പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 2 – വി. ലീനസ് (10-76)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

പത്രോസിന്റെ പിൻഗാമിയും രണ്ടാമത്തെ മാർപാപ്പയുമാണ് ലീനസ്. ചരിത്രപരമായ വളരെ വിരളമായ വിവരങ്ങളെ നമുക്ക് ലീനസ് മാർപാപ്പയെക്കുറിച്ച് ലഭ്യമായിട്ടുള്ളൂ. പൗലോസ് ശ്ലീഹ തിമോത്തിക്കെഴുതിയ രണ്ടാം ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ലീനസ് (2 തിമോ. 4:21) ഇദ്ദേഹമാണെന്ന് വി. ഇരനേയൂസ് പറയുന്നു. അദ്ദേഹം എഴുതുന്നു: “വിശുദ്ധ അപ്പസ്തോലന്മാർ (റോമിലെ) സഭ സ്ഥാപിച്ച് ക്രമീകരിച്ചതിനുശേഷം അതിന്റെ ഭരണനിർവ്വഹണം ലീനസിനെ ഏൽപ്പിക്കുന്നു. ഈ ലീനസിനെക്കുറിച്ചാണ് വി. പൗലോസ്, തിമോത്തിക്കെഴുതിയ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിൻഗാമിയാണ് അനാക്‌ളീറ്റസ്” (Against Heresies III.3.3). ഇന്ന് പല സഭാചരിത്രകാരന്മാരും പറയുന്നത് പേരിലെ സാമ്യം കൊണ്ട് അങ്ങനെയൊരു നിഗമനത്തിൽ എത്തിയതാകാം എന്നാണ്. എന്നാൽ അപ്പസ്തോലന്മാരുടെ മരണശേഷം റോമിലെ വിശ്വാസ സമൂഹത്തിന് വി. ലീനസ് നേതൃത്വം നൽകിയെന്നത് തർക്കമറ്റ വസ്തുതയാണ്.

സഭാചരിത്രകാരനായ എവുസേബിയോസ് പറയുന്നത് ലീനസ് മാർപാപ്പ പന്ത്രണ്ടു വർഷം സഭയെ നയിച്ചു എന്നാണ്. പത്രോസ് മുതൽ ലിബേറിയസ് (310-366) വരെയുള്ള ആദ്യകാല മാർപാപ്പാമാരുടെ ചരിത്രം വിവരിക്കുന്ന ‘ലൈബീരിയൻ കാറ്റലോഗിൽ’ പറയുന്നതും ഇതു തന്നെയാണ്. മാർപാപ്പയെ കർദ്ദിനാളന്മാർ തിരഞ്ഞെടുക്കുന്ന രീതി 1056 മുതലാണ് ആരംഭിക്കുന്നത്. മാത്രമല്ല സഭയുടെ ആരംഭ കാലഘട്ടങ്ങളിൽ റോമിലെ സഭയെ നയിക്കുക എന്നതായിരുന്നു മാർപാപ്പയുടെ സുപ്രധാന ദൗത്യം. ഇവരെ തിരഞ്ഞെടുത്തിരുന്നത് റോമിലെ വൈദികരും ജനങ്ങളും ചേർന്നായിരുന്നു. ഇന്നും റോമൻ രൂപതയുടെ നേരിട്ടുള്ള നേതൃത്വം മാർപാപ്പയിൽ ഉണ്ടെങ്കിലും ആഗോളസഭയുടെ അദ്ധ്യക്ഷൻ എന്ന ദൗത്യത്തിന്റെ അടിസ്ഥാനത്തിലാണ് മാർപാപ്പയുടെ പദവിയെ ലോകം നോക്കിക്കാണുന്നത്.

‘ലൈബീരിയൻ കാറ്റലോഗിൽ’ പറയുന്നത് വി. ലീനസ് ഇറ്റലിയിലെ ടസ്കണിയിൽ നിന്നുള്ള ഹെർക്കുലാനുസിന്റെ മകനായിരുന്നു എന്നാണ്. ഇദ്ദേഹം രക്തസാക്ഷി ആയി എന്ന് ചില ചരിത്രരേഖകളിൽ കാണുന്നെങ്കിലും നീറോയ്ക്കു ശേഷം ഡോമീഷ്യൻ വരെയുള്ള കാലഘട്ടത്തിൽ റോമൻ സഭ പീഢിപ്പിക്കപ്പെട്ടിരുന്നതായി എങ്ങും പറയുന്നില്ലാത്തതിനാൽ ലീനസ് രക്തസാക്ഷിയായല്ല മരിച്ചതെന്ന് പറയുന്നവരുമുണ്ട്. 1615-ൽ ഇപ്പോഴത്തെ പത്രോസിന്റെ ബസിലിക്കയുടെ പണി നടക്കുന്ന സമയത്ത് കണ്ടെത്തിയ ഒരു പ്രാചീന കല്ലറയിൽ ലീനസ് എന്ന നാമം ആലേഖനം ചെയ്തിരിക്കുന്നതിൽ നിന്നും പത്രോസിന്റെ ശവകുടീരത്തിനടുത്ത് വി. ലീനസിനെയും അടക്കം ചെയ്തു എന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ മറ്റു പല പേരുകളും കണ്ടെത്തിയതിനാൽ അത് ലീനസിന്റെ കല്ലറ അല്ലെന്ന് വാദിക്കുന്നവരും ധാരാളം. സഭ സെപ്റ്റംബർ 23-ന് വി. ലീനസിന്റെ തിരുന്നാൾ ആഘോഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.