ആറാം നൂറ്റാണ്ടിൽ നിർമ്മിച്ച ഹാഗിയ സോഫിയ കത്തീഡ്രൽ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവിൽ തുർക്കി പ്രസിഡന്റ് ഒപ്പ് വച്ചു

ലോക പ്രശസ്ത ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ, മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവിൽ തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒപ്പ് വച്ചു. ഇന്നലെയായിരുന്നു ലോകം ഉറ്റുനോക്കിയ ഈ വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ആയിരത്തി അഞ്ഞൂറോളം വർഷം പഴക്കമുള്ള ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റരുതെന്ന് അന്താരാഷ്ട്രതലത്തിൽ ആവശ്യം ഉയർന്നിരുന്നുവെങ്കിലും തുർക്കി പ്രസിഡന്റ് അതിനെയൊക്കെ തള്ളുകയായിരുന്നു.

പരമോന്നത അഡ്മിനിസ്ട്രേറ്റിവ് കോടതിയായ കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് ആണ് വിധി പ്രഖ്യാപിച്ചത്. മോസ്‌കിലെ മ്യൂസിയമാക്കി മാറ്റിയ 1934-ലെ ക്യാബിനറ്റ് തീരുമാനത്തിന് നിയമസാധുത ഇല്ലെന്നാണ് വിധി.

ആറാം നൂറ്റാണ്ടിൽ (എ.ഡി 537) നിർമ്മിച്ച ഈ കെട്ടിടം കോൺസ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയൻ നിർമ്മിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഇത് നിർമിച്ചത്. ആദ്യകാലത്ത് ഒരു കത്തീഡ്രലായിരുന്നു ഹാഗിയ സോഫിയ. ‘ചർച്ച് ഓഫ് ദ ഹോളി വിസ്‌ഡം’ എന്ന് ഇതറിയപ്പെട്ടിരുന്നു. 1453-ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. പിൽക്കാലത്ത് ഈ കെട്ടിടം ഒരു മ്യൂസിയമാക്കി മാറ്റുകയായിരുന്നു. 1934-ലാണ് ഇതൊരു മ്യൂസിയമാക്കി മാറ്റിയത്. ഇപ്പോൾ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റാണ്.

തുർക്കിയിലെ ഇസ്ലാമിക വിശ്വാസികൾ ഹാഗിയ സോഫിയ മോസ്കാക്കി മാറ്റണമെന്ന് ശക്തമായി വാദിച്ചുകൊണ്ടിരുന്നു. പലപ്പോഴായി നീക്കിവെച്ചിരുന്ന ഈ തീരുമാനം കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗൻ ഭരണത്തിലേറിയതോടെയാണ് വീണ്ടും സജീവമായത്. ഹാഗിയ സോഫിയ മോസ്‌ക് ആക്കി മാറ്റുന്നതിനുള്ള തീരുമാനത്തിനെതിരെ പല രാജ്യങ്ങളും കടുത്ത എതിർപ്പ് അറിയിച്ചുകഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.