നന്ദി ലഭിക്കുന്നില്ലെങ്കിലും കര്‍മം തുടരുക തന്നെ ചെയ്യും! ഘാനയിലെ മിഷനറി അനുഭവങ്ങളുമായി സന്യാസിനിമാര്‍

കീര്‍ത്തി ജേക്കബ്

ക്രിസ്തുവിന്റെ വിളിയ്ക്ക് ജീവിതത്തിലൂടെ പ്രത്യുത്തരം കൊടുത്ത്, ക്രിസ്തുവിനെ പ്രഘോഷിക്കാനായി ത്യാഗത്തിന്റെയും ക്ഷമയുടെയും തീച്ചൂളയിലൂടെ നടന്നുകൊണ്ടിരിക്കുന്ന രണ്ടു മലയാളി സിസ്റ്റർമാരെ പരിചയപ്പെടുന്നത് നല്ലതാണ്. തൃശൂര്‍ രൂപതാംഗങ്ങളും ഹോളിഫാമിലി സഭാംഗങ്ങളുമായ സി. ബിന്‍സി മരിയയും, സി. സോഫി റാഫേലും. ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ ശുശ്രൂഷ ചെയ്യുന്നവര്‍. പത്ത് കുഷ്ഠരോഗികളെ സുഖപ്പെടുത്തിയെങ്കിലും ഒരാള്‍ മാത്രമാണല്ലോ ഈശോയ്ക്ക് നന്ദി പറയാന്‍ തിരിച്ചെത്തിയത്. ഈശോയുടെ പരസ്യജീവിതകാലത്തെ ആ അനുഭവത്തെ ഹൃദയത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് സേവനം ചെയ്യുന്ന ഒരു കൂട്ടം സമര്‍പ്പിതരുടെ പ്രതിനിധികളായി ലൈഫ്‌ഡേയോട് സംസാരിക്കുകയാണ് ഇവര്‍. ഇവരുടെ വാക്കുകളിലൂടെ…

മിഷനറിമാരുടെ സേവനം ധാരാളം ആവശ്യമുള്ള പ്രദേശത്താണ് ഞങ്ങള്‍ 24 സന്ന്യാസിമാര്‍ ശുശ്രൂഷ ചെയ്യുന്നത്. ആറുപേര്‍ വീതമുള്ള നാല് മഠങ്ങളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ആതുരസേവനം, വിദ്യാഭ്യാസം, സോഷ്യല്‍ വര്‍ക്ക് എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖലകള്‍. അവിടെ, അക്കറ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ ആശുപത്രിയിലാണ് ഞങ്ങള്‍ രണ്ടുപേരും ജോലി ചെയ്തിരുന്നത്.

രൂപതയുടെ സ്‌കൂളിലും ഞങ്ങളില്‍ ചിലര്‍ ജോലി ചെയ്യുന്നു. സോഷ്യല്‍ വര്‍ക്കിന്റെ ഭാഗമായി പ്രധാനമായും ഭവനസന്ദര്‍ശനങ്ങളാണ് നടത്താറുള്ളത്. ചില ആളുകള്‍ ബഹുമാനത്തോടെ സ്വീകരിക്കും. ചിലര്‍ ഇരിക്കാന്‍ കസേര പോലും തന്നെന്നു വരില്ല. ചില വീടുകളില്‍ പ്രായമായവര്‍ മാത്രമാവും ഉണ്ടാവുക. അവരുടെ ശുശ്രൂഷകള്‍ പിന്നീട് ഞങ്ങള്‍ ഏറ്റെടുക്കുകയും നല്ല മരണത്തിനായി ഒരുക്കുകയും ചെയ്യും.

വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പഠിക്കാന്‍ ഏതെങ്കിലും കാരണത്താല്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടുമുട്ടിയാല്‍ അവരെ കോണ്‍വന്റില്‍ കൊണ്ടുവന്ന് പഠിപ്പിക്കുകയും സൗജന്യമായി ട്യൂഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. കഷ്ടിച്ച് ഒമ്പത്, പത്ത് ക്ലാസുകള്‍ വരെയൊക്കെയാണ് പൊതുവെ അവിടെ ആളുകള്‍ വിദ്യാഭ്യാസം നടത്തുക. പെണ്‍കുട്ടികളില്‍ നല്ലൊരു ശതമാനം ഈ സമയത്തിനുള്ളില്‍ ഗര്‍ഭിണികളാകും. ചില ക്ലാസുകളില്‍ ചെന്നാല്‍ ഗര്‍ഭിണികളായ കുട്ടികളെ കാണാനാവും.

നമ്മള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ അവര്‍ക്ക് താത്പര്യമാണ്. എന്നാല്‍ ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭാഷയാണ് പ്രധാന വെല്ലുവിളി. ച്യൂയി എന്ന പ്രാദേശിക ഭാഷയാണ് അവിടെ ആളുകള്‍ ഉപയോഗിക്കുന്നത്. എങ്കിലും കുറേയൊക്കെ ഇംഗ്ലീഷ് മനസിലാകും എന്നതുകൊണ്ട് ഇംഗ്ലീഷിലാണ് കൂടുതലും അവരോട് സംസാരിക്കുക.

പുരുഷന്മാരില്‍ പലര്‍ക്കും ഒന്നില്‍ക്കൂടുതല്‍ ഭാര്യമാരുണ്ട്. അത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാല്‍ പലരും അംഗീകരിക്കാറില്ല. ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചാലും അങ്ങനെ തന്നെ. ക്രിസ്ത്യാനികള്‍ തീര്‍ത്തും കുറവാണ് അവിടെ. എങ്കിലും ഞങ്ങളില്‍ നിന്ന് ക്രിസ്തുവിനെയും അവിടുത്തെ പ്രബോധനങ്ങളെയും കുറിച്ച് അറിഞ്ഞ്, മാമ്മോദീസ സ്വീകരിച്ച് തിരികെ എത്തുന്നവരുമുണ്ട്. പ്രോട്ടസ്റ്റന്റ്, പെന്തക്കോസ്ത് വിഭാഗങ്ങളില്‍ പെടുന്നവരാണ് അധികവും. പ്രാര്‍ത്ഥനകള്‍ എന്നാല്‍, അവര്‍ക്ക് മദ്യവും, പാട്ടും ഡാന്‍സും മേളവുമായി ആഘോഷിക്കാനുള്ള അവസരമാണ്.

പ്രെയര്‍ കാമ്പുകളെന്നാണ് ഇത് അറിയപ്പെടുന്നത്. പണപ്പിരിവാണ് ഈ കാമ്പില്‍ നടക്കുന്ന വേറൊരു പ്രവര്‍ത്തനം. അവരുടെ ഇടയിലെ ശവസംസ്‌കാരമാണ് മറ്റൊരു വിചിത്രമായ കാര്യം. വെള്ളി, ശനി ദിവസങ്ങളില്‍ ആഘോഷമായാണ് അവര്‍ മൃതസംസ്‌കാരം നടത്തുക. ചടങ്ങിന് പ്രത്യേക ഡ്രസ് കോഡ് പോലുമുണ്ട്. അടുത്ത ബന്ധുക്കള്‍ ചുവപ്പും അല്ലാത്തവര്‍ കറുപ്പും വസ്ത്രങ്ങള്‍ ധരിക്കും. മരിച്ചടക്ക് ആഘോഷമായി നടത്തുക എന്നത് അഭിമാന പ്രശ്‌നം കൂടിയാണ് അവരെ സംബന്ധിച്ച്. ചടങ്ങ് ആർഭാടമായി നടത്താന്‍ നിലവില്‍ ആവശ്യത്തിന് പണമില്ലെങ്കില്‍ അത്യാവശ്യം പണമുള്ളവര്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. അത് ചിലപ്പോള്‍ മാസങ്ങള്‍ നീളും. പിന്നീട് പണം സമ്പാദിച്ചശേഷം നാട്ടുകാരെ മുഴുവന്‍ ക്ഷണിച്ച് സംസ്‌കാരം നടത്തും. മന്ത്രവാദം പോലുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ സജീവമാണ്. പൊതുവഴികളില്‍ ഇവയുടെ പരസ്യങ്ങള്‍ പോലുമുണ്ട്. ഇന്ത്യയില്‍ നിന്നൊക്കെ ആളുകള്‍ വന്ന് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്.

വഴിയോര കച്ചവടങ്ങളും കൊണ്ടു നടന്നുള്ള വില്‍പ്പനയുമാണ് പ്രദേശത്തെ ആളുകളുടെ പ്രധാന ജോലി. കുട്ടികളും സ്ത്രീകളുമെല്ലാം ഇത് ചെയ്യും. അതുകൊണ്ടു തന്നെ വീടുകളില്‍ രാത്രി മാത്രമാണ് ഭക്ഷണം ഉണ്ടാക്കുക. ബാക്കി സമയങ്ങളില്‍ പുറത്തു നിന്ന് എന്തെങ്കിലുമൊക്കെ കഴിക്കുകയോ കഴിക്കാതിരിക്കുകയോ ഒക്കെ ചെയ്യും.

അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്തും കുറവാണ് അവിടെ. അതേക്കുറിച്ച് ആളുകള്‍ അജ്ഞരാണ് എന്നതാണ് സത്യം. ചെറിയ ചാലുകളിലും കുളങ്ങളിലും നിന്നുമൊക്കെയുള്ള വെള്ളമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ഞങ്ങള്‍ ചെന്ന ശേഷമാണ് നാല് ഗ്രാമങ്ങളില്‍ കുഴല്‍ക്കിണര്‍, പൈപ്പ് വാട്ടര്‍ പോലുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കിയത്. സര്‍ക്കാരിന്റെ കൂടി സഹായത്താലാണ് ഇതെല്ലാം സാധ്യമാക്കിയത്. അതുപോലെ തന്നെ സ്‌കൂളില്‍ പോവാത്ത കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുകയും ജോലിയ്ക്ക് പോവാത്തവര്‍ക്ക് ജോലി നല്‍കുകയും ചെയ്യുന്നുണ്ട്. പരമാവധി നമ്മുടെ തന്നെ സ്ഥാപനങ്ങളില്‍. ഇപ്പോള്‍ ക്ലിനിക്കില്‍ മാത്രം 40 പേര്‍, ഡ്രൈവിംഗ്, ക്ലീനിംഗ് പോലെ വിവിധ ജോലികള്‍ ചെയ്യുന്നുണ്ട്. നഴ്‌സിംഗ് പഠിക്കാന്‍ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി സൗജന്യമായി പഠിപ്പിച്ച്, ജോലിയില്‍ എത്തിക്കുകയും ചെയ്തു വരുന്നു. അതില്‍ അവര്‍ക്ക് നമ്മളോട് നന്ദിയുമുണ്ട്.

പിന്നെ, ഇവിടുത്തെ ഭൂരിഭാഗം ആളുകള്‍ക്കും ഒരു പ്രത്യേകതയുണ്ട്. അവര്‍ക്ക് നമ്മള്‍ എല്ലാം ചെയ്തു കൊടുത്തുകൊണ്ടേയിരിക്കണം. അങ്ങനെയായാല്‍ മാത്രം അവര്‍ നമ്മെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. ഞങ്ങളെപ്പോലെ അവിടെ ചെല്ലുന്നവര്‍ അവര്‍ക്ക് സാമ്പത്തികമായും അല്ലാതെയുള്ള സഹായങ്ങള്‍ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നവരാണ് എന്നാണ് അവര്‍ മനസിലാക്കിയിരിക്കുന്നത്. എപ്പോഴും കിട്ടിക്കൊണ്ടേയിരിക്കണം എന്ന മനോഭാവം. അതും സൗജന്യമായി. മരുന്നായാലും വിദ്യാഭ്യാസമായാലും മറ്റ് അടിസ്ഥാന സൗകര്യങ്ങളായാലും എല്ലാം സൗജന്യമായി ലഭിക്കണം. ആഗ്രഹമുണ്ടെങ്കിലും അതിന് നമുക്ക് നിവൃത്തിയില്ലല്ലോ. അതുകൊണ്ട് ഇന്‍ഷുറന്‍സ് പോലുള്ള സര്‍ക്കാരിന്റെ സേവനങ്ങള്‍ ഇവരിലേയ്ക്ക് എത്തിച്ചു കൊടുക്കുക എന്നതാണ് ഞങ്ങളുടെ മറ്റൊരു ശുശ്രൂഷ. പക്ഷേ, അതാകട്ടെ, ഏറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യവുമാണ്. കാരണം, അവിടെയും സര്‍ക്കാര്‍ അധികാരികളില്‍ നിന്ന് എന്തെങ്കിലും നേടിയെടുക്കുക എന്നത് ഭഗീരഥപ്രയത്‌നം തന്നെയാണ്. അവര്‍ക്കാകട്ടെ, സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ട വിധത്തെക്കുറിച്ച് തീരെ അറിവുമില്ല.

ഇതെല്ലാം സ്വീകരിച്ചു കഴിഞ്ഞ് നമ്മളെ അവഗണിക്കുന്നവരും അവരുടെ കൂട്ടത്തില്‍ ഉണ്ട് എന്നത് മറ്റൊരു ദുഖ സത്യമാണ്. വേണ്ടതെല്ലാം സ്വീകരിച്ചു കഴിഞ്ഞ്, നമ്മളോട് മറുതലിക്കുന്നവര്‍! അനുസരണക്കേട്, മോഷണം പോലുള്ള തെറ്റുകളും ഈ അവഗണനയുടെ ഭാഗമായി ചിലരുടെ ഭാഗത്തു നിന്ന് ഉണ്ടാവാറുണ്ട്. എന്നാല്‍ അവരോടും യാതൊരു പരാതിയുമില്ല. വിളിച്ചവനോടുള്ള വിശ്വസ്തത അണയാതെ സൂക്ഷിക്കാനുള്ള ഓട്ടത്തിലാണ് ഞങ്ങള്‍. ഞങ്ങളെ ആവശ്യമുള്ളവര്‍ വേറെയുമുണ്ട്. അതിനിടയില്‍ അവഗണിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും പുച്ഛിക്കുന്നവരെയും ശ്രദ്ധിക്കാന്‍ സമയമില്ല. ഞങ്ങള്‍ക്കുള്ള പ്രതിഫലം നാഥന്റെ കൈകളിലാണല്ലോ – സി. സോഫിയും സി. ബിന്‍സിയും പറഞ്ഞു നിര്‍ത്തുന്നു.

ഈ സമര്‍പ്പിതരുടെ വാക്കുകളില്‍ നിന്ന് മനസിലാക്കേണ്ടതും അവര്‍ ആവര്‍ത്തിച്ചു പറയുന്നതും ഇതാണ്, “അത്മായരോ, സന്ന്യസ്തരോ വൈദികരോ, നാം ആരുമായിക്കൊള്ളട്ടെ, നമ്മെ ആവശ്യമുള്ള, നമ്മുടെ സേവനവും സഹായവും സാമീപ്യവും പോലും ആവശ്യമുള്ള ധാരാളം സ്ഥലങ്ങളുണ്ട്, കുറേ മനുഷ്യരുണ്ട്’. അതുകൊണ്ട് വിളിയും ജീവിതാവസ്ഥയും ഏതുമാകട്ടെ, തന്നേക്കാള്‍ താഴ്ന്നവനെക്കൂടി കൈപിടിച്ച് നടത്താന്‍ സന്നദ്ധരാവണം, അതുവഴി സുവിശേഷത്തിന് സാക്ഷികളായി മാറണം.”

കീർത്തി ജേക്കബ്