മരിയൻ കഥകൾ 18

അയര്‍ലന്‍ഡിലെ വി. ബ്രിജിറ്റ് വളരെ സൗന്ദര്യവതിയായിരുന്നു. അവള്‍ പ. കന്യകയുടെ നേരെ അതിയായ ഭക്തിയുള്ളവളുമായിരുന്നു. ചെറുപ്പത്തിലെ തന്നെ അവള്‍ കന്യാവ്രതം വാഗ്ദാനം ചെയ്തു. പക്ഷേ മാതാപിതാക്കന്മാര്‍ വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധിച്ചു. ഒരു പ്രഭുകുമാരന്‍ അവളെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിച്ചു. ബ്രിജിറ്റ് കന്യാവ്രതം അര്‍പ്പിച്ചതുകൊണ്ട് വിവാഹത്തില്‍ വൈമുഖ്യം പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തത്. മാത്രമല്ല അവള്‍ക്ക് ഒരു രോഗം പിടിപെട്ട് അവളുടെ സൗന്ദര്യത്തിനു കോട്ടം സംഭവിച്ചു. ശുദ്ധതയോടുള്ള സ്നേഹം നിമിത്തം അവള്‍ തന്നെ മുഖം വിരൂപമാക്കി. തന്നിമിത്തം വിവാഹാലോചനകളെല്ലാം മാതാപിതാക്കന്മാര്‍ ഉപേക്ഷിച്ചു.

കുറെനാള്‍ കഴിഞ്ഞ് അത്ഭുതമെന്നു പറയട്ടെ അവളുടെ പൂര്‍വ സൗന്ദര്യം അവള്‍ക്കു ലഭിച്ചു. അവള്‍ പിന്നീട് പ. കന്യകയോടു ഏറ്റവും ഐക്യം പ്രാപിച്ചു. അതിനാല്‍ അയര്‍ലന്‍ഡിലെ മേരി എന്ന അപരാഭിദാനത്തിന് അവള്‍ അര്‍ഹയായി തീര്‍ന്നു. എല്ലാ വിശുദ്ധരും അവളുടെ ശുദ്ധത സംരക്ഷിക്കുന്നതിനായി പ. കന്യകയോടു അന്യാദൃശമായ ഭക്തി പ്രകടിപ്പിച്ചിരുന്നു. അവള്‍ കന്യകകളുടെ രാജ്ഞിയാണ്. പ. കന്യകയുടെ നേരെയുള്ള ഭക്തി ശുദ്ധതയുടെ ഏറ്റവും സുനിശ്ചിതമായ അടയാളമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.