ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓരോ വര്‍ഷവും 16 % വര്‍ദ്ധനവാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഉണ്ടാകുന്നത്. അമേരിക്കയിലെ ‘എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ നടത്തിയ ഗവേഷണത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

അമേരിക്കയിലെ ക്രിസ്ത്യാനികളുടെ ഇടയില്‍ ആശങ്ക വളര്‍ത്തുവാന്‍ ഇന്നത്തെ ആക്രമണങ്ങള്‍ ഇടയാക്കുന്നു. 40 % ആളുകള്‍ മുന്‍വര്‍ഷങ്ങളില്‍ ക്രിസ്ത്യന്‍ പീഡനങ്ങളെക്കുറിച്ച് ആശങ്ക പുലര്‍ത്തിയിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 46 % ആയി ഉയര്‍ന്നു. 56 % ആളുകള്‍ ലോകത്തെ മുഴുവന്‍ ക്രിസ്ത്യാനികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നുമുള്ള ആവശ്യം പ്രകടിപ്പിച്ചു.

എന്നാല്‍, ക്രിസ്ത്യന്‍ പീഡനങ്ങളോടൊപ്പം തന്നെ ശ്രദ്ധ പതിയേണ്ടതും അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടതുമായ മേഖലകളാണ് മനുഷ്യക്കടത്ത്, ദാരിദ്ര്യം, അഭയാര്‍ത്ഥി പ്രതിസന്ധി എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ക്രിസ്ത്യന്‍ പീഡനങ്ങള്‍ കുറയ്ക്കുവാന്‍ പാപ്പായ്ക്ക് കഴിയും എന്ന് 56 % ആളുകളും വിശ്വസിക്കുന്നു. സഭയില്‍ വിശ്വാസത്തെപ്രതി കൊല്ലപ്പെടുന്നവര്‍ക്കായി ഈ മാസം പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കുവാനുള്ള പാപ്പായുടെ തീരുമാനം ഇവരെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ 14 % ആളുകള്‍ പാപ്പായ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്ന ഉറപ്പില്ലാത്തവരാണ്.