വി. അല്‍ഫോന്‍സാമ്മ: ക്ലാരസഭാരാമത്തിലെ ആനന്ദസൂനം

കുരിശാകുന്ന ദര്‍പ്പണത്തില്‍ നോക്കി മുഖകാന്തി ദര്‍ശിക്കുവാന്‍ വി. ക്ലാര ഉദ്‌ബോധിപ്പിച്ചത് അല്‍ഫോന്‍സാമ്മ തന്റെ ജീവിതത്തില്‍ അക്ഷരാര്‍ത്ഥം നിറവേറ്റി. ജീവിതത്തില്‍ സഹനബലി അര്‍പ്പിച്ചുകൊണ്ട് താന്‍ സ്വീകരിച്ച സമര്‍പ്പണജീവിതം സന്തോഷത്തോടെ ജീവിച്ചു. ദൈവികസന്തോഷം അനുഭവിക്കുന്നവരുടെ അടയാളമാണ് മുഖത്തെ പ്രകാശം. ഈ പ്രകാശമാണ് അല്‍ഫോന്‍സാമ്മയുടെ മുഖത്ത് പ്രതിഫലിച്ചിരുന്നത്. അനശ്വരമായ ആനന്ദം തിരിച്ചറിഞ്ഞ അല്‍ഫോന്‍സാമ്മ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ”ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകര്‍ത്തണമേ” ഇതാണ് ദൈവികാനന്ദം അനുഭവിക്കുന്നവരുടെ മനോഭാവം.

ആനന്ദവും സന്തോഷവും പ്രകടമാക്കുന്ന ഏറ്റവും നല്ല വഴി പുഞ്ചിരിയാണ്. വി. അല്‍ഫോന്‍സാമ്മ പറയുന്നു: പുഞ്ചിരി തിരിവെട്ടമാണ്. വേദനിക്കുന്നവരുടെ നേരേ നോക്കി ഞാന്‍ സ്‌നേഹത്തോടെ പുഞ്ചിരിക്കും. സംശയത്തിന്റെ മുള്‍മുന ഹൃദയത്തെ വേദനിപ്പിച്ചപ്പോഴും രോഗങ്ങളുടെ ശരശയ്യയില്‍ ഞെരുക്കപ്പെട്ടപ്പോഴും തെറ്റിദ്ധാരണകളാല്‍ മനമുരുകിയപ്പോഴും അല്‍ഫോന്‍സാമ്മ പുഞ്ചിരിച്ചു. വേദനിപ്പിച്ചവരുടെ മുഖത്തുനോക്കി പുഞ്ചിരിയുടെ പൂനിലാവ് സമ്മാനിക്കുവാനും അവനെ അനുഗ്രിക്കുവാനും വിശുദ്ധയ്ക്ക് സാധിച്ചു. ക്ലാരസഭാരാമത്തില്‍ വിരിഞ്ഞ ഈ ആനന്ദസൂനം നാം ജീവിതത്തിന്റെ കാല്‍വരി കയറുമ്പോള്‍ നമ്മുടെ വഴിത്താരയില്‍ ദൈവികാനന്ദത്തിന്റെ പ്രഭ വിതറട്ടെ.

സി. സെലിന്‍ തെരേസ് എഫ്. സി. സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.