പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 84 – വി. സെർജിയൂസ് I (650-701)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 687 ഡിസംബർ 15 മുതൽ 701 സെപ്റ്റംബർ 8 വരെ ആഗോള കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷനായിരുന്ന മാർപാപ്പയാണ് വി. സെർജിയൂസ് ഒന്നാമൻ. സിസിലിയിലെ പലെർമോയിൽ അഭയാർത്ഥികളായെത്തിയ അന്ത്യോഖ്യൻ സുറിയാനി കുടുംബത്തിലാണ് സെർജിയൂസ് മാർപാപ്പയുടെ ജനനം. പിന്നീട് അദയോദാത്തൂസ് രണ്ടാമൻ മാർപാപ്പയുടെ കാലത്ത് റോമിൽ വൈദികശുശ്രൂഷകളിൽ ഏർപ്പെട്ട സെർജിയൂസിനെ ലിയോ രണ്ടാമൻ മാർപാപ്പയാണ് സാന്താ സൂസന്നായിലെ കർദ്ദിനാളായി നിയമിക്കുന്നത്.

കോണൻ മാർപാപ്പ രോഗബാധിതനായി മരിക്കുമ്പോൾ പാസ്‌കാൽ എന്ന പുരോഹിതനെയും തിയഡോർ എന്ന പുരോഹിതനെയും പിന്തുണയ്ക്കുന്ന രണ്ടു വിഭാഗങ്ങൾ ലാറ്ററൻ അരമന കൈയ്യടക്കി. ഈ അവസരത്തിൽ എല്ലാവർക്കും സ്വീകാര്യനായ വ്യക്തിയെന്ന നിലയിൽ സെർജിയൂസിനെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ വാസെക്സ് രാജാവായ കാഡ്വല്ലയ്ക്ക് എ.ഡി. 689 -ൽ റോമിൽ വച്ച് മാർപാപ്പ മാമ്മോദീസ നൽകി. പിന്നീട് റോമിൽ വച്ച് രാജാവ് മരിക്കുകയും വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കപ്പെടുകയും ചെയ്തു. ജർമ്മനിയിലെ ഫ്രിസിയാന്യരുടെ ബിഷപ്പായി വില്ലിബ്രോർഡിനെ വാഴിച്ചുവെന്നും ചില ചരിത്രരേഖകൾ പറയുന്നു. കൂടാതെ, ഇക്കാലയളവിൽ കാന്റൻബറിയിലെ ആർച്ചുബിഷപ്പായിരുന്ന ബർത്ത്വാൾഡ് റോമിലെത്തി മാർപാപ്പയിൽ നിന്നും പാലിയം സ്വീകരിക്കുന്നു.

ജസ്റ്റീനിയൻ രണ്ടാമൻ ചക്രവർത്തിയുടെ സഭാവിരുദ്ധനയങ്ങളെ എതിർത്ത മാർപാപ്പ എന്ന നിലയിലാണ് അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത്. ഇറ്റലിയിലെ റെവെന്നായിലെ ആർച്ചുബിഷപ്പിനെ വാഴിക്കുന്ന ചുമതല മാർപാപ്പ ഏറ്റെടുത്തു. വൈദികരുടെ പരിശീലനവുമായി ബന്ധപ്പെട്ട്‌ കോൺസ്റ്റാന്റിനോപ്പിളിലെ നയങ്ങൾ പിന്തുടരണമെന്ന് ചക്രവർത്തി നിർബന്ധം പിടിച്ചു. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസിന്റെ സ്ഥാനം മാർപാപ്പയുടേതിന് തുല്യമാക്കിയതിനെ അംഗീകരിക്കാൻ സാധിക്കില്ല എന്നും മാർപാപ്പ പ്രഖ്യാപിച്ചു. തന്റെ ആജ്ഞകൾ അനുസരിപ്പിക്കാൻ ചക്രവർത്തി റോമിലേക്ക് തന്റെ അംഗരക്ഷകരെ തന്നെ അയയ്ക്കുന്നു. എന്നാൽ മാർപാപ്പയെ അറസ്റ്റ് ചെയ്ത് കോൺസ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ റെവെന്നായിലെ ഉൾപ്പെടെയുള്ള സൈന്യം എതിർത്തു. അവസാനം കോൺസ്റ്റാന്റിനോപ്പിളിൽ നിന്നും വന്ന പടയാളികൾക്ക് തങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് മാർപാപ്പയുടെ സഹായം വേണ്ടിവന്നു. സെർജിയൂസ് മാർപാപ്പ വി. കുർബാനയിൽ “അഞ്ഞൂസ് ദേയി” (ദൈവത്തിന്റെ കുഞ്ഞാട്) എന്ന പ്രാർത്ഥന ഉൾപ്പെടുത്തുകയും മാതാവിന്റെ നാമത്തിലുള്ള നാല് തിരുനാളുകൾക്ക് പ്രദക്ഷിണം ആരംഭിക്കുകയും ചെയ്തു. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയ മാർപാപ്പയുടെ തിരുനാൾ സെപ്റ്റംബർ 8 -നാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.