ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ തുര്‍ക്കിയുടെ നടപടി തെറ്റും അനിസ്ലാമികവുമാണെന്ന് തുറന്നടിച്ച് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി ഷെയിഖ് ഷാവ്ക്കി ഇബ്രാഹിം അല്ലം

ക്രിസ്ത്യന്‍ ദൈവാലയമായ ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ തുര്‍ക്കിയുടെ നടപടി തെറ്റും അനിസ്ലാമികവുമാണെന്ന് തുറന്നടിച്ച് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി ഷെയിഖ് ഷാവ്ക്കി ഇബ്രാഹിം അല്ലം. ഈജിപ്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്രിസ്ത്യന്‍ ദേവാലയവും മുസ്ലീം പള്ളിയാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക നിയമവുമായി ബന്ധപ്പെട്ട ഈജിപ്തിലെ ഉന്നത ഉപദേശക കമ്മിറ്റിയായ ‘ഹൗസ് ഓഫ് ഫത്വ’ ചെയര്‍മാന്‍ കൂടിയാണ് ഗ്രാന്‍ഡ് മുഫ്തി.

ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരില്‍ ഒരാളായ ഗ്രാന്‍ഡ് മുഫ്തി ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന് പൊതുഖജനാവില്‍ നിന്നും കൂടുതല്‍ പണം അനുവദിക്കണമെന്നും, രാഷ്ട്രത്തിന്റെ ദേശീയ ഐക്യത്തിനും പരസ്പര സൗഹാര്‍ദ്ദത്തിനും ഇതാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വരക്ഷക്ക് വേണ്ടിയുള്ള സൈനീക ആക്രമണങ്ങളെ പ്രവാചകന്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും, മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചടക്കുവാനും, സന്യാസിമാരെ കൊലചെയ്യുവാനും പ്രവാചകന്‍ ആവശ്യപ്പെടുന്നില്ലെന്ന് പ്രവാചകന്‍ മുഹമ്മദിന്റെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു. ലോകത്തെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍മാരില്‍ ഒരാളായ ഗ്രാന്‍ഡ് മുഫ്തിയുടെ വാക്കുകള്‍, ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ തുര്‍ക്കിയുടെ നടപടിക്കെതിരെ ഇസ്ലാമിക ലോകത്ത് നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ത്തും എന്നതിന്റെ വ്യക്തമായ സൂചനയായാണ് നിരീക്ഷകര്‍ കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.