രണ്ട് കുട്ടികളെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി ആ എണ്‍പത്തിയെട്ടുകാരന്‍ മരണത്തിലേയ്ക്ക്…

ഏഴും പതിനൊന്നും വയസ് പ്രായമുള്ള രണ്ട് കുട്ടികളെ രക്ഷിക്കാൻ അദ്ദേഹം കാലെടുത്തുവച്ചത് മരണത്തിലേയ്ക്കായിരുന്നു. ബോബ് നിൽ എന്ന 88 വയസുകാരനായ ആ ഗാർഡ് ഇന്ന് ഹീറോ ആണ്. കാരണം, അയാൾ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാണ് ആ കുട്ടികളെ രക്ഷപെടുത്തിയത്. അമേരിക്കയിലെ കാൻസാസ് സിറ്റിയിലാണ് സംഭവം. ക്രൈസ്റ്റ് ദി കിംഗ് കാത്തലിക് സ്‌കൂളിലേയ്ക്കു വരുന്ന കുട്ടികൾ അപകടത്തിലേയ്ക്കു പോകുന്നത് കണ്ടാണ് ബോബ് നീൽ അവരെ രക്ഷപെടുത്തുവാൻ ശ്രമിച്ചത്. ആ ശ്രമത്തിനിടെയാണ് അദ്ദേഹത്തിന് സ്വന്തം ജീവൻ നഷ്ടപ്പെട്ടത്.

രാവിലെ എട്ടു മണിക്ക് കുട്ടികൾ സ്കൂളിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം. വിദ്യാർത്ഥികൾ ഫുട്പാത്തിൽ നിന്നും പടിയിറങ്ങി വരുമ്പോൾ അവരെ കാര്‍ ഇടിച്ചേക്കാവുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്. അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആ കാറിടിച്ച് നീൽ മരിക്കുകയായിരുന്നു. എന്നാൽ, അദ്ദേഹം പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും പിന്നീട് മരണമടയുകയും ചെയ്‌തു. സ്കൂളിൽ നീലിന്റെ ആത്മശാന്തിയ്ക്കായി കുട്ടികളെല്ലാവരും ഒന്നിച്ചുകൂടി ജപമാല ചൊല്ലി പ്രാർത്ഥിച്ചു. സ്കൂളിന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹത്തെ ‘ഹീറോ’ എന്നാണ് കുട്ടികൾ വിശേഷിപ്പിച്ചിരിക്കുന്നത്. സ്കൂളിന്റെ പ്രിൻസിപ്പൽ, ബോബ് നിൽ എന്ന വലിയ മനുഷ്യനോട് ഞങ്ങൾ നന്ദിയുള്ളവരാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു വെന്നും അറിയിച്ചു.

ആ കുട്ടികള്‍ ഫുട്പാത്തിലേയ്ക്ക് കാലെടുത്തുവയ്ക്കുന്നതിനെ നീൽ തടഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് അത് വലിയ ദുരന്തമായി അവശേഷിച്ചേനേ. പ്രായമായ ആ വൃദ്ധൻ സ്വന്തം ജീവിതത്തെ മറന്നുകൊണ്ട് ആ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഇന്ന് ആ നാട്ടിലെ ജനങ്ങൾ ഒന്നടങ്കം അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു.