മറിയം നേരിട്ട ഒരു നഷ്ടത്തിന്റെ വ്യസനകഥ

അമ്പരപ്പിക്കുന്ന അന്തരീക്ഷങ്ങള്‍ക്കും ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ക്കും ഇടയില്‍ ദൈവപുത്രനായ യേശുവിന്റെ ജനനത്തില്‍ ആനന്ദിച്ച, മേരി- ജോസഫ് ദമ്പതികള്‍ നേരിട്ട ഒരു നഷ്ടത്തിന്റെ വ്യസനകഥ – ബാലനായ യേശുവിനെ നഷ്ടമാകുന്നതും തേങ്ങല്‍ നിറഞ്ഞ തേടലിനു ശേഷം ദൈവാലയത്തില്‍ ഈശോയ കണ്ടുമുട്ടുന്നതും നമ്മുടെ വിചിന്തനവിഷയമാക്കാം.

മറിയത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമായിരിക്കാം ഈശോയെ കാണാതായ സംഭവം. ഈ നഷ്ടപ്പെടലില്‍ ഒരു ദൈവികമാനം കാണാന്‍ മേരിക്ക് കഴിഞ്ഞുകാണുമോ? കാല്‍വരിമലയില്‍ മകന്റെ ചേതനയറ്റ ശരീരം കണ്ടതിലുമേറെ ഹൃദയവ്യഥ ഈശോയുടെ ഇല്ലായ്മയില്‍ അവര്‍ക്കുണ്ടായിരിക്കാം. ശിമയോന്റെ പ്രവചനം സാക്ഷാത്കരിച്ചതിന്‍റെ വൈകാരികപ്രതിസന്ധി മറിയത്തെ കാര്‍ന്നുതിന്നിരിക്കാം.

പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായി ദൈവത്തിന്റെ ആലയവുമായി അഭേദ്യമായ ബന്ധമുള്ള ഈശോ:- ദൈവത്തെയും ദൈവാലയത്തെയും സ്നേഹിക്കുന്നയാള്‍ ലോകവ്യഗ്രതകളില്‍ നിന്നും മനസ്സിനെ വിഛേദിപ്പിക്കണം. പ്രാര്‍ത്ഥിക്കുമ്പോള്‍ മനസ്സിനെ ചിന്തകളില്‍ നിന്നു രക്ഷിക്കാനായി ജാഗ്രത പുലര്‍ത്തണം (ഫിലോക്കാലിയ). സ്വപിതാവിനെയാരാധിക്കാന്‍ ദൈവാലയത്തില്‍ ചെന്ന ഈശോ ലോകവ്യഗ്രതകളില്‍ ആലസ്യനായില്ല. പ്രവാചികയായ അന്നയ്ക്ക് യേശുദര്‍ശനം പ്രാപ്യമായത് ദൈവാലയം വിട്ടുപോകാത്തതിനാലാണ് (ലൂക്ക 2:37). ദൈവത്തിന്റെയും ദൈവാലയത്തിന്റെയും ശുശ്രൂഷയിലേര്‍പ്പെട്ടവര്‍ ലോകവ്യാപാരങ്ങളില്‍ വ്യാപൃതരാകുമ്പോള്‍ ജീവിതം നഷ്ടവും ശൂന്യതയും അനുഭവിക്കും. ദൈവാലയതീക്ഷ്ണത എന്നെ ഗ്രസിക്കാറുണ്ടോ? (യോഹ 2;17)

സ്വപുത്രനെ ദൈവാലയത്തിലേയ്ക്ക് കൊണ്ടുപോയവര്‍ അവന്‍ നഷ്ടപ്പെട്ടപ്പോള്‍ അവനെ തേടിയത് ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍. ഒത്തിരിപ്രതീക്ഷയോടെ തുടങ്ങിയ നിരാശാജനകമായ ഈ തേടലില്‍ കണ്ടെത്താനാകാത്ത പുത്രനെ ദൈവാലയത്തില്‍ – അവന്‍ ആയിരിക്കേണ്ടടത്ത് – കണ്ടെത്തി. ഇന്ന് പലരും ദൈവമുണ്ടെന്ന് കരുതുന്ന പല സംവിധാന – സാഹചര്യങ്ങളിലും ഈശോയുണ്ടാകണമെന്നില്ല.

ദൈവദാസനായ ഫുള്‍ട്ടണ്‍ ജെ. ഷീനിന്റെ അനുദിന തിരുമണിക്കൂര്‍ ആരാധനയെകുറിച്ച് അദ്ദേഹം പറയുന്നത് ശ്രദ്ധേയമാണ്. “ലോകത്തിന്റെ മലിനവും ദുര്‍ഗന്ധപൂരിതവുമായ അന്തരീക്ഷത്തില്‍ പരിശുദ്ധാത്മാവിന്റെ ജീവശ്വാസം വീശിയെത്തിയ തിരുമണിക്കൂര്‍ ഒരു പ്രാണവായു സംഭരണിപോലെയായി.”

