പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 97 – സ്റ്റീഫൻ IV (770-817)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 816 ജൂൺ 22 മുതൽ 817 ജനുവരി 24 വരെ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് സ്റ്റീഫൻ നാലാമൻ. റോമിലെ ഒരു പ്രഭുവായിരുന്ന മൗറീനൂസിന്റെ മകനായി എ.ഡി. 770 -ൽ സ്റ്റീഫൻ ജനിച്ചു. സ്റ്റീഫൻ മാർപാപ്പയുടെ മുൻഗാമികളായിരുന്ന സെർജിയൂസ് രണ്ടാമനും അഡ്രിയാൻ രണ്ടാമനും ഈ കുടുംബത്തിലെ അംഗങ്ങളായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ ലാറ്ററൻ അരമനയിൽ അദ്ദേഹം പഠനത്തിനായി ചേരുകയും ലിയോ മൂന്നാമൻ മാർപാപ്പ സ്റ്റീഫാനെ ഒരു ഡീക്കനായി വാഴിക്കുകയും ചെയ്തു. ലിയോ മാർപാപ്പയുടെ മരണശേഷം ജനങ്ങൾക്ക് ഏറ്റം പ്രിയപ്പെട്ടവൻ എന്ന നിലയിലാണ് സ്റ്റീഫൻ മാർപാപ്പ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

അധികാരമേറ്റയുടൻ തന്നെ ഫ്രാങ്കിഷ്‌ ചക്രവർത്തി ലൂയിസിന് മാർപാപ്പ വിശദമായ ഒരു കത്തയച്ചു. ഇതിൽ റോമൻ നിവാസികളുടെ വിധേയത്വം പ്രഖ്യാപിക്കുകയും ചക്രവർത്തിയുടെ സൗകര്യമനുസരിച്ച് ഒരു കൂടിക്കാഴ്ചയ്ക്ക് ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ രാജാവ് മാർപാപ്പയെ ഫ്രാൻസിലേക്ക് ക്ഷണിക്കുകയും അദ്ദേഹത്തെ അനുയാത്ര ചെയ്യാൻ തന്റെ ബന്ധുവായ ഇറ്റലിയിലെ ബെർണാഡ് രാജാവിനെ നിയോഗിക്കുകയും ചെയ്തു. അങ്ങനെ ഫ്രാൻസിലെ റൈമ്സ് എന്ന പട്ടണത്തിൽ വച്ച് അവരുടെ കൂടിക്കാഴ്ച നടന്നു. 816 ഒക്ടോബർ 5 -ന് റൈമ്സിലെ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന മദ്ധ്യേ സ്റ്റീഫൻ മാർപാപ്പ ലൂയിസിനെ ചക്രവർത്തിയായി അഭിഷേകം ചെയ്തു. കോൺസ്റ്റന്റീൻ ചക്രവർത്തി ഉപയോഗിച്ചുവെന്നു പറയപ്പെടുന്ന കിരീടമാണ് ഈ അവസരത്തിൽ ചക്രവർത്തിയുടെ ശിരസ്സിൽ മാർപാപ്പ അണിയിക്കുന്നത്.

സഭയും ഫ്രാങ്കിഷ്‌ ചക്രവർത്തിമാരുമായുള്ള ബന്ധം ഈ പ്രവൃത്തികളിലൂടെ കൂടുതൽ ശക്തമാവുകയും ചക്രവർത്തി സഭയുടെ പ്രവർത്തനങ്ങളെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു. മാത്രമല്ല, മാർപാപ്പ ചക്രവർത്തിയുടെ കിരീടധാരണം നടത്തുന്നതോടെ അന്നുവരെ ഉണ്ടായിരുന്ന വലിയൊരു പാരമ്പര്യം മാറുന്നു. ഇതുവരെ മാർപാപ്പാമാരുടെ തിരഞ്ഞെടുപ്പിന് ബൈസന്റൈൻ ചക്രവർത്തിയുടെ അംഗീകാരം ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഫ്രാങ്കിഷ്‌ ചക്രവർത്തിമാരുടെ തിരഞ്ഞെടുപ്പിന് മാർപാപ്പയുടെ അംഗീകാരവും ആശീർവാദവും വേണമെന്ന പുതിയ പാരമ്പര്യം ഉടലെടുക്കുന്നു. ലൂയിസ് ചക്രവർത്തി തന്റെ പിതാവ് ഷാർളമൈൻ തടവിലാക്കിയ റോമൻ പട്ടാളക്കാരെ മാർപാപ്പയുടെ അഭ്യർത്ഥന മാനിച്ചു വിട്ടയക്കുകയും ചെയ്യുന്നു. ഇതു കൂടാതെ, ഫ്രാൻസിലെ സഭയെ ശക്തിപ്പെടുത്തുന്നതിനായി ആശ്രമങ്ങൾക്കും സന്യാസിനീ ഭവനങ്ങൾക്കും പുതിയ ചില നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. തന്റെ വിജയകരമായ യാത്രക്കു ശേഷം റോമിൽ തിരികയെത്തിയ മാർപാപ്പ എ.ഡി. 817 ജനുവരിയിൽ കാലം ചെയ്തു. സ്റ്റീഫൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.