മറിയത്തിന്റെ സൗന്ദര്യം മനുഷ്യസൗന്ദര്യത്തിന്റെ ആദര്‍ശരൂപം

എല്ലാവരെയും ഉള്‍ക്കൊണ്ടവളാണ് പരിശുദ്ധ മറിയം. എല്ലാവര്‍ക്കും വേണ്ടി എല്ലാമായവളാണ് നമ്മുടെ പരിശുദ്ധ മറിയം. അതായത് എല്ലാവരെയും രക്ഷിക്കാന്‍ എല്ലാം ത്യജിച്ച് സ്വയമര്‍പ്പിച്ചവള്‍. അത്ര മഹത്തായ മാതൃത്വത്തിന്റെ പൂര്‍ണ്ണിമയാണ് ഈശോയുടെ അമ്മയായ നമ്മുടെ അമ്മ.

ഇന്ന് വി. അല്‍ഫോന്‍സ് ലിഗോരി പറയുന്ന ഏതാനും കാര്യങ്ങള്‍ അനുസ്മരിക്കുക ഉചിതമെന്നു തോന്നുന്നു.

1. ‘ഭൂമിയില്‍ പിറന്ന മനുഷ്യവ്യക്തികളില്‍ ഏറ്റം സുന്ദരി പരിശുദ്ധ മറിയമാണ്. മറിയത്തിന്റെ സൗന്ദര്യമാണ് മനുഷ്യസൗന്ദര്യത്തിന്റെ ആദര്‍ശരൂപം. കാരണം അവള്‍ ദൈവപുത്രന്റെ അമ്മയാണ്, ദൈവപുത്രന്‍ പരിശുദ്ധനാണ്. പരിശുദ്ധന്റെ ഗര്‍ഭപാത്രമാകേണ്ടവളെ പരിശുദ്ധയായേ ജനിക്കാന്‍ ദൈവം അനുവദിക്കു. അതിനാല്‍ മറിയം പരിശുദ്ധയായി പിറന്നു. പരിപൂര്‍ണ്ണയായി വളര്‍ന്നു. വരപ്രസാദത്തില്‍ മുങ്ങി നിറഞ്ഞു. പരിശുദ്ധിയാണ് യഥാര്‍ത്ഥ സൗന്ദര്യം. മറിയമാണ് ഏറ്റം സുന്ദരി, ദൈവത്തിന്റെ സൗന്ദര്യം മറിയത്തില്‍ പ്രതിഫലിച്ചു. ദൈവപുത്രന്റെ അമ്മയാകുന്നതിലൂടെ മാലോകര്‍ക്കെല്ലാം മാതൃകയും ആദര്‍ശരൂപവുമായി മറിയം മാറി.

2. ‘മറിയത്തിന്റെ സ്ഥാനം സകല സൃഷ്ടികളെക്കാളും വളരെ ഉന്നതമാണ്. കാരണം മറിയം ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവളാണ്. ദൗത്യം വഹിക്കാന്‍ പ്രവാചകരെയും പിതാക്കന്മാരെയും തെരഞ്ഞെടുത്തതിലും ശ്രേഷ്ഠമായ ഒരു തെരഞ്ഞെടുപ്പാണിത്. എന്തെന്നാല്‍ ദൈവത്തെതന്നെ വഹിക്കാനും വളര്‍ത്താനുമാണ് ദൈവത്താല്‍ മറിയം തെരഞ്ഞെടുക്കപ്പെട്ടത്. ഓരോ വ്യക്തിക്കും അവന്‍റെ സ്ഥാനത്തിനനുസരിച്ചുളള വരപ്രസാദം ദൈവമരുളും. മറിയത്തിന്റെ ഈ ഒന്നാംസ്ഥാനത്തിനുതകും വിധം പ്രസാദവരം തമ്പുരാന്‍ നല്‍കി. മാതാവിന്റെ ഈ മഹനീയതയും അതുല്യതയും കേവലം മനുഷ്യരായ നമുക്ക് മനസ്സിലാകുന്നതിലും അപ്പുറത്താണ്. അത്ര ഉന്നതയാണ് മറിയം.

3. ‘സകല വിശുദ്ധരുടെയും വിശുദ്ധി ഒരുമിച്ചു നിര്‍ത്തിയാലും അടുത്തെങ്ങും എത്തിപ്പെടാന്‍ ആവാത്തവിധം അത്രയേറെ പരിശുദ്ധി മറിയത്തിനുണ്ട്. ദൈവം കഴിഞ്ഞാല്‍ പരിശുദ്ധി മറിയത്തിനാണ്. മറ്റു വാക്കുകളില്‍, ദൈവത്തിന്റെ പരിശുദ്ധി മറിയം ഉള്‍ക്കൊണ്ടത്ര സകല വിശുദ്ധരും കൂടി ഒരുമിച്ച് സ്വായത്തമാക്കിയിട്ടില്ലെന്ന് വി. അല്‍ഫോന്‍സ് ലിഗോരി പറയുന്നു.

ഈ ചിന്തകള്‍ മറിയത്തിന്റെ മഹനീയതയെക്കുറിച്ച് അനുഭവവും അവബോധവും നമ്മുടെയുളളില്‍ നിറയ്ക്കട്ടെ. ആദരവോടെയും സ്നേഹത്തോടെയും മറിയത്തിനുമുമ്പില്‍ മുട്ടുകുത്തുവാനും ഈ ദര്‍ശനം നമുക്ക് ത്രാണി നല്‍കും. നമുക്ക് അമ്മയുടെ മുമ്പിലും അമ്മയോടു കൂടിയും ആയിരിക്കാം. അമ്മയിലൂടെ പുത്രനിലേയ്ക്കു വളരാം. അമ്മയുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ച് പുത്രന് നന്ദി പറയാം.

ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.