മരിയൻ കഥകൾ 8

വിശ്വവിശ്രുത താത്വികനായിരുന്ന ഷാക്ക് മാരിറ്റൈന്റെ മാനസാന്തരം പരിശുദ്ധ കന്യകയുടെ സ്നേഹത്തിന്റെ ഒരു വിജയമാണെന്നാണ് അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുള്ളത്. മാരിറ്റൈന്‍ ദമ്പതികള്‍ സോര്‍ബോണ്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു. യഹൂദ താത്വികനായ ബെര്‍ഗ്സോന്റെ കീഴിലാണ് അവര്‍ അദ്ധ്യയനം നടത്തിയിരുന്നത്. ബെര്‍ഗ്സോണ്‍ യഹൂദനായിരുന്നെങ്കിലും കത്തോലിക്കാ വിശ്വാസത്തോടു മതിപ്പുണ്ടായിരുന്നു. 1904 നവംബര്‍ 26-ാം തീയതി മാരിറ്റൈന്‍ വിവാഹിതനായി.

അധികം താമസിയാതെ അവര്‍ തികഞ്ഞ കത്തോലിക്ക വിശ്വാസികളായ ബ്ലോയി ദമ്പതികളെ പരിചയപ്പെട്ടു. ലെയോണ്‍ ബ്ലോയി “ലാസലേറ്റു” മാതാവിന്‍റെ വലിയ ഒരു പ്രേഷിതനായിരുന്നു. ബ്ലോയിയും ഭാര്യയും മാരിറ്റൈന്‍ ദമ്പതികളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നുവെങ്കിലും കത്തോലിക്കാ സഭയിലേക്ക് വരാന്‍ അവര്‍ വൈമുഖ്യം കാണിച്ചു. വിവാഹാനന്തരം രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ റീസായ്ക്ക് മാരകമായ ഒരു രോഗം ബാധിച്ചു. മാരിറ്റൈന്‍ അസ്വസ്ഥചിത്തനായി. ഒരു ദിവസം ബ്ലോയിയുടെ ഹൃദയസ്പര്‍ശിയായ ഒരു കത്ത് മാരിറ്റൈന് ലഭിച്ചു. അതിന്റെ സംഗ്രഹമിതാണ്.

എന്റെ ഏറ്റവും പ്രിയപ്പെട്ട, റീസാ, ഞങ്ങള്‍ നിന്നെ സ്നേഹപൂര്‍വ്വം കൂടെക്കൂടെ അനുസ്മരിക്കുന്നുണ്ട്. ഇന്ന്, അതിരാവിലെ ദിവ്യബലി സമയത്ത് നിനക്കു വേണ്ടി ഞാന്‍ കരഞ്ഞുകൊണ്ട്‌ പ്രാര്‍ത്ഥിച്ചു. എന്റെ ക്ലേശഭൂയിഷ്ഠമായ ഈ ജീവിതത്തിന് എന്തെങ്കിലും, യോഗ്യത പൂര്‍ണമായി ഉണ്ടെങ്കില്‍ നിനക്കു ഉടനെ സൌഖ്യം നല്‍കണമെന്നും അത് ആത്മീയ മഹത്വത്തിനായി സ്വീകരിക്കുമെന്നും ഞാന്‍ ‍നമ്മുടെ കര്‍ത്താവീശോ മിശിഹായോടും പരിശുദ്ധ കന്യകാമറിയത്തോടും യാചിച്ചിട്ടുണ്ട്. എന്റെ പ്രാര്‍ത്ഥന ശ്രവിക്കുവാന്‍ വേണ്ടി ഞാന്‍ അശ്രുധാര ധാരാളമായി വര്‍ഷിച്ചിട്ടുണ്ട്. നീ സുഖം പ്രാപിക്കുകയും വലിയ ആനന്ദം അനുഭവിക്കുകയും ചെയ്യും.

കുറെ ദിവസങ്ങള്‍ക്കു ശേഷം മിസ്സിസ് ബ്ലോയി രോഗാതുരയായ റീസായെ സന്ദര്‍ശിച്ചു. അവള്‍ റീസായോടു പറഞ്ഞു: “ഞാന്‍, പരിശുദ്ധ കന്യകയുടെ രൂപം തരുന്നു, നീ ശക്തമായി പ്രാര്‍ത്ഥിക്കുക” രോഗിണി തന്റെ സ്നേഹിതയുടെ അതിരുകടന്ന പ്രസ്താവനയില്‍ അസ്വസ്ഥചിത്തയായി. എങ്കിലും ഒന്നും പറഞ്ഞില്ല. മൗനം സമ്മത ലക്ഷണമായി പരിഗണിച്ച് ജിന്‍ ബ്ലോയി മാതാവിന്റെ രൂപം റീസായുടെ കഴുത്തില്‍ അണിയിച്ചു. റീസായ്ക്ക് ഒരു സന്തോഷം ലഭിക്കുകയും ഉടനെ തന്നെ നിദ്രയില്‍ ലയിക്കുകയും ചെയ്തു. ആ നിമിഷം മുതല്‍ അവള്‍ സുഖം പ്രാപിച്ചു തുടങ്ങി.

ഇതിനകം തന്നെ യുക്തിവാദിയായി തീര്‍ന്ന മാരിറ്റൈന്‍, ഭാര്യയുടെ അത്ഭുതകരമായ സുഖപ്രാപ്തിയോടുകൂടി കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നു. ലോകം മുഴുവന്‍ പരിശുദ്ധ അമ്മയെ പറ്റി അറിയിക്കാന്‍ മുന്‍കൈ എടുത്ത കുടുംബമായി, മാരിറ്റൈന്‍ കുടുംബം മാറി. അദ്ദേഹം കത്തോലിക്കാ മതം സ്വീകരിച്ചതു മൂലം സ്വദേശത്തു പഠിക്കുന്നതിനുള്ള അവകാശം പോലും നിഷേധിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ 81-ാം വയസ്സില്‍ ഫ്രഞ്ചു ഗവണ്മെന്‍റ് ഫ്രാന്‍സിന്റെ ഏറ്റവും വലിയ ദേശീയ ബഹുമതി നല്‍കി അദ്ദേഹത്തെ ബഹുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.