അപൂര്‍ണ്ണരായ ആളുകളെ ദൈവം തനിക്കായി ഉപയോഗിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

അപൂര്‍ണ്ണമായ സാഹചര്യങ്ങളിലും വ്യക്തികളിലും ദൈവം പ്രവര്‍ത്തിക്കുന്നു. അത് അവരെ വിശുദ്ധിയില്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ. ബള്‍ഗേറിയയിലെ കത്തോലിക്കര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം ഓര്‍മ്മിപ്പിച്ചത്.

ഒരാള്‍ നല്ലവനാകുന്നതു വരെയോ മനസ് ശരിയായി രൂപപ്പെടുന്നതു വരെയോ ദൈവം കാത്തിരിക്കുന്നില്ല. മറിച്ച്, അവരെ അവിടുത്തേയ്ക്കായി രൂപപ്പെടുത്തുന്നു. പ്രശ്‌നങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരുമായി സംവദിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല. അവിടുന്ന് എല്ലാ പാപങ്ങളും ദുഃഖങ്ങളും ക്ഷമിക്കുകയും സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കുവാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പാപ്പാ വ്യക്തമാക്കി.

ദൈവം നമുക്കായി അവസരങ്ങള്‍ ഒരുക്കിത്തരുന്നു. ഓരോ ദിവസവും ദൈവത്തോടുള്ള സ്‌നേഹത്തില്‍ ആഴപ്പെടുവാനും പുതിയ മനുഷ്യരായി രൂപപ്പെടുവാനും അവിടുന്ന് നമ്മെ ക്ഷണിക്കുന്നു. ഒരോ ദിവസവും തുടങ്ങുമ്പോള്‍ നാം എവിടെയാണെന്ന് അറിയുവാന്‍ ദൈവം നമ്മെ തേടിയെത്തുന്നുണ്ട്. സ്‌നേഹമാണ് അവിടുത്തെ ഭാഷ. നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന ചോദ്യത്തിലൂടെ പത്രോസിനോടും നമ്മോടും ഈശോ ചോദിക്കുന്നത്, അവിടുത്തെ സ്‌നേഹിക്കുവാന്‍ നാം തയ്യാറാണോ എന്നാണ്. പാപ്പാ ഓര്‍മ്മിപ്പിച്ചു.

ബള്‍ഗേറിയയിലെ സോഫിയയില്‍ പാപ്പാ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഏകദേശം 7000-ത്തോളം ആളുകള്‍ പങ്കെടുത്തു.