടാണ് മറിയം ദൈവത്തെ വാഴ്ത്തി സ്തുതിച്ചത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്തെങ്കിലും നല്ലകാര്യം സംഭവിക്കുമ്പോള്‍ അയാള്‍ സന്തോഷിക്കുന്നു. സന്തോഷിക്കുക മാത്രമല്ല ആ സന്തോഷം പ്രകടമാക്കുന്നു. തനിക്കു ലഭിച്ച ദൈവിക നന്മ മനസ്സിലാക്കിയ മറിയം അതിനാലാണ് ആനന്ദിച്ചുകൊണ്ടു ദൈവത്തെ സ്തുതിച്ചു പാടിയത്. തനിക്കായ് ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്തുതന്ന ദൈവത്തെ മറിയം തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിന്റെ മുന്നില്‍വച്ച് വാചാലയായി വാഴ്ത്തി സ്തുതിച്ചതാണ് മറിയത്തിന്റെ സതോത്രഗീതമെന്ന പ്രാര്‍ത്ഥനാഗീതമായി ചരിത്രത്തില്‍ നാം ഉരുവിട്ടുപോരുന്നത് ( ലൂക്കാ 1, 46-55).

ദൈവിക നന്മകളെയാണ് മറിയം ഇവിടെ മഹത്വപ്പെടുത്തുന്നത്. തന്റെ ജീവിതത്തില്‍ സംഭവിച്ച വന്‍കാര്യങ്ങള്‍ മറിയം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവള്‍ സന്തോഷവതിയായി ദൈവത്തെ സ്തുതിച്ചു പാടിയത്. വ്യക്തിജീവിതത്തില്‍ നാം വലിയ കാര്യങ്ങള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും അവയ്ക്കു നന്ദിപറയുകയും ചെയ്യേണ്ടതാണ്. മറിച്ച് ചെറിയ കാര്യങ്ങളുടെ പിന്നാലെ പോയി സമയം കളയരുതെന്നും ഇതിന് അര്‍ത്ഥമുണ്ട്. അതിനാല്‍ ഈ പ്രാര്‍ത്ഥനാഗീതത്തിലൂടെ മറിയം നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നത് ജീവിതത്തില്‍ ദൈവം നിര്‍വ്വഹിച്ച വലിയ കാര്യങ്ങള്‍ മനസ്സിലാക്കുവാനും, അംഗീകരിക്കുവാനും, അതിന് പ്രതിനന്ദിയായി അവിടുത്തെ സ്തുതിച്ചു, മഹത്വപ്പെടുത്തി അത് ഏറ്റുപറഞ്ഞു ജീവിക്കുവാനുമാണ്.