മിഖായേലിന്റെ മാലാഖ – ഒരു മലയാളി അച്ചന്‍ ആഫ്രിക്കക്കാരനെ മാനസാന്തരപ്പെടുത്തിയ കഥ

പതിവുപോലെ എല്ലാ ബുധനാഴ്ചകളിലും ചേരികളിലെ വീടു സന്ദർശനത്തിനു ഇറങ്ങിയതായിരുന്നു ഫാ. സെബാസ്റ്റ്യന്‍ വടക്കേടത്ത് എന്ന ലിജീഷ്അച്ചന്‍. സ്ഥലം അങ്ങ് ആഫ്രിക്കയിലെ ടാൻസാനിയയില്‍ ആണ്. ക്രിസ്ത്യാനികളും മുസ്ലീങ്ങളുo പേഗൻസും എല്ലാം ഉള്ള രാജ്യമാണ് ടാൻസാനിയ. ലൈഫ് ഡേ യുമായി തന്റെ ആഫ്രിക്കന്‍ അനുഭവങ്ങള്‍ പങ്കുവച്ചപ്പോഴാണ് മിഖായേല്‍ എന്ന യുവാവിന്റെ മാനസാന്തരം അച്ചന്‍ വിവരിച്ചത്.

വീടു സന്ദർശനത്തിനു ഇടയിലാണ് കുറെ യുവജനങ്ങൾ പാട്ടും കൂത്തുമായി വഴിയരികിൽ ഇരിക്കുന്നത് കണ്ടത്. അതിലൊരു പയ്യൻ നന്നായിട്ടു പാടുന്നതും അവൻ കൊന്ത ധരിച്ചിരിക്കുന്നതും അച്ചന്റെ ശ്രദ്ധയിൽ പെട്ടു. അവൻ കത്തോലിക്കനാണെന്ന് അച്ചനു തോന്നി. അവരെക്കുറിച്ച് പിന്നീട് അന്വഷിച്ചപ്പോഴാണ് അറിഞ്ഞത് മദ്യവും മയക്കുമരുന്നും മോഷണവുമായി കഴിയുന്നവരാണെന്ന്!

പിന്നീട് തന്റെ ഇടവകയിൽ യുവജനങ്ങളുടെ ഗായക സംഘം രൂപീകരിക്കുന്നതിനിടയിലാണ് അച്ചൻ ആ പയ്യനെക്കുറിച്ച് ഓർത്തത്. അവൻ നന്നായി പാടിയിരുന്നു എന്നതാണ് ഓര്‍ക്കാന്‍ കാരണം. പേര് മിഖായേല്‍. അവനെക്കുറിച്ച് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല പിന്നീടാണ് അറിഞ്ഞത് അവൻ ജയിലിലാണെന്ന്. വൈദികർ എപ്പോഴും ജയിൽ സന്ദർശനം നടത്തുന്നതു കൊണ്ടും പോലീസുദ്യേഗസ്ഥരെ പരിചയമുള്ളതു കൊണ്ടും അവനെ ജയിലിൽ സന്ദർശിക്കാൻ എളുപ്പം സാധിച്ചു. അവനോട് സംസാരിച്ചപ്പോഴാണ് അറിഞ്ഞത് അവന്റെ പേര് മൈക്കിൾ എന്നാണെന്നും അവൻ അനാഥനാണെന്നും.

അവൻ അച്ചന്റെ മുമ്പിൽ പൊട്ടി കരഞ്ഞുകൊണ്ടു പറഞ്ഞു: “അവസരം തന്നാൽ നന്നായി കൊള്ളാ”മെന്ന്. അങ്ങനെ അച്ചന്റെ ഉറപ്പിൻമേൽ അവനെ പുറത്തു കൊണ്ടുവന്നു. അധികം വൈകാതെ ഡോൺ ബോസ്കോ അച്ചൻമാർ നടത്തുന്ന ഇന്‍സ്റ്റിട്ട്യുട്ടില്‍  ഇലക്ട്രീഷ്യൻ കോഴ്സിനു ചേർത്തു. അങ്ങനെ അവൻ പതിവായി പള്ളിയിൽ വരാൻ തുടങ്ങി; ആദ്യ കുർബ്ബാനയുo സ്ഥൈര്യലേപനവും സ്വീകരിച്ചു.

അങ്ങനെയിരിക്കെ ആണ് അച്ചൻ പാവങ്ങളെ സഹായിക്കുവാൻ വേണ്ടി സ്വാഹിലി ഭാഷയിൽ ഒരു ഭക്തിഗാനസിഡി ഇറക്കാൻ തീരുമാനിച്ചത്. അതിനായി പലരും സഹായിച്ചു. അച്ചൻ എഴുതിയ ഗാനങ്ങൾക്ക് ഈണം നൽകാൻ ഏൽപിച്ചത് മിഖായേലിനെ ആണ്. അത് അവന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു.

അന്ന് അച്ചന്റെ മുമ്പിൽ മുട്ടുകുത്തി അവൻ പറഞ്ഞു “ലോകത്തിന്റെ ഗാനങ്ങൾ ആലപിച്ചിരുന്ന ഞാൻ ഇന്നു മുതൽ ദൈവത്തിന്റെ ഗാനങ്ങൾ ആലപിക്കാൻ തുടങ്ങകയാണ്”. അങ്ങനെ മിഖായേലിനെ നല്ല വാര്‍ത്ത‍ അറിയിച്ച മാലാഖ ആയി അച്ചന്‍ മാറി.

അങ്ങനെ Mungu ni mwema… God is good ‘ദൈവം നല്ലവനാണ്’ എന്ന ആൽബം പുറത്തിറങ്ങി. അതിലെ അഞ്ച് ഗാനങ്ങൾ ആലപിച്ചതും മ്യൂസിക്‌ ചെയ്തതും മിഖായേൽ ആണ്. ഇതിനിടയിൽ അവൻ ഇലക്ട്രീഷ്യൽ കോഴ്സ് പൂർത്തിയാക്കി സർക്കാർ ജോലിയിൽ പ്രവേശിച്ചു. മദ്യവും മയക്കുമരുന്നും ഉപേക്ഷിച്ച് ഇടവകയിലെ നല്ല ഒരു സജീവ പ്രവർത്തകനായി മാറി അതോടൊപ്പം ദൈവത്തിന്റെ കരസ്പർശമുള്ള ഒരു സംഗീതജ്ഞനും.

വി. തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ടാൻസാനിയയിലെ ആദ്യത്തെ ഇടവകയിലാണ് ഫാ. സെബാസ്റ്റ്യന്‍ വടക്കേടത്ത് അഞ്ച് വർഷമായി വികാരിയായി സേവനം അനുഷ്ഠിക്കുന്നത്. അവിടെവച്ചാണ്‌ മിഖായേലിനെ നല്ല വാര്‍ത്ത‍ അറിയിച്ച മാലാഖ ആയി അച്ചന്‍ മാറുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.