ചട്ടുകതലയൻ ആളുകളെ കൊല്ലുമോ? അറിയേണ്ടതെല്ലാം

ആശിഷ് ജോസ് അമ്പാട്ട്

കുറച്ചു ദിവസങ്ങളായി സകല വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും ആയി പ്രത്യക്ഷപ്പെട്ട ഒരു സന്ദേശമാണ് നൂറു മനുഷ്യരെ വരെ കൊല്ലാൻ വിഷമുള്ള ‘ചട്ടുകതലയൻ’ എന്ന ജീവികളെ പറ്റിയുള്ള ഭീതിജനകമായ സന്ദേശങ്ങൾ. ഇത് സത്യത്തിൽ തെറ്റിദ്ധാരണാജനകമാണ്.

ചിത്രത്തിൽ ഉള്ളത് Bipalium.spp ജനുസിൽപ്പെട്ട പരന്ന വിരയാണ്. ഇംഗ്ലീഷിൽ ‘hammerhead worm’ എന്നു പറയും, ചുറ്റിക പോലെയുള്ള തലഭാഗത്തിൽ ഉള്ളതിനാലാണ് ഈ പേര് വന്നത്. സാധാരണ മണ്ണിരകൾ പോലെയുള്ള ജീവികളെ ഇരയായി പിടിച്ചു തിന്നാണ് ഇവ ജീവിക്കുന്നത്.

ഈ ജനുസിൽപ്പെട്ട രണ്ടിനങ്ങളിൽ (Bipalium adventitium and Bipalium kewense)

ടെട്രോടോക്സിൻ(Tetrodotoxin) എന്ന തരം വിഷമുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് ഇവയെക്കാളും ഒരുപാട് അധികം വലിപ്പമുള്ള മണ്ണിരകളുടെ നാഡികോശങ്ങളെ തളർത്താൻ സഹായിക്കുന്ന തരം വിഷമാണ്. തലകൊണ്ട് മണ്ണിരകളെ കവചം ചെയ്യുമ്പോൾ ആയിരിക്കും അധികം വിഷവും ഏൽപ്പിക്കുക.

 മറ്റ് പല ജീവികളിലും പ്രത്യേകിച്ചു ജല ജീവികളിൽ ( ഉദാ: പഫർ ഫിഷ്-Puffer fish- ) ടെട്രോടോക്സിൻ അപകടരമായ അളവുകളിൽ നീരീക്ഷിച്ചിട്ടുണ്ട്. പക്ഷെ ഈ ‘ചട്ടുകതലയൻ വിര’, മനുഷ്യനോ, നമ്മളെ പോലെയുള്ള വലിയ സസ്‌തിനിജീവികളിലോ മരണകാരണം ആകുന്നു എന്നതിന് യാതൊരുവിധ തെളിവുകളും ഇല്ല. ഈ വിരകളിൽ മനുഷ്യൻ ജീവൻ ഭീക്ഷണിയായ അളവിൽ വിഷമുണ്ട് എന്നും സ്ഥാപിക്കുന്ന വിവരങ്ങളും ലഭ്യമല്ല. നമ്മൾ ആരും ഇത്തരം വിരകളെ ഭക്ഷിക്കാറുമില്ല.

ദയവുചെയ്ത് ഈ പ്രളയ കാലത്തെങ്കിലും ജനങ്ങളെ അനാവശ്യമായി ഭീതിയിൽ കൊണ്ടെത്തിക്കുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കാതെ ഇരിക്കുക. പ്രളയം ജനങ്ങളുടെ ജീവിതത്തെ തന്നെ താറുമാറാക്കിയതില്‍ പരിഭ്രാന്തരാണ് അവര്‍. ഈ സാഹചര്യത്തില്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ കൂടി നടത്തി അവരെ ബുദ്ധിമുട്ടിക്കരുത്.

മദ്രാസ്‌ ക്രിസ്ത്യന്‍ കോളേജ് സുവോളജി വിദ്യാര്‍ഥിയായ ആശിഷ് ജോസ് അമ്പാട്ട് എഴുതുന്നു.

ആശിഷ് ജോസ് അമ്പാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.