ഈശോയെ കൂടെകൊണ്ട് നടക്കുകയെന്നതും ദൈവത്തെ കുടുംബങ്ങളില്‍ സ്ഥാപിക്കുകയെന്നതും പിതാവിന്റെയും മാതാവിന്റെയും കൂട്ടായ ഉത്തരവാദിത്വമാണ്. അന്തിവരെ എല്ലു നുറുങ്ങി അധ്വാനിക്കുന്ന മാതാപിതാക്കള്‍ കുടുംബത്തില്‍ ദൈവസാന്നിധ്യത്തിന് ഭംഗം വരാതെ കാക്കണം. ഈശോയെ അന്വേഷിച്ച മറിയം – ജോസഫ് ദമ്പതികളെപ്പോലെ, തങ്ങളുടെ മക്കളില്‍ ഈശോയുണ്ടോയെന്ന് മാതാപിതാക്കള്‍ തിരക്കണം. കുട്ടികളുടെ ആധ്യാത്മിക ശിക്ഷണം ഇന്ന് എന്നത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നു.

നമ്മുടെ മക്കള്‍ ഇന്ന് എവിടെയാണെന്ന് നാം തിരക്കണം. വീട്ടില്‍ തങ്ങള്‍ കാണുന്നതിലുപരി സ്വന്തം മക്കളുടെ മോഹകാര്യങ്ങളൊന്നും അന്വേഷിക്കാത്തതും, സമയമില്ലാത്തതുമായ മാതാപിതാക്കള്‍ വലിയ അപകടങ്ങള്‍ ഉണ്ടാക്കും. ഒരിക്കല്‍ മദര്‍ തെരേസ പറഞ്ഞു: “നമ്മുടെ മക്കള്‍ എവിടെയാണ് എന്നതിനെപ്പറ്റി മറിയത്തെപ്പോലെ നാം വ്യഗ്രതയുള്ളവരായിരിക്കണം.” ഈശോ കൂടെയില്ലെന്ന് തിരിച്ചറിയാനും തേടാനുമുള്ള വ്യഗ്രത മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഉണ്ടാകണം.

വിധേയനായി, ജ്ഞാനത്തിലും പ്രായത്തിലും, ദൈവമനുഷ്യപ്രീതിയില്‍ വളര്‍ന്ന ഈശോ. സ്വതന്ത്ര ചിന്താഗതികളുടെ കൊടുമുടികള്‍ രൂപപ്പെടുന്ന ഈ കാലഘട്ടത്തില്‍ അനുസരണത്തിനും വിധേയത്വത്തിനും പ്രാധാന്യമുണ്ടോ? മക്കള്‍ പ്രായത്തിലും, ശരീരവളര്‍ച്ചയിലും മാത്രം ശ്രദ്ധിക്കുമ്പോള്‍ ജ്ഞാനം എന്തുമാത്രം നേടിയെന്ന് ചിന്തിക്കണം. ബുദ്ധിപരമായ വളര്‍ച്ചയല്ല, സഹോദരങ്ങളെ സഹോദരനും, സഹോദരിയുമായി കാണാനുള്ള ദിവ്യപ്രകാശമാണിത്. ഉപഭോഗസംസ്കാരവും സ്വപ്രശസ്തിയും കണ്ണുകളെ അന്ധമാക്കുമ്പോള്‍ തിന്മ ദുര്‍ബലമാക്കാത്ത ജ്ഞാനം വേണം (ജ്ഞാനം 7:30) മനുഷ്യപ്രീതിക്കും, സ്നേഹത്തിനും സൗന്ദര്യത്തിനും മാത്രം വില നല്‍കുന്നവര്‍ ദൈവത്തിന് എന്നെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് ആരായണം. ഈശോയില്ലാതെ യാത്ര ചെയ്ത മേരിയെയും ജോസഫിനെയും താനായിരിക്കുന്ന പിതാവിന്റെ ഭവനത്തിലേയ്ക്ക് ഈശോ ആനയിക്കുമ്പോള്‍ നമ്മുടേതായ പാതകള്‍ വിട്ട് ദൈവം പോകുന്ന പാതകളിലൂടെ നീങ്ങാന്‍ ഈശോ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. നമുക്കും തുടങ്ങാം; ഒരു പുതിയ യാത്ര……

ഫാ. ജോബിന്‍ അഞ്ചുപങ്കില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.