ബിസിനസ് ഉപേക്ഷിച്ചു ദൈവവിളിക്കു ഉത്തരം നൽകിയിട്ട് 25 വർഷങ്ങൾ

25 വർഷം മുമ്പ് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ കേന്ദ്രമായി അറിയപ്പെടുന്ന വാൾസ്ട്രീറ്റിലെ വിജയകരമായ ജീവിതം കെവിൻ കെന്നഡി എന്ന ബിസിനസുകാരൻ ഉപേക്ഷിച്ചു. ഒരു വൈദികനായി ദൈവത്തെ സേവിക്കുന്നതിനായി ഇറങ്ങിത്തിരിച്ചു. ഇന്ന് തന്റെ അറുപതാമത്തെ വയസിൽ അദ്ദേഹം പൗരോഹിത്യ ജീവിതത്തിലെ 25 വർഷത്തിന്റെ ജൂബിലി നിറവിലാണ്. ഫാ. കെവിൻ കെന്നഡി എന്ന വൈദികൻ ദൈവസ്നേഹത്തെ പ്രതി ലോകദൃഷ്ടിയിൽ നേട്ടമായി കണക്കാക്കാവുന്ന പലതും ഉപേക്ഷിച്ച ജീവിതകഥ വായിച്ചറിയാം.

വാഷിംഗ്ടൺ ഡിസിയിലെ സെന്റ് ഗബ്രിയേൽ ചർച്ചിന്റെ വികാരിയും അമേരിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് റിലീജിയസ് സ്റ്റഡീസിലെ രണ്ട് സെമിനാരികളുടെ അഡ്ജക്റ്റ് പ്രൊഫസറുമാണ്. 25-ാം വാർഷികം അനുസ്മരിച്ച്, ദൈവം തന്റെ ജീവിതത്തിൽ പ്രവർത്തിച്ച അനുഗ്രഹങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ന്യൂയോർക്കിൽ ആണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ വെറോണിക്ക മക്ഗുവൈറും മാത്യു കെന്നഡിയും ആണ്.  എട്ട് മക്കളിൽ ഏറ്റവും ഇളയവനാണ് അദ്ദേഹം. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ, അതിൽ കൂടുതലുള്ള പ്രാർത്ഥനയും വിശ്വാസവുമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കാലക്രമേണ തന്റെ തൊഴിലിലും വിനോദത്തിലും ശ്രദ്ധയൂന്നിയുള്ള ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

1982 -ൽ ന്യൂയോർക്കിലെ ബറൂച്ച് കോളേജിൽ നിന്ന് എക്‌ണോമിക്സിൽ ബിഎ ബിരുദം നേടിയ കെവിൻ, അമേരിക്കയിലെ രണ്ടാമത്തെ വലിയ ഓട്ടോമേറ്റഡ്, ഇലക്ട്രോണിക് സ്റ്റോക്ക് എക്സ്ചേഞ്ചായ നാസ്ഡാക്കിൽ ഒരു പുതിയ ഇലക്ട്രോണിക് ഇന്റർ മാർക്കറ്റ് ട്രേഡിംഗ് സിസ്റ്റത്തിന്റെ സൂപ്പർവൈസറായി ജോലി ചെയ്തു. “വാൾസ്ട്രീറ്റിൽ ജോലിചെയ്യുമ്പോൾ, എന്റെ കരിയർ, ഡേറ്റിംഗ്, യാത്ര, കല, കുതിര സവാരി എന്നിവയിൽ ആയിരുന്നു താത്പര്യം. ഞാൻ സഭയുടെ കാര്യങ്ങളിൽ താത്പര്യം കാണിച്ചിരുന്നില്ല.” -അദ്ദേഹം പറഞ്ഞു.

