പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 60 – പെലാജിയൂസ് (500-561)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 556 മുതൽ 561വരെ സഭയുടെ അദ്ധ്യക്ഷനായിരുന്നു പെലാജിയൂസ് മാർപാപ്പ. റോമിലെ ഒരു പ്രഭുകുടുംബത്തിൽ എ.ഡി. 500-ൽ ജനിച്ച പെലാജിയൂസിന്റെ പിതാവായ ജോൺ, ഇറ്റലിയിലെ രണ്ടു ജില്ലകളുടെ ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു. റോമിലെ വിവിധ സ്ഥലങ്ങളിൽ ദേവാലയ ജോലികളിൽ സഹായിക്കുകയും ആദ്യകാലങ്ങളിൽ അവിടുത്തെ ഡീക്കനായി പ്രവൃത്തിക്കുകയും ചെയ്ത ആളാണ് പെലാജിയൂസ്.

അഗാപേത്തൂസ് മാർപാപ്പയുടെ കൂടെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് പോയ ഔദ്യോഗികസംഘത്തിലെ അംഗമായിരുന്ന പെലാജിയൂസിനെ റോമിന്റെ അവിടുത്തെ പ്രതിനിധിയായി നിയമിക്കുന്നു. അതിനാൽ തന്നെ ജസ്റ്റീനിയൻ ചക്രവർത്തിയുമായി അദ്ദേഹത്തിന് നല്ല ബന്ധം ഉണ്ടാക്കുന്നതിന് സാധിച്ചു. എ.ഡി. 545-ൽ അദ്ദേഹം റോമിൽ തിരികെയെത്തി. ഈ സമയത്ത് റോമിൽ രാഷ്ട്രീയമായ വലിയ അസ്ഥിരതയുടെ കാലമായിരുന്നു. ഗോത്തിക്ക് രാജാവായിരുന്ന തോത്തില്ല ഈ സമയത്ത് റോമിനെ ഉപരോധിക്കുകയും അത് വലിയ കഷ്ടപ്പാടുകൾ റോമൻ നിവാസികൾക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. പെലാജിയൂസ് തന്റെ എല്ലാ സമ്പത്തും ആളുകളുടെ പട്ടിണിയകറ്റുന്നതിനായി ഉപയോഗിച്ചു. രാജാവിനെ സമീപിച്ച് ഒരു താല്‍ക്കാലിക വെടിനിർത്തലിന് പ്രേരിപ്പിച്ചു. 546-ൽ തോത്തില്ല റോം കീഴടക്കിയപ്പോൾ റോമിലുള്ളവരെ കൂട്ടക്കൊല ചെയ്യാതിരുന്നതിന് പ്രത്യുപകാരമായി പെലാജിയൂസ് കോൺസ്റ്റാന്റിനോപ്പിളിൽ ചെന്ന് ജസ്റ്റീനിയൻ ചക്രവർത്തിയോട് സമാധാനത്തിനായി അഭ്യർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ദൗത്യവുമായി അവിടെയെത്തിയ പെലാജിയൂസിനെ ഇറ്റലിയുടെ ചുമതല സൈന്യാധിപൻ ബലിസാരിയൂസിനാണെന്ന് പറഞ്ഞു ചക്രവർത്തി തിരികെ അയച്ചു.

ആദ്യകാലങ്ങളിൽ പൗരസ്ത്യ റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തി ആയിരുന്ന ജസ്റ്റീനിയൻ ഒന്നാമന്റെ പ്രതിനിധി ആയിട്ടാണ് റോമിലുള്ളവർ അദ്ദേഹത്തെ കണ്ടത്. ഈ നിലയിൽ അദ്ദേഹത്തിന് റോമിലെ വൈദികരുടെ ഇടയിൽ വലിയ അംഗീകാരം ലഭിച്ചില്ല. എന്നാൽ തന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി ചെയ്യാൻ പരിശ്രമിച്ചുകൊണ്ടാണ് ഈ എതിർപ്പിനെ അദ്ദേഹം കൈകാര്യം ചെയ്തത്. അതിനേക്കാൾ ഉപരിയായി പാവപ്പെട്ടവരെ സഹായിക്കാൻ എപ്പോഴും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. കൂടാതെ യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ചവരെ നേരിട്ട് ചെന്ന് സഹായിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. “പാവങ്ങളുടെ പിതാവ്” എന്നാണ് അദ്ദേഹത്തെ ജനങ്ങൾ വിളിച്ചിരുന്നത്. അപ്പോസ്തോലന്മാരുടെ നാമത്തിൽ അറിയപ്പെടുന്ന റോമിലെ സാന്തി അപ്പോസ്‌തോലി എന്ന മൈനർ ബസിലിക്ക നിർമ്മിച്ചതും പെലാജിയൂസ് മാർപാപ്പയാണ്. 561 മാർച്ച് 4-ന് കാലം ചെയ്ത അദ്ദേഹത്തെ അടക്കിയിരിക്കുന്നത് വത്തിക്കാനിലെ വി. പത്രോസിന്റെ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.