ഇന്ത്യാനയിലെ പർ‌ഡ്യൂ സർവകലാശാലയിൽ എം‌ബി‌എ പഠിക്കുമ്പോൾ, ഒരു സുഹൃത്തിനോടൊപ്പം കോളേജ് കാമ്പസിലെ ഇടവകയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. അങ്ങനെ, ഏകദേശം 10 വർഷത്തിനുശേഷം, കെവിൻ ക്രിസ്തുവിനോടൊപ്പം വിശുദ്ധ ബലിയിൽ പങ്കുചേർന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവിന് കാരണമായി. “അന്ന് അവിടുത്തെ വൈദികൻ പ്രസംഗിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു. വളരെ ഊർജ്വസ്വലമായ ആ സമൂഹം എന്നിലേക്ക് സന്തോഷം പകരുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആ ഇടവകയിലെ ആളുകൾ എന്നെ യേശുവിന്റെ വ്യക്തിത്വത്തിലേക്ക് നയിച്ചതായി എനിക്ക് മനസ്സിലായി.” -അദ്ദേഹം പറയുന്നു.

ഹൃദയസംബന്ധമായ മരുന്നുകൾ വികസിപ്പിക്കുന്നതിന് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ ഗവേഷണ സ്ഥാപനത്തിലെ പങ്കാളിയായി അദ്ദേഹം വാഷിംഗ്ടൺ ഡിസിയിലേക്ക് സ്ഥലം മാറി. അവിടെവെച്ച് അദ്ദേഹം വിശ്വാസ പരിശീലന ക്ലാസുകളിൽ പഠിപ്പിക്കുവാനും ഇടവക പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാനും ആരംഭിച്ചു. ഇടവക ജീവിതം താൻ വളരെ ആസ്വദിക്കുന്നുണ്ടെന്ന് അവിടെവെച്ച്  മനസ്സിലാക്കിയ അദ്ദേഹം സെമിനാരിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു.

പൗരോഹിത്യത്തിലേക്ക് വിളിക്കപ്പെട്ടുവെന്ന് തോന്നിയപ്പോൾ, എന്തിനാണ് ഒരു ബിസിനസ്സ് ജീവിതം വളർത്തിയെടുക്കാൻ ഞാൻ ഇത്രയധികം സമയവും പണവും പരിശ്രമവും പാഴാക്കിയത് എന്ന് അദ്ദേഹം ദൈവത്തോട് ചോദിച്ചു. അങ്ങനെ അദ്ദേഹം സെമിനാരിയിൽ ചേരുന്നതിനായി 1990 -ൽ മെക്സിക്കോയിലേക്ക് പോയി. 1994 -ൽ ആഭ്യന്തരയുദ്ധ കാലത്ത് 10 വർഷത്തോളം ജീവൻ പോലും പണയപ്പെടുത്തുന്ന തരത്തിലുള്ള സംഭവങ്ങളുടെ മദ്ധ്യേ ജീവിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

1995 -ൽ മെക്സിക്കോ അതിർത്തിയിലുള്ള ഗ്വാട്ടിമാലയിൽ ഒരു ഇടവകയും അഭയാർത്ഥി ക്യാമ്പും അദ്ദേഹം സന്ദർശിച്ചു. പിന്നീട് വാഷിംഗ്ടൺ അതിരൂപതയിൽ വൈദികനായി നിയമിതനായ അദ്ദേഹം അമേരിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിലും സംഘടനാ വികസനത്തിലും ഡോക്ടറേറ്റ് നേടി. അദ്ദേഹത്തിന് ഇടവകയെ നയിക്കാനുള്ള കഴിവ് വളരെ എടുത്തുപറയേണ്ടതാണ്. ഫാ. കെന്നഡിയെ ഇടവകകളിലെ വെല്ലുവിളികളെ വിജയകരമായി നേരിടാൻ ബിസിനസ് രംഗത്തെ അനുഭവങ്ങളും സഹായിച്ചു.

തന്റെ 25 വർഷത്തെ പൗരോഹിത്യ ജീവിതം വിജയപ്രദമായി പൂർത്തിയാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഫാ. കെവിൻ കെന്നഡി